Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ ഇന്ത്യയെക്കുറിച്ച് ‘പോസിറ്റീവ് മൂഡ്’: അരുൺ ജയ്റ്റ്ലി

Arun Jaitley

വാഷിങ്ടൻ∙ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വിപുലപ്പെടുത്താനുള്ള സർക്കാരിന്റെ പരിഷ്കാരങ്ങൾ യുഎസിൽ ഇന്ത്യയെക്കുറിച്ച് ‘പോസിറ്റീവ് മൂഡ്’ നൽകുന്നതായി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. ജി20 രാജ്യങ്ങളുടെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ സംബന്ധിക്കാനായി യുഎസിലെത്തിയതായിരുന്നു അദ്ദേഹം. അമേരിക്കൻ നിക്ഷേപകർക്കിടയിൽ ഇന്ത്യ നടത്തിയ പരിഷ്കാരങ്ങളെക്കുറിച്ചും രാജ്യത്തിന്റെ ഭാവി കഴിവിനെക്കുറിച്ചുമുള്ള വ്യക്തമായ ധാരണയുണ്ടെന്നും ജയ്റ്റ്ലി കൂട്ടിച്ചേർത്തു.

യുഎസ് നിക്ഷേപകരുമായും ട്രംപ് ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകളിൽനിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും ജയ്റ്റ്ലി പറഞ്ഞു. വാഷിങ്ടനിലെത്തിയ ജയ്റ്റ്ലി ട്രഷറി സെക്രട്ടറി സ്റ്റീവൻ ന്യൂചിനുമായും വാണിജ്യ സെക്രട്ടറി വിൽബർ റോസുമായും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാര – സാമ്പത്തിക ബന്ധത്തെക്കുറിച്ചും ഇരുരാജ്യങ്ങളുടെയും പൊതുവായ ആശങ്കകളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി.

രാജ്യാന്തര നാണയനിധിയുടെയും ലോക ബാങ്കിന്റെയും വാർഷിക യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ന്യൂയോർക്കിലും ബോസ്റ്റണിലും സന്ദർശനം നടത്തിയ അദ്ദേഹം നിക്ഷേപകരെ അഭിസംബോധന ചെയ്തു. കൊളംബിയ, ഹാർവാഡ് സർവകലാശാലയിലെ വിദ്യാർഥികളുമായി അദ്ദേഹം സംവദിച്ചിരുന്നു. ഞായറാഴ്ച അദ്ദേഹം ഇന്ത്യയിലേക്കു തിരിക്കും.

related stories