Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടർച്ചയായ അണുബോംബ് പരീക്ഷണങ്ങൾ കൊറിയൻ മേഖലയെ തകർക്കും: വിദഗ്ധർ

North Korea ഉത്തര കൊറിയ സ്ഥിരമായി ആണവ പരീക്ഷണങ്ങൾ നടത്തുന്ന മേഖല (സാറ്റ്‌ലൈറ്റ് ചിത്രം)

സോൾ∙ ഉത്തര കൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങൾ മേഖലയിൽ ഭൂചലനത്തിനു കാരണമാകുന്നുവെന്നു വിദഗ്ധർ. ഉത്തര കൊറിയ ആണവപരീക്ഷണങ്ങൾ നടത്തിയിരുന്ന പുങ്യെ റീക്കു സമീപം വെള്ളിയാഴ്ച 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നോർത്ത് ഹാംഗ്യോങ് പ്രവിശ്യയിൽ പ്രാദേശിക സമയം പുലർച്ചെ 1.41നായിരുന്നു ഇത്. ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയെന്നാണ് ആദ്യം കരുതിയതെങ്കിലും സ്വാഭാവിക ഭൂചലനമാണെന്നു പിന്നീടു കണ്ടെത്തി. ഏതെങ്കിലും ആണവ പരീക്ഷണത്തിന്റെ ഭാഗമായി ഉണ്ടായതല്ല ഭൂചലനമെന്നു ദക്ഷിണ കൊറിയൻ കാലാവസ്ഥ കേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്.

North Korea ഉത്തര കൊറിയ ഹൈ‍ഡ്രജൻ ബോംബ് പരീക്ഷണം നടത്തിയപ്പോൾ ഭൂകമ്പമാപിനിയിൽ രേഖപ്പെടുത്തിയ തീവ്രത

സെപ്റ്റംബർ മൂന്നിനാണ് ഇതുവരെ നടത്തിയതിലും വച്ച് ഏറ്റവും വലിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം ഉത്തര കൊറിയ നടത്തിയത്. ഇതേത്തുടർന്ന് 6.3 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു. അതേസമയം, മേഖലയിൽ ഇനിയും പരീക്ഷണങ്ങൾ നടത്തുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കു തന്നെ ഭീഷണിയായേക്കാമെന്നു ദക്ഷിണ കൊറിയ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തുടർച്ചയായ പരീക്ഷണങ്ങൾ മൂലം പ്രദേശത്ത് റേ‍ഡിയോ ആക്ടീവ് വികിരണങ്ങൾ ഉണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. മലയോര പ്രദേശമായ ഇവിടുത്തെ പരിസ്ഥിതിയിലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിനുശേഷം മണ്ണിടിച്ചിൽ സ്ഥിരമാണെന്ന് ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നു.

North Korea

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് വർഷിച്ച ‘ലിറ്റിൽ ബോയ്’ അണുബോംബിന്റെ (15 കിലോ ടൺ) എട്ടിരട്ടി (120 കിലോ ടൺ) സംഹാരശേഷിയുള്ള ഹൈഡ്രജൻ ബോംബാണ് ഉത്തര കൊറിയ സെപ്റ്റംബറിൽ പരീക്ഷിച്ചത്. ഇതേത്തുടർന്ന് വിവിധ ഭൂകമ്പമാപിനികളിൽ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഉത്തരകൊറിയയുടെ ആറാമത്തെ അണുബോംബ് പരീക്ഷണമായിരുന്നു അത്.

പുങ്യെ റീ – ആണവ പരീക്ഷണ ശാല

ഉത്തര കൊറിയയുടെ നോർത്ത് ഹാംഗ്യോങ് പ്രവിശ്യയിലെ കിൽജു കൗണ്ടിയിലെ മലയോര പ്രദേശത്താണ് പുങ്യെ റീ പരീക്ഷണശാല. ഉത്തര കൊറിയയുടെ ആണവ പരീക്ഷണശാലയായി പുങ്യെ റീയെക്കുറിച്ചു മാത്രമേ പുറംലോകത്തിന് അറിയുകയുള്ളൂ. 2006, 2009, 2013, ജനുവരി 2016, സെപ്റ്റംബർ 2016, 2017 എന്നീ വർഷങ്ങളിൽ ആണവ പരീക്ഷണം നടന്നിട്ടുള്ളത് ഇവിടെയാണ്. ഇതിനു സമീപമാണ് ഇപ്പോൾ ഭൂചലനം രേഖപ്പെടുത്തിയത്. നേരത്തേ ഈ മേഖലയിൽ ഭൂചലനങ്ങൾ അധികം ഉണ്ടായിട്ടില്ല. അതാണ് ആണവ പരീക്ഷണത്തിന് പുങ്യെ റീ തിരഞ്ഞെടുക്കാൻ കാരണമായതും.

North Korea ഉത്തര കൊറിയ ഹൈ‍ഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ സ്ഥലം വിശകലനം ചെയ്യുന്ന വിദഗ്ധർ