Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ സ്ത്രീ പ്രവേശനം: ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു

ന്യൂഡൽഹി∙ ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാകും കേസ് പരിഗണിക്കുക. സ്ത്രീകളുടെ മൗലികാവകാശം ലംഘിക്കുന്നുണ്ടോയെന്നു പരിശോധിക്കും. ക്ഷേത്ര പ്രവേശന നിയമത്തിലെ വകുപ്പുകളും പരിശോധിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു തീരുമാനമെടുത്തത്.

പത്തിനും അന്‍പതിനുമിടയ്ക്കു പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു ചീഫ് ജസ്റ്റിസ് മുന്‍പു വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പരിശോധിക്കുമെന്നും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്കു നിഷേധിക്കുന്നുണ്ടെന്ന പരാതി പരിഗണിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.

ഭരണഘടനാപരമായ പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെടുന്നതിനാൽ കേസ് ഭരണഘടനാ ബെഞ്ചിനു വിടുന്നതു പരിഗണിക്കുമെന്നു കഴിഞ്ഞ വർഷം നവംബർ ഏഴിനും ജൂലൈ 11നും കേസ് പരിഗണിച്ചപ്പോൾ കോടതി വ്യക്‌തമാക്കിയിരുന്നു. വിഷയം ഭരണഘടനാ ബെഞ്ചിനു വിടുന്നെങ്കിൽതന്നെ വിശദമായ വിധിന്യായമെഴുതിയാവും അതു ചെയ്യുകയെന്നും ജൂലൈയിൽ കോടതി പറഞ്ഞിരുന്നു.

ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷന്റെ ഹർജിയിൽ, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 25, 26 വകുപ്പുകളുടെ അടിസ്‌ഥാനത്തിലാണു തങ്ങൾ വിഷയം പരിശോധിക്കുന്നതെന്നു കോടതി നേരത്തേ വ്യക്‌തമാക്കിയിരുന്നു. ശബരിമലയിലെ രീതി ഭരണഘടനാപരമായി ശരിയാണോ എന്നതു മാത്രമാണു തങ്ങളുടെ മുന്നിലുള്ള വിഷയമെന്ന നിലപാട് ആവർത്തിച്ച കോടതി, ഒരുകൂട്ടർക്കു വിലക്ക് ഏർപ്പെടുത്തുന്നതു പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്നു വ്യക്‌തമാക്കിയിരുന്നു.

അതേസമയം, ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് വിശാല ഭരണഘടനാബഞ്ചിനുവിട്ട സുപ്രീം കോടതി വിധി സ്വാഗതാർഹമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആലുവയിൽ പറഞ്ഞു. ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചമില്ല എന്ന ശക്തമായ നിലപാടാണു സർക്കാരിന്റേത്. അതിൽ ഉറച്ചു നിൽക്കും. കേസിനാവശ്യമായ രേഖകളും വിവരങ്ങളും കോടതി ആവശ്യപ്പെട്ടാൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞിട്ട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.