Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസ്രത്ത് ജഹാനെ പിന്തുണയ്ക്കുന്ന രാഹുലിന് പക്വതയില്ല: യോഗി ആദിത്യനാഥ്

Yogi Adithyanath

അഹമ്മദാബാദ്∙ ഗുജറാത്തിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ബിജെപിയുടെ റാലികളിൽ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് യോഗി ആദിത്യനാഥും തിരിച്ചടിച്ച് കോൺഗ്രസും രംഗത്ത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്നാണു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. പഞ്ചാബ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിൽ ബിജെപിയേക്കാൾ കൂടുതൽ സീറ്റുകൾ തങ്ങൾക്കാണെന്നു മറക്കരുതെന്നു കോൺഗ്രസ്. ദേശീയ നേതാവായ രാഹുലിനെ യുപി മുഖ്യമന്ത്രി പരിഹസിക്കുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ സംസ്ഥാനമായ ഗുജറാത്തിനെ കൈകാര്യം ചെയ്യാനാവുന്നില്ല. ഈ ഭയത്താൽ അദ്ദേഹം യോഗി ആദിത്യനാഥിനെ കൂട്ടുപിടിച്ചിരിക്കുകയാണ്. പഞ്ചാബ്, മണിപ്പുർ, ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി മത്സരിച്ചിരുന്ന കാര്യം മറന്നോ? രാഹുലിന്റെ നേതൃത്വത്തിൽ ഇവിടെയെല്ലാം ബിജെപിയേക്കാൾ സീറ്റ് കോൺഗ്രസാണ് നേടിയത്. ദേശീയ നേതാവിനുനേരെ ഇത്തരത്തിൽ മോശം പ്രതികരണങ്ങൾ നടത്തുന്നത് ശരിയല്ല. അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും എതിരെ മോശമായ ഭാഷയിൽ സംസാരിച്ചാൽ എങ്ങനെയിരിക്കും’– പ്രമോദ് തിവാരി ചോദിച്ചു.

രാഹുല്‍ എവിടെയൊക്കെ പ്രചാരണം നടത്തുന്നോ അവിടെയൊക്കെ കോണ്‍ഗ്രസ് പരാജയപ്പെടുകയാണ് എന്നായിരുന്നു യോഗിയുടെ വിമർശനം. യോഗിക്കെതിരായ വികാരം സുശീൽ കുമാർ ഷിൻഡെയും പങ്കുവച്ചു. മഹാരാഷ്ട്ര മറാഠ്‌വാഡയിലെ നാന്ദേഡ് കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഗംഭീര വിജയം രാഹുൽ ഗാന്ധിയുടെ കൂടി നേട്ടമാണ്. രാഹുൽ അവിടെ പ്രചാരണത്തിന് എത്തിയതാണ് കോൺഗ്രസിന്റെ വലിയ നേട്ടത്തിനു കാരണമെന്നതാരും മറക്കരുതെന്നും ഷിൻഡെ പറഞ്ഞു.

81 അംഗ നാന്ദേഡ് കോർപറേഷനിൽ 77 സീറ്റിലെ ഫലം അറിഞ്ഞപ്പോൾ 69 എണ്ണവും നേടിയാണു കോൺഗ്രസ് ഭരണം നിലനിർത്തിയത്. ബിജെപി ആറു സീറ്റ് നേടിയപ്പോൾ ശിവസേന ഒരു സീറ്റിലൊതുങ്ങിയിരുന്നു. സമീപകാലത്തു തിരഞ്ഞെടുപ്പ് നടന്ന 16 മുനിസിപ്പൽ കോർപറേഷനുകളിൽ പന്ത്രണ്ടും ബിജെപി പിടിച്ചെടുത്തിരുന്നു.

രാഹുലിന് പക്വതയില്ല: യോഗി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന് പരിഹസിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പക്വതയില്ലാത്ത അഭിപ്രായ പ്രകടനങ്ങളാണു ജനങ്ങൾ രാഹുലിനെ പപ്പു എന്നുവിളിക്കാൻ കാരണം. രാഹുല്‍ എവിടെയൊക്കെ പ്രചാരണം നടത്തുന്നോ അവിടെയൊക്കെ കോണ്‍ഗ്രസ് പരാജയപ്പെടുകയാണെന്നും യോഗി പറഞ്ഞു.

അമിത് ഷാ ഗുജറാത്തിലെത്തുമ്പോൾ രാഹുല്‍ ഇറ്റലിയിലേയ്ക്ക് പറക്കും. പിന്നെ ഗുജറാത്തിനെക്കുറിച്ച്‌ ഓര്‍ക്കാറേയില്ല. 14 വര്‍ഷം അമേഠി ഭരിച്ചിട്ടും അവിടെ കലക്ടറേറ്റ് കെട്ടിടം പോലും രാഹുലിനു നിര്‍മിക്കാനായില്ല. വികസനത്തെയല്ല, നശീകരണത്തെയാണ് രാഹുല്‍ പിന്തുണക്കുന്നത്. 2004ല്‍ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ട തീവ്രവാദി ഇസ്രത്ത് ജഹാനെ രാഹുല്‍ പിന്തുണക്കുന്നതായും യോഗി ചൂണ്ടിക്കാട്ടി.

സൗരാഷ്ട്രയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര േമാദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ദുരന്ത സ്ഥലത്തെത്തി. എന്നാല്‍ രാഹുല്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സന്ദര്‍ശിക്കാതെ ഇറ്റലിയിലേക്കു പറക്കുകയായിരുന്നെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.