Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാതി മുങ്ങിയ കാറിൽ യുവതി; 9 മരണം; ബെംഗളൂരുവിനെ ഞെട്ടിച്ച് ദുരിതമഴ

Bengaluru Rain ബെംഗളൂരുവിൽ പാതി മുങ്ങിയ കാറിൽ നിന്ന് യുവതിയെ രക്ഷിക്കുന്ന ദൃശ്യങ്ങൾ (വിഡിയോ)

ബെംഗളൂരു∙ രണ്ടാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയിൽ ബെംഗളൂരുവില്‍ ഇതുവരെ മരിച്ചത് ഒൻപതു പേർ. റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങി അപകടത്തിൽപ്പെട്ടു മരിച്ചവരും ഇതിൽപ്പെടും. വെള്ളിയാഴ്ച രാവിലെ എട്ടര മുതൽ 48 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ പൂജാരിയുടെ മൃതദേഹം ശനിയാഴ്ച ലഭിച്ചു. അതേസമയം മലവെള്ളപ്പാച്ചിലിനിടെ അമ്മയെയും മകളെയും കാണാതായ സംഭവത്തിൽ തിരച്ചിൽ തുടരുകയാണ്. അൻപത്തിയേഴുകാരിയും ഇരുപത്തിരണ്ടുകാരി മകളുമാണ് മലവെള്ളപ്പാച്ചിലിൽ പെട്ടത്.

കനത്ത വെള്ളക്കെട്ടിൽ പാതി മുങ്ങിയ കാറിൽ നിന്ന് യുവതിയെ രക്ഷിക്കുന്ന ദൃശ്യങ്ങൾ അതിനിടെ സമുഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കാറിന്റെ മുൻഭാഗം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. കാറിനകത്ത് ആളുണ്ടെന്നു തിരിച്ചറിഞ്ഞ മൂന്നു പൊലീസുകാരാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. പ്രദേശവാസികളും ഒപ്പം ചേർന്നു.

കനത്ത മഴയിൽ ബെംഗളൂരുവിൽ പലയിടത്തും റോഡിൽ വെള്ളക്കെട്ടാണ്. അപകടസാധ്യതയുള്ളതിനാൽ അത്തരം റോഡുകളിലൂടെ കാർ യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്.  മൂന്നു സംഘങ്ങളായി ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി)യും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

അതിനിടെ മഴക്കെടുതി തടയാൻ നടപടികളെടുക്കുന്നില്ലെന്നാരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബിജെപി രംഗത്തെത്തി. മഴവെള്ളം ഒലിച്ചു പോകാനുള്ള ഓടകളുടെ നിർമാണം കൃത്യസമയത്ത് പൂർത്തിയാകാത്തതാണ് തിരിച്ചടിയായത്. ഓടകൾ ശാസ്ത്രീയമായി നിർമിക്കാൻ 800 കോടി  രൂപ ചെലവിട്ടു. പക്ഷേ കരിമ്പട്ടികയില്‍ പെട്ട കരാറുകാരെയാണ് നിർമാണം ഏൽപിച്ചത്. അതോടെ 75 ശതമാനം പണവും നഷ്ടപ്പെട്ടെന്നും ബിജെപി നേതാവ് യെദിയൂരപ്പ ആരോപിച്ചു.

എന്നാൽ ഒൻപതു പേരുടെ മരണം ദൗർഭാഗ്യകരമായെന്നും സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് ബിജെപി ശ്രമമെന്നും സിദ്ധരാമയ്യ തിരിച്ചടിച്ചു. മുഖ്യമന്ത്രിയും മന്ത്രി കെ.ജെ.ജോർജും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചെങ്കിലും രോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. വീട്ടിലേക്ക് മഴവെള്ളം ഇരച്ചുകയറിയപ്പോൾ തങ്ങളെ രക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നായിരുന്നു പ്രധാന പരാതി.

നഗരത്തിലെ ഓടകളുടെ നിർമാണത്തിലെ നിലവാരത്തകർച്ചയും അശാസ്ത്രീയതയുമാണ് വെള്ളക്കെട്ടിനു കാരണമായതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചത് മുഖ്യമന്ത്രി നിഷേധിച്ചു. 47 ദിവസമായി തുടരുന്ന മഴയാണ് എല്ലാം തകിടം മറിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ദുരിതബാധിതകർക്ക് സഹായമെത്തിക്കാനാണ് പ്രാഥമിക പരിഗണന. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പരുക്കേറ്റവരുടെ ബന്ധുക്കൾക്ക് അർഹമായ നഷ്ടപരിഹാരവും നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ഓടകളിൽ നിറഞ്ഞ തടസ്സങ്ങൾ നീക്കാനും നഗരത്തിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

related stories