Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ഐടി ജീവനക്കാർ അനധികൃത കുടിയേറ്റക്കാരല്ല: യുഎസിനോട് ജയ്റ്റ്‌ലി

Arun Jaitley

വാഷിങ്ടൻ∙ വീസ നയങ്ങളിൽ തീരുമാനങ്ങളെടുക്കുമ്പോൾ യുക്തിസഹമായിരിക്കാൻ ശ്രദ്ധിക്കണമെന്ന് യുഎസിനോട് ഇന്ത്യ. എച്ച് 1ബി വീസയിൽ അമേരിക്കയിലേക്കെത്തുന്ന ഇന്ത്യൻ ഐടി ജീവനക്കാർ ‘അനധികൃത സാമ്പത്തിക കുടിയേറ്റക്കാര’ല്ലെന്നു കേന്ദ്രമന്ത്രി അരുൺ ജയറ്റ്ലി പറഞ്ഞു. രാജ്യാന്തര നാണ്യനിധിയുടെയും ലോക ബാങ്കിന്റെയും വാർഷികയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

അനധികൃതമായി വരുന്നവരെപ്പറ്റിയാണ് യുഎസിന്റെ ആശങ്ക. എന്നാൽ ഇന്ത്യക്കാരെല്ലാം നിയമത്തിനു വിധേയമായാണ് അവിടെയെത്തുന്നത്. അതിനാൽത്തന്നെ വീസ നയങ്ങൾ രൂപപ്പെടുത്തുമ്പോൾ അത്തരക്കാരുടെ കാര്യം പ്രത്യേകം പരിഗണിക്കണം. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ മുചിൻ, കൊമേഴ്സ് സെക്രട്ടറി വിൽബർ റോസ് എന്നിവരുമായുളള ചർച്ചയിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചിരുന്നുവെന്നും ജയ്റ്റ്‌ലി പറഞ്ഞു.

വിദഗ്ധ തൊഴിൽമേഖലകളിൽ വിദേശ ജീവനക്കാരെ നിയോഗിക്കാനായി യുഎസിലെ കമ്പനികൾക്ക് അനുവദിക്കുന്ന ഹ്രസ്വകാല നോൺ–ഇമിഗ്രന്റ് വീസകളാണ് എച്ച്1 വിഭാഗത്തിലുള്ളത്. ഇന്ത്യയിൽ നിന്നുള്ള ഐടി ജീവനക്കാരാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ. യുഎസ് സമ്പദ്‌വ്യവസ്ഥയിലേക്കു വൻതോതിൽ സംഭാവന നൽകുന്നവരാണ് എച്ച് 1ബി വീസയിലെത്തുന്ന ഇന്ത്യക്കാർ. മികച്ച പരിശീലനം ലഭിച്ച പ്രഫഷണലുകളാണവർ.

യുഎസിലേക്കെത്തുന്ന ഐടി ജീവനക്കാരോടുള്ള സമീപനത്തിൽ വ്യത്യാസം വേണം. ഇതു സംബന്ധിച്ച് തങ്ങളുടെ ആശങ്ക യുഎസിനെ അറിയിച്ചതായും ജയറ്റ്ലി പറഞ്ഞു. ഇന്ത്യൻ ഐടി കമ്പനികൾ യുഎസിലെ പ്രവർത്തനങ്ങൾക്കു വേണ്ടി ജീവനക്കാരെ നിയോഗിക്കാൻ എച്ച് 1ബി വീസയെയാണ് ആശ്രയിക്കുന്നത്.

ഇന്ത്യൻ ഐടി വ്യവസായത്തിൽ നിന്നുള്ള വരുമാനത്തിൽ 60 ശതമാനവും യുഎസിലെ പ്രവർത്തനങ്ങളിൽ നിന്നു ലഭിക്കുന്നതാണെന്നതിനാൽത്തന്നെ ഈ വീസയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച് നേരത്തേ യുഎസ് കോൺഗ്രസ് എച്ച്–1ബി, എൽ–1 വീസകളുടെ പ്രത്യേക നിരക്ക് ഇരട്ടിയാക്കി വർധിപ്പിക്കുന്ന ബില്ലിന് അംഗീകാരം നൽകിയിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളും എച്ച് 1ബി വീസയ്ക്ക് എതിരാണ്.

related stories