Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധം ശക്തം: ബ്രിട്ടനിലേക്ക് ഡോണൾഡ് ട്രംപിന്റേത് വർക്കിങ് വിസിറ്റ്

Donald Trump

ലണ്ടൻ∙ പ്രതിഷേധങ്ങൾ ഭയന്ന് നീണ്ടുപോകുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബ്രിട്ടിൻ സന്ദർശനം അടുത്തവർഷം ആദ്യം ഉണ്ടായേക്കുമെന്നു സൂചന. രാജ്ഞിയുടെ ആതിഥ്യം സ്വീകരിച്ചുള്ള ഔദ്യോഗിക സന്ദർശം (സ്റ്റേറ്റ് വിസിറ്റ്) ഒഴിവാക്കി ‘വർക്കിങ് വിസിറ്റ്’ എന്നപേരിൽ ഹ്രസ്വസന്ദർശനം നടത്തി മടങ്ങാനാണ് അമേരിക്കൻ പ്രസിഡന്റ് പദ്ധതിയിടുന്നതെന്നാണ് നയതന്ത്രവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പീന്നീട് സാഹചര്യങ്ങൾ മാറുന്നതനുസരിച്ചാകും സ്റ്റേറ്റ് വിസിറ്റ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം തുറന്നുകാട്ടുന്നവിധം എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടിയുള്ള സ്വീകരണമാണ് സ്റ്റേറ്റ് വിസിറ്റ്. ഇത്തരം സന്ദർശനത്തിൽ കൊട്ടാരത്തിലെ അതിഥിയായാകും പ്രസിഡന്റ് താമസിക്കുക. വർക്കിങ് വിസിറ്റിലും രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുമെങ്കിലും കൊട്ടാരത്തിലെ ഔദ്യോഗിക വിരുന്നും മറ്റ് ആചാരപരമായ സ്വീകരണങ്ങളും ഉണ്ടാകില്ല. ട്രംപ് സ്ഥാനമേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ വാഷിങ്ടൻ സന്ദർശിച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി തെരേസ മേ ബ്രിട്ടിഷ് സന്ദർശനത്തിനായി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. എന്നാൽ ഇതിനോട് ബ്രിട്ടിഷ് ജനതയുടെ നല്ലൊരു ശതമാനവും പ്രതികരിച്ചത് പ്രതികൂലമായിട്ടായിരുന്നു. 

ബ്രെക്സിറ്റിന് അനുകൂലമായി ട്രംപ് എടുത്ത നിലപാടുകളും തിരഞ്ഞെടുപ്പു പ്രചാരണ കാലത്ത് അദ്ദേഹം നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങളും ബ്രിട്ടനിൽ അദ്ദേഹത്തിന് ഒട്ടേറെ വിമർശകരെയാണ് സൃഷ്ടിച്ചത്. ലണ്ടൻ മേയർ സാദിഖ് ഖാൻ ഉൾപ്പെടെയുള്ള പല ലേബർ നേതാക്കളും ട്രംപിന്റെ കടുത്ത വിമർശകരാണ്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്കും ട്രംപിനെ വിളിച്ചുവരുത്തി സൽക്കരിക്കുന്നതിനോടു യോജിപ്പില്ല. ഇതൊക്കെയാണു ബ്രിട്ടിഷ് സർക്കാരിന്റെ ക്ഷണമുണ്ടെങ്കിലും ഔദ്യോഗിക സന്ദർശനം നീട്ടിവയ്ക്കാൻ ട്രംപിനെ പ്രേരിപ്പിക്കുന്നത്. 

അമേരിക്കയുടെ എക്കാലത്തെയും ഏറ്റവും അടുത്ത സഖ്യരാഷ്ട്രമാണ് ബ്രിട്ടൻ. എന്നിട്ടും ഇവിടേക്ക് വരാൻ സാഹചര്യം അനുകൂലമല്ലാത്തത് ട്രംപിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.ഇതു മറികടക്കാനാണ് ഔദ്യോഗിക സന്ദർശനം എന്ന ലേബലില്ലാതെ അടുത്തവർഷമാദ്യം ബ്രിട്ടനിലെത്താനുള്ള നീക്കം.