Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേങ്ങരയിൽനിന്ന് കെ.എൻ.എ. ഖാദർ നിയമസഭയിലേക്ക്; യുഡിഎഫിന് വോട്ടു കുറഞ്ഞു

Vengara By-election യുഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിലേക്ക് കെ.എൻ.എ. ഖാദർ എത്തിയപ്പോൾ. ചിത്രം: സമീർ എ. ഹമീദ്.

മലപ്പുറം ∙ വോട്ടു വിഹിതത്തിലും ഭൂരിപക്ഷത്തിലും കാര്യമായ കുറവുണ്ടായെങ്കിലും വേങ്ങര നിയമസഭാ മണ്ഡലം ഒരിക്കല്‍ക്കൂടി യുഡിഎഫിനോട് കൂറു പ്രഖ്യാപിച്ചു. വാശിയേറിയ തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവിൽ 23,310 വോട്ടിന്റെ ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ വേങ്ങരയിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കെ.എൻ.എ. ഖാദർ ആകെ 65,227 വോട്ടു നേടിയപ്പോൾ, എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ 41,917 വോട്ടുമായി രണ്ടാമതെത്തി. ബിജെപി സ്ഥാനാർഥി ജനചന്ദ്രനെ നാലാം സ്ഥാനത്തേക്കു പിന്തള്ളി എസ്ഡിപിഐയുടെ കെ.സി. നസീർ മൂന്നാം സ്ഥാനം നേടുന്നതിനും തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. നസീർ 8648 വോട്ടു സ്വന്തമാക്കിയപ്പോൾ ജനചന്ദ്രന് 5728 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. 502 വോട്ടുമായി നോട്ട അഞ്ചാം സ്ഥാനത്തെത്തി.

Vengara By-election ചിത്രം: സമീർ എ. ഹമീദ്

തിരഞ്ഞെടുപ്പു ചിത്രം ഒറ്റനോട്ടത്തിൽ

∙ അനായാസം ജയിച്ചുകയറിയെങ്കിലും വോട്ടുവിഹിതത്തിലും ഭൂരിപക്ഷത്തിലും കാര്യമായ കുറവുണ്ടായത് യുഡിഎഫ് വൃത്തങ്ങളിൽ ചർച്ചയാകും. 2016ൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 38,057 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണിത്. ഇത്തവണ ഭൂരിപക്ഷത്തിൽ മാത്രം 14,747 വോട്ടിന്റെ കുറവുണ്ടായി.

∙ 2011ലെ നിയമസഭാ തിര‍ഞ്ഞെടുപ്പു മുതൽ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിൽ ക്രമാനുഗതമായ വർധനവ് സമ്മാനിച്ച ശേഷമാണ് ഇത്തവണ വേങ്ങരയിൽ യുഡിഎഫിന്റെ ഭൂരിപക്ഷത്തിൽ കുത്തനെ ഇടിവുണ്ടായിരിക്കുന്നത്. യുഡിഎഫിന് വോട്ടു വിഹിതത്തിലും കാര്യമായ കുറവുണ്ടായി. 2016ൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് 72,181 വോട്ടുകളായിരുന്നെങ്കിൽ ഇത്തവണയത് 65,227 ആയി കുറഞ്ഞു. 6954 വോട്ടിന്റെ കുറവാണുണ്ടായത്. ഇക്കഴിഞ്ഞ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടിക്ക് ഇവിടെ 73,804 വോട്ടു ലഭിച്ചിരുന്നു. എതിർസ്ഥാനാർഥി എം.ബി.ഫൈസലിനേക്കാൾ 40,529 വോട്ടിന്റെ ഭൂരിപക്ഷമാണ് വേങ്ങര കുഞ്ഞാലിക്കുട്ടിക്കു നൽകിയത്. 2011ൽ കുഞ്ഞാലിക്കുട്ടിക്കു ലഭിച്ച വോട്ട് 63,138ഉം ഭൂരിപക്ഷം 38,237ഉം ആയിരുന്നു.

