Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറപ്പുകളിൽനിന്ന് പിന്മാറി ട്രംപ്; ഇറാനുമായുള്ള ആണവകരാർ‌ റദ്ദാക്കും

Donald Trump

വാഷിങ്ടൻ∙ ഇറാനുമായുള്ള ആണവ കരാർ റദ്ദാക്കാനൊരുങ്ങി യുഎസ്. ഇതിനു മുന്നോടിയായി കരാറുമായി ബന്ധപ്പെട്ടുള്ള ഉറപ്പുകളിൽനിന്നു പിന്മാറുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുഎസ് നയങ്ങളിലെ സുപ്രധാനമായ ദിശാമാറ്റം കൂടിയാണ് ട്രംപ് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കിയത്.

വൈറ്റ് ഹൗസിൽ ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി നടത്തിയ പ്രസംഗത്തിലാണു ആണവ കരാർ സംബന്ധിച്ച തന്റെ നിലപാട് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചത്. കരാറിന്റെ അന്തഃസത്തയ്ക്കൊത്ത് ഉയരാൻ ഇറാനായില്ല. ഏതു സമയത്തും കരാറിൽനിന്ന് അമേരിക്ക പിന്മാറുമെന്നും ട്രംപ് പറഞ്ഞു. കരാർ സംബന്ധിച്ചും മധ്യപൗരസ്ത്യ ദേശത്തെ ഇറാന്റെ ഇടപെടൽ സംബന്ധിച്ചും ദീർഘനാളായി പുകയുന്ന ‘സമ്മർദാന്തരീക്ഷം’ കൂടുതൽ മുറുകാനാണു ട്രംപിന്റെ നീക്കം വഴിവയ്ക്കുക.

അമേരിക്കയുടെ ദേശീയ താത്പര്യത്തിനു ചേരുന്നതല്ലെന്നു കാട്ടിയാണു കരാറുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകളിൽ നിന്ന് യുഎസ് പിന്മാറുന്നത്. മുൻപു രണ്ടു തവണ ട്രംപ് കരാറിന് അനുകൂല സമീപനം എടുത്തിരുന്നെങ്കിലും ഇത്തവണ കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചത്. മധ്യപൗരസ്ത്യ ദേശത്തെ ‘ഏകാധിപത്യം’ ഉറപ്പാക്കാൻ ഇറാൻ ശ്രമിക്കുകയാണെന്നും ഭീകരരെ പിന്തുണയ്ക്കുകയാണെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

കരാറിൽനിന്നു പൂർണമായി പിൻവാങ്ങുന്ന സമീപനമല്ല ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായത്. ആദ്യഘട്ടത്തിൽ കരാറുമായി ബന്ധപ്പെട്ടു നൽകിയ ഉറപ്പുകളിൽ നിന്ന് പിന്മാറുക, ഇറാനുമേൽ വീണ്ടും സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തുക, തുടർന്ന് യുഎസ് കോണ്‍ഗ്രസിൽ ചർച്ച ചെയ്തു കരാർ പൂർണമായി റദ്ദാക്കുക എന്നിങ്ങനെയാണ് നടപടികൾ. തീരുമാനമെടുക്കാൻ യുഎസ് കോണ്‍ഗ്രസിന് 60 ദിവസത്തെ സമയമാണ് ട്രംപ് നൽകിയത്.

തുടക്കമിട്ടത് ഒബാമ

നാലു വർഷം മുൻപ് അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമയും ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനിയും തമ്മിൽ ഫോണിൽ സംസാരിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമാകാൻ വഴിതെളിച്ചത്. തുടർന്ന് 2015ൽ ആണവ പദ്ധതികൾ കുറയ്ക്കാൻ ഇറാൻ സമ്മതിച്ചു. തൊട്ടടുത്ത വര്‍ഷം ഇറാനെതിരായ ഉപരോധങ്ങളും നീക്കി.

Hassan Rouhani Donald Trump ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. (ഫയൽ ചിത്രം)

യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യൂറോപ്യൻ യൂണിയൻ, ഇറാൻ എന്നിവർ ചേർന്ന് ഒപ്പിട്ട കരാർ പ്രകാരമാണ് ഇറാനെതിരെയുള്ള ഉപരോധങ്ങൾ ഒഴിവാക്കിയത്. അമേരിക്ക ഇന്നേവരെ ഇടപെട്ട ഏറ്റവും മോശം കരാർ എന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചത്. മധ്യപൗരസ്ത്യ ദേശത്തെ സ്ഥിതിഗതികൾ അസ്ഥിരപ്പെടുത്തുന്നതിനുള്ള ഇറാന്റെ നടപടികൾ തുടരുന്നതിലാണ് ട്രംപിന്റെ പ്രതിഷേധം. കരാറിന്റെ ‘ആത്മാവിനെ’ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് ഇറാന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ബാലിസ്റ്റിക് മിസൈൽ പദ്ധതിയിൽ യാതൊരു നിയന്ത്രണവും ഇറാൻ കൊണ്ടുവരുന്നില്ല.

