Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണപരാജയം പ്രതിപക്ഷ വീഴ്ചയല്ല, മാറിത്തന്നാൽ ഭരിക്കാൻ തയാർ‍: ചെന്നിത്തല

Ramesh Chennithala

കണ്ണൂർ∙ പിണറായി സർക്കാർ മാറിത്തന്നാൽ കേരളം ഭരിക്കാൻ പ്രതിപക്ഷം തയാറാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. സോളർ വിവാദത്തിലെ സർക്കാർ നടപടി ബിജെപിയെ സഹായിക്കാനാണ്. സിപിഎം - ബിജെപി അവിഹിത ബന്ധം വ്യക്തമാണ്. അമിത് ഷാ വന്നപ്പോൾ പയ്യന്നൂരിൽ റോഡ് നന്നാക്കിക്കൊടുത്തു. സ്കൂളുകൾക്ക് അവധി കൊടുത്തു. കേരളത്തിൽ യുഡിഎഫിനെ ദുർബലമാക്കി ബിജെപിയെ വളർത്താനാണു ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.

സോളർ വിവാദത്തിലെ സർക്കാർ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടു കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് കയ്യിൽ കിട്ടിയ ശേഷം മറ്റു നിയമ നടപടികൾ സ്വീകരിക്കും. കോളജുകളില്‍ രാഷ്ട്രീയപ്രവര്‍ത്തനം തടഞ്ഞ ഹൈക്കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം. കോളജുകളില്‍ തിരഞ്ഞെടുപ്പും സംഘടനാ സ്വാതന്ത്ര്യവും വേണം. എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയമാണ് ഇത്തരമൊരു കോടതിവിധിക്കു കാരണമായത്. ടിപി കേസിൽ ഒത്തുതീർപ്പുണ്ടാക്കിയെന്നു വി.ടി.ബൽറാം എംഎൽഎ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏറ്റവും ഫലപ്രദമായാണു ടിപി കേസ് അന്വേഷണം മുന്നോട്ടു കൊണ്ടു പോയത് - ചെന്നിത്തല കൂട്ടിച്ചേർത്തു.

കേരള ഭരണം പിണറായി വിജയന്റെ വൺമാൻ ഷോ ആണ്. എല്ലാ വകുപ്പുകളും ഏകാധിപത്യപരമായി മുഖ്യമന്ത്രി തന്നെ ഭരിക്കുന്നു. കേരളത്തിൽ വികസനത്തിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ റോഡ് നന്നാവണമെങ്കിൽ അമിത് ഷാ വരേണ്ട സ്ഥിതിയാണ്. കായൽ കയ്യേറിയെന്നു മന്ത്രി തോമസ് ചാണ്ടിക്കെതിരെ കലക്ടർ റിപ്പോർട്ട് കൊടുത്തപ്പോൾ, കലക്ടർക്കു തെറ്റുപറ്റിയെന്നാണ് അതേ മന്ത്രി പറയുന്നത്. റിപ്പോർട്ട് എങ്ങനെ വേണമെന്നു പ്രതി തന്നെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകുന്നത് അസാധാരണമായ നടപടിയാണ്. മന്ത്രിയുടെ കായൽകയ്യേറ്റം സംബന്ധിച്ചു പ്രതിപക്ഷ നേതാവു വിജിലൻസിനു പരാതി നൽകി രണ്ടു മാസമായിട്ടും ഒരു നടപടിയുമുണ്ടായില്ല. വിജിലൻസിന്റെ പ്രവർത്തനം പൂർണമായി നിലച്ചു. എല്ലാ വകുപ്പുകളും സ്തംഭിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷം ശക്തമായി സമരം ചെയ്യുന്നുണ്ട്. എല്ലാ സമരങ്ങളും ഒറ്റദിവസം കൊണ്ടു വിജയിക്കില്ലല്ലോ. സർക്കാരിന്റെ ഭരണപരാജയം പ്രതിപക്ഷത്തിന്റെ വീഴ്ചയല്ല. ഭരണം പരാജയമായെന്നു കരുതി പ്രതിപക്ഷത്തിനു കയറി ഭരിക്കാനാവില്ലല്ലോ. സർക്കാർ മാറിത്തന്നാൽ ഞങ്ങൾ ഭരിക്കാൻ തയാറാണ് – ചോദ്യത്തിനുത്തരമായി പ്രതിപക്ഷ നേതാവു പറഞ്ഞു. പിണറായി വിജയനെതിരെയുള്ള ലാവ്‌ലിൻ കേസ് അവസാനിച്ചുവെന്ന് ആരും കരുതണ്ട. സിബിഐ കോടതി അവസാനിപ്പിച്ച കേസ് ഹൈക്കോടതി വിധിയിലൂടെ വീണ്ടും തുറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

16 ലെ യുഡിഎഫ് ഹർത്താലിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു നടപടിയുമുണ്ടാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വ്യാപാരികളും വ്യവസായികളും പൊതുസമൂഹവും സ്വമേധയാ ഹർത്താലിൽ പങ്കെടുത്തു കേന്ദ്ര–സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം അറിയിക്കണം. ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ മനസ്സില്ലാമനസ്സോടെയാണു യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.