Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 ലക്ഷം ഇനാമുള്ള ലഷ്കർ കമാൻഡറടക്കം രണ്ടു ഭീകരരെ സൈന്യം വധിച്ചു

Waseem Shah, Terrorist

ശ്രീനഗർ∙ ജമ്മു കശ്മീരിലെ പുൽവാമയിൽ ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിൽ രണ്ടു ലഷ്കർ ഭീകരരെ സൈന്യം വധിച്ചു. ലഷ്കറെ തയിബയുടെ ടോപ് കമാൻഡറും തലയ്ക്കു 10 ലക്ഷം ഇനാം പ്രഖ്യാപിച്ചിട്ടുള്ള ഭീകരനുമായ വസീം ഷാ, കൂട്ടാളി നിസാർ അഹമ്മദ് മിർ എന്നിവരെയാണു സൈന്യം വധിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ.

വസീം ഷായുടെ വധം സൈന്യത്തിന്റെ ഭീകരവിരുദ്ധ പോരാട്ടത്തിലെ വലിയ നേട്ടമാണ്. ഭീകരരിൽനിന്നു എകെ–47, എകെ–56 തോക്കുകളും ആറ് എകെ തിരകളും കണ്ടെടുത്തു. ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടർന്നു സൈന്യം നടത്തിയ തിരച്ചിലിലാണ് ഇരുവരെയും വകവരുത്താനായത്. രാഷ്ട്രീയ റൈഫിൾസ്, സെൻട്രൽ റിസർവ് പൊലീസ്, ജമ്മു കശ്മീർ പൊലീസ് എന്നിവർ ചേർന്നാണ് ഓപറേഷൻ നടത്തിയതെന്നു ഡിജിപി ശേഷ് പോൾ വൈദ് പറഞ്ഞു.

അടുത്തിടെ കശ്മീരിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളിൽ അബു ദുജാന, ബഷിർ വാനി, അബു ഇസ്മയിൽ, സബ്സർ ഭട്ട്, അബു ഖാലിദ് തുടങ്ങിയ ഭീകരരെ സൈന്യം വധിച്ചിരുന്നു.

ആരാണ് വസീം ഷാ ?

2016ൽ കശ്മീരിനെ സംഘർഷഭരിതമാക്കിയതിൽ മുഖ്യപങ്കുള്ള തീവ്രവാദിയാണു 23കാരനായ വസീം ഷാ. സ്കൂൾ കാലം മുതൽ ഇയാൾ ലഷ്കറെ തയിബയെ പിന്തുണച്ചിരുന്നു. ആദ്യകാലത്തു സംഘടനയുടെ കുറിയർ ബോയ് ആയും പ്രവർത്തിച്ചു. കോളജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് 2014ൽ ഭീകരഗ്രൂപ്പിൽ അംഗമായി. സംഘടനയിലേക്കു നിയമനങ്ങൾ നടത്തിയിരുന്നതും ഇയാളാണെന്നു പൊലീസ് പറഞ്ഞു.