ഹിസ്ബുല്ല ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾക്ക് പണവും ആയുധവും നൽകുന്നത് ഇറാൻ തുടരുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ഇറാന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ മധ്യപൗരസ്ത്യ ദേശത്തെ സഖ്യശക്തികളുമായി ചേർന്നു പ്രവർത്തിക്കുക എന്നതാണ് യുഎസ് സമീപനമെന്ന് ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലിയും പറയുന്നു.

യുഎസ് പിന്മാറരുതെന്ന് സഖ്യരാജ്യങ്ങളും

യുഎസിന്റെ ഉപരോധ നീക്കത്തിനെതിരെ ഇറാനിലെ വിവിധ കക്ഷികൾ ഒറ്റക്കെട്ടായാണ് രംഗത്തു വന്നിരിക്കുന്നത്. ആണവകരാറിനു മേൽ ഉണ്ടാകുന്ന യുഎസിന്റെ ഏതു നടപടിയെയും ശക്തമായി നേരിടുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫും പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

കരാർ അംഗീകരിക്കണമെന്ന് യുഎസിനോട് മറ്റ് രാജ്യങ്ങളും ശക്തമായി ആവശ്യപ്പെടുന്നു. ഇറാനെതിരെയുള്ള ഉപരോധത്തിലുള്ള ഇളവു കാരണം ഏറെ സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന യൂറോപ്യൻ രാജ്യങ്ങളാണ് ട്രംപിനോട് നേരിട്ടുതന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സഖ്യത്തിന്റെ ഐക്യം തകർക്കരുതെന്നാണു ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ഉൾപ്പെടെ നേതാക്കൾ ആവശ്യപ്പെട്ടത്.

കരാറിന് ഉലച്ചിലൊന്നും തട്ടില്ലെന്നാണ് ചൈന പ്രതീക്ഷിച്ചിരുന്നത്. യുഎസ് പിന്മാറിയാൽ വിപരീത ഫലങ്ങളായിരിക്കും അതുണ്ടാക്കുകയെന്ന് റഷ്യയും മുന്നറിയിപ്പു നൽകുന്നു. ഇറാൻ വിഷയത്തിൽ യൂറോപ്യൻ ശക്തികൾ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യാവശ്യമാണെന്ന് ജർമനിയും പറയുന്നു.

വ്യതിചലിച്ചിട്ടില്ലെന്ന് ഇറാൻ

ആണവകരാർ അനുസരിച്ചുതന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇറാൻ പറയുന്നത്. 2009 വരെ ഇറാൻ ആണവായുധങ്ങൾക്കായുള്ള ഗവേഷണം നടത്തിയിരുന്നെന്നു രാജ്യാന്തര ആണവോർജ ഏജൻസി പറഞ്ഞിരുന്നു. എന്നാൽ ഇറാൻ ഇതിനെ തള്ളി. സമാധാനാവശ്യങ്ങൾക്കു മാത്രമേ ആണവശക്തി ഉപയോഗപ്പെടുത്തൂ എന്നാണു രാജ്യത്തിന്റെ വാദം. ഇതുവരെ അണുബോംബിനു വേണ്ടിയുള്ള യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നും ഇറാൻ പറയുന്നു.

ഇറാൻ സേനയായ റെവല്യൂഷനറി ഗാർഡിനെതിരെയും (ഐആർജിസി) ട്രംപിന്റെ നീക്കമുണ്ടാകുമെന്നാണു സൂചന. സേനയ്ക്കെതിരെ ഒക്ടോബർ 31ഓടെ പൂർണമായും സാമ്പത്തിക ഉപരോധം നടപ്പാക്കാനാണു ട്രംപിന്റെ നീക്കം. ഇറാൻ സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഐആർജിസിക്കു മേൽ വരുന്ന സാമ്പത്തിക ഉപരോധം വൻ തിരിച്ചടിയായിരിക്കും. ഐആർജിസിയുടെ ചാരസംഘടനയായ ഖദ്സ് ഫോഴ്സിനെതിരെ നിലവിൽ യുഎസ് ഉപരോധമുണ്ട്.