∙ ബിജെപിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി എസ്ഡിപിഐ മൂന്നാമതെത്തിയതും ശ്രദ്ധേയം. എസ്ഡിപിഐയുടെ കെ.സി. നസീർ 8648 വോട്ടുകൾ നേടിയപ്പോൾ ബിജെപിയുടെ ജനചന്ദ്രന് ലഭിച്ചത് 5728 വോട്ടു മാത്രം. 2016ൽ ബിജെപി സ്ഥാനാർഥിയായിരുന്ന പി.ടി. അലി ഹാജിക്ക് 7055 വോട്ടു ലഭിച്ച മണ്ഡലമാണ് വേങ്ങര. ഇത്തവണ 1327 വോട്ടിന്റെ കുറവ്.

∙ 2016നെ അപേക്ഷിച്ച് ബിജെപിക്ക് ആയിരത്തോളം വോട്ടിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. പോളിങ് ശതമാനം കൂടിയിട്ടും വോട്ടു കുറ‍ഞ്ഞത് ബിജെപിക്ക് കനത്ത ക്ഷീണമായി. കേന്ദ്രമന്ത്രിമാരെയും ദേശീയ നേതാക്കളെയും രംഗത്തിറക്കി കൊട്ടിഘോഷിച്ചു നടത്തിയ ജനരക്ഷാ യാത്രയ്ക്കിടെ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടു കുറഞ്ഞത് ബിജെപിക്ക് രാഷ്ട്രീയമായും ക്ഷീണം ചെയ്യും.

Vengara By-election ചിത്രം: സമീർ എ. ഹമീദ്

വേങ്ങരയിലെ വോട്ടുവിഹിതം ഇങ്ങനെ:

  • കെ.എൻ.എ. ഖാദർ (മുസ്‌ലിം ലീഗ്) – 65,227
  • പി.പി.ബഷീർ (സിപിഎം) – 41,917
  • കെ.സി. നസീർ (എസ്ഡിപിഐ) – 8,648
  • കെ.ജനചന്ദ്രൻ (ബിജെപി) – 5,728
  • നോട്ട – 502
  • കറുമണ്ണിൽ ഹംസ (സ്വതന്ത്രൻ) – 442
  • ശ്രീനിവാസ് (സ്വതന്ത്രൻ) – 159
Vengara By-election ചിത്രം: സമീർ എ. ഹമീദ്

വിജയം സാങ്കേതികം മാത്രമെന്ന് കോടിയേരി, സ്ഥിരംപല്ലവിയെന്ന് ഖാദർ

വേങ്ങരയിലെ യുഡിഎഫ് വിജയം സാങ്കേതികം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. വേങ്ങരയിൽ ഭൂരിപക്ഷം കുറഞ്ഞത് യുഡിഎഫിന് തിരിച്ചടിയാണ്. പിണറായി സർക്കാരിന്റെ ജനസമ്മതി കൂടിവരുന്നതിന്റെ തെളിവാണ് വേങ്ങരയിലെ തിരഞ്ഞെടുപ്പു ഫലമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

അതേസമയം, കോടിയേരിയുടെ ‘സാങ്കേതികം’ പരാമർശത്തെ പരിഹസിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ രംഗത്തെത്തി. വിജയം സാങ്കേതികം മാത്രമാണെന്ന കോടിയേരിയുടെ പരാമർശം ഇഎംഎസിന്റെ കാലം മുതൽ അവർ പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്ന് ഖാദർ ചൂണ്ടിക്കാട്ടി. എൽഡിഎഫ് വേങ്ങരയിൽ വിലകൊടുത്തു വോട്ടുവാങ്ങിയെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. വോട്ടെടുപ്പിന്റെ സമയത്ത് ബൂത്തുകളിൽ അനാവശ്യമായി പൊലീസിനെ നിയോഗിച്ച് വോട്ടർമാരെ ഭയപ്പെടുത്തിയതുൾപ്പെടെ പതിനെട്ടടവും ഇടതുപക്ഷം വേങ്ങരയിൽ പയറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. എന്നിട്ടും വേങ്ങരയിലെ ജനങ്ങൾ യുഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നും ഖാദർ പറഞ്ഞു.