Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിന്റെ വിശ്വാസ്യത ട്രംപ് നഷ്ടപ്പെടുത്തുന്നു; യുദ്ധം ക്ഷണിച്ചുവരുത്തുന്നു: ഹിലറി

us election 2016

അങ്കാറ∙ ഇറാനുമൊത്തുള്ള ആണവകരാറിൽ നിന്ന് യുഎസ് പിന്മാറാനൊരുങ്ങുന്നത് എണ്ണവിലയിൽ കാര്യമായ മാറ്റമുണ്ടാക്കില്ലെന്ന് ഇറാനിയൻ ഊർജ മന്ത്രി ബിജാൻ സെംഗനാഹ്. ഇറാനും ആറു രാജ്യങ്ങളുമായുണ്ടാക്കിയ ആണവകരാറിൽ യുഎസ് നൽകിയ ഉറപ്പുകളെല്ലാം പിൻവലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. വൈകാതെ തന്നെ കരാറിൽ നിന്നു പിന്മാറാനാണു തീരുമാനം.

ആണവായുധങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 2015ൽ കരാർ ഒപ്പിടുന്ന സമയത്ത് ഇറാൻ നൽകിയ ഉറപ്പുകളൊന്നും പാലിക്കുന്നില്ലെന്നാണ് ട്രംപിന്റെ വിമർശനം. ഇറാനുമേൽ ആണവ ഉപരോധം ഏർപ്പെടുത്തുന്നതും കരാറിൽ നിന്നു പിന്മാറുന്നതും സംബന്ധിച്ച തീരുമാനം ഇനി സെനറ്റാണ് കൈക്കൊള്ളേണ്ടത്.‌

അതേസമയം കരാറിൽ നിന്നു പിന്മാറുന്നത് അത്യന്തം അപകടകരമാണെന്ന് ഡെമോക്രാറ്റിക് നേതാവ് ഹിലറി ക്ലിന്റൻ പറഞ്ഞു. ലോകരാജ്യങ്ങൾക്കു മുന്നിൽ യുഎസിന്റെ വിശ്വാസ്യത കളഞ്ഞുകുളിക്കുന്ന നീക്കമാണിത്. കരാർ പ്രകാരമാണ് ഇറാൻ മുന്നോട്ടു പോകുന്നതെന്ന് വ്യക്തമായിരിക്കെ യുഎസിന്റെ ഇത്തരം നടപടികൾ വിഡ്ഢിത്തമായിട്ടായിരിക്കും കണക്കാക്കുക.

വർഷങ്ങളായി യുഎസ് വളർത്തിക്കൊണ്ടു വന്ന വിശ്വാസ്യതയെയാണ് ട്രംപ് അട്ടിമറിച്ചിരിക്കുന്നത്. ലോകത്തിനു മുന്നിൽ രാജ്യം ചെറുതാകും. ഇറാന്റെ ചരടുവലിക്കനുസരിച്ച് യുഎസ് നിന്നു കൊടുക്കുന്നതിനു തുല്യമായി ട്രംപിന്റെ തീരുമാനമെന്നും ഹിലറി പറഞ്ഞു. ബറാക് ഒബാമ പ്രസിഡന്റായിരിക്കെ ഒപ്പിട്ട കരാറിനു വേണ്ടി സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലറിയും മുൻകയ്യെടുത്തിരുന്നു.

യുദ്ധത്തെ ക്ഷണിച്ചു വരുത്തും വിധമുള്ള വാക്കുകളിലൂടെയാണ് ഉത്തരകൊറിയയെ ട്രംപ് നേരിടുന്നതെന്നും ഹിലറി പറഞ്ഞു. ഇത് അമേരിക്കയുടെ സഖ്യകക്ഷികളെയും വ്യാകുലപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കൊറിയയിൽ നയതന്ത്രതലത്തിലