Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യം കണ്ട ഏറ്റവും നശിച്ച ഭരണമാണു കേരളത്തിലേത്: അൽഫോൻസ് കണ്ണന്താനം

bjp-janarakshayatra-1 പത്തനംതിട്ടയിലെ ബിജെപിയുടെ ജനരക്ഷായാത്രയിൽനിന്ന്. ചിത്രം കടപ്പാട്: ബിജെപി കേരളം, ഫെയ്സ്ബുക് പേജ്

പത്തനംതിട്ട ∙ ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ നാടാണ് ഇന്ത്യയെന്നു കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം പറഞ്ഞു. ജനരക്ഷായാത്രയുടെ പത്തനംതിട്ടയിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുപോലെ സംരക്ഷണം ലഭിക്കുന്ന നാടാണിത്. മോദി അധികാരത്തില്‍ വന്നാല്‍ ക്രിസ്ത്യന്‍ – മുസ്‌ലിം പള്ളികള്‍ ആക്രമിക്കപ്പെടുമെന്നായിരുന്നു പ്രചാരണം. മൂന്നര വര്‍ഷമായിട്ടും ഇന്ത്യയില്‍ ഒരു പള്ളിക്കു നേരെയും ആക്രമണം നടന്നില്ല. രാജ്യം കണ്ട ഏറ്റവും നശിച്ച ഭരണമാണു കേരളത്തിലേത്. കൊലപാതകങ്ങള്‍ നടത്തി സിപിഎം നാടിനു പേരുദോഷമുണ്ടാക്കി. കൊലപാതക രാഷ്ട്രീയം പറ്റില്ലെന്നു ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു. ബിജെപിയുടെ യുദ്ധമുറ വാളും കത്തിയുമെടുത്തല്ല, ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെയാണ്.

മോദിയുടെ വികസന സ്വപനം രാജ്യം മുഴുവന്‍ ഏറ്റുവാങ്ങി. നരേന്ദ്ര മോദി അധികാരത്തിലെത്തുമ്പോള്‍ രാജ്യത്തെ 67% ആളുകള്‍ക്കും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളില്ലായിരുന്നു. നാലേമുക്കാല്‍കോടി കക്കൂസുകളാണു സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയത്. ഇപ്പോള്‍ ഇന്ത്യയിലെ 69% ആളുകള്‍ക്കും കക്കൂസുകള്‍ ഉണ്ട്. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും മാത്രമല്ല എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയാണ് ഇനി ലക്ഷ്യം.

2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീടു പണിതു നല്‍കാനാണു മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്നരക്കോടി എല്‍പിജി കണക്‌ഷനാണ് സൗജന്യമായി നല്‍കുന്നത്. മോദി സര്‍ക്കാര്‍ പാവങ്ങള്‍ക്കുവേണ്ടിയാണു നിലകൊള്ളുന്നത് എന്ന് ഇതില്‍നിന്നു വ്യക്തമാണ്. മൂന്നര വര്‍ഷത്തെ മോദി ഭരണത്തില്‍ ഒരു അഴിമതിപോലും കേന്ദ്രമന്ത്രിമാര്‍ക്കെതിരെയില്ല. മോദിയുടെ സ്വപ്‌നം കേരള ജനത ഏറ്റെടുക്കുന്ന കാലം അടുത്തെത്തി എന്നതിനു തെളിവാണു ജന രക്ഷാ യാത്രയ്ക്കു ലഭിക്കുന്ന സ്വീകരണമെന്നും അല്‍ഫോൻസ് കണ്ണന്താനം പറഞ്ഞു.

related stories