Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടിയെ പിന്തുണച്ച് കേന്ദ്ര നേതൃത്വം; കലക്ടര്‍ക്കു തെറ്റുപറ്റിയെന്ന് മന്ത്രി

Thomas Chandy

കൊച്ചി ∙ സ്ഥലം കയ്യേറ്റ വിവാദത്തിൽ മന്ത്രി തോമസ് ചാണ്ടിക്കു പിന്തുണ ബലപ്പെടുത്തി ദേശീയ നേതൃത്വം. അദ്ദേഹത്തിന് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പാർട്ടിതല അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ദേശീയ ജനറൽ സെക്രട്ടറി പ്രഭുൽ പട്ടേൽ പാർട്ടി സംസ്ഥാന നേതൃയോഗത്തെ അറിയിച്ചു.

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ ആരോ ചിലർ സൃഷ്ടിച്ചതാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യമില്ല. മുൻപ്, എ.കെ.ശശീന്ദ്രനെതിരെ ഉയർന്ന വ്യക്തിപരമായ ആരോപണങ്ങളും അടിസ്ഥാനമില്ലാത്തതായിരുന്നു. രാജിയുടെ ആവശ്യം ഉണ്ടായിരുന്നില്ലെങ്കിലും, അദ്ദേഹം വികാരപരമായ തീരുമാനമെടുക്കുകയും മന്ത്രിസ്ഥാനം രാജിവയ്ക്കുകയുമാണു ചെയ്തതെന്നും യോഗത്തിനു ശേഷം പ്രഭുൽ പട്ടേൽ പ്രതികരിച്ചു.

അതിനിടെ, ആലപ്പുഴ ജില്ലാ കലക്ടർ തനിക്കെതിരെ നൽകിയ റിപ്പോർട് തെറ്റാണെന്നും കീഴുദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണു കലക്ടർ നൽകിയതെന്നും തോമസ് ചാണ്ടി പറഞ്ഞു.

പ്രഭുൽ പട്ടേലിന്റെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ യോഗം വിവാദ വിഷയങ്ങൾ ചർച്ച ചെയ്തില്ല. സംസ്ഥാന നിർവാഹക സമിതി തിരഞ്ഞെടുപ്പു ജനുവരി 31 നകം നടത്താൻ തീരുമാനിച്ചു. അതുവരെ ടി.പി.പീതാംബരൻ പ്രസിഡന്റ് സ്ഥാനത്തു തുടരും.

ഉഴവൂർ വിജയന്റെ നിര്യാണത്തെ തുടർന്നാണു പീതാംബരൻ താൽക്കാലിക പ്രസിഡന്റായത്. അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് എ.കെ.ശശീന്ദ്രനു വേണ്ടി ഒരു വിഭാഗവും മാണി.സി.കാപ്പനു വേണ്ടി മറുവിഭാഗവും ചരടുവലികൾ ശക്തമാക്കിയിട്ടുണ്ട്. നേതൃയോഗത്തിനു മുൻപു തന്നെ ഇരു കൂട്ടരും തങ്ങളുടെ ആവശ്യം ഉന്നയിച്ചു പ്രഭുൽ പട്ടേലിനു കത്തുകൾ നൽകി. യോഗത്തിൽ തർക്കം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പട്ടേൽ ഇരു വിഭാഗം നേതാക്കളുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി. തുടർന്നാണു വിവാദ വിഷയങ്ങൾ അജണ്ടയിൽ നിന്നൊഴിവാക്കിയത്. പ്രസിഡന്റ് സ്ഥാനത്തേക്കു രണ്ടു നേതാക്കളുടെ പേര് ഉയരുന്ന സാഹചര്യത്തിൽ, തൽക്കാലം പീതാംബരൻ തുടരുകയാകും ഉചിതമെന്ന നിലപാടാണു പാർട്ടി സ്വീകരിച്ചത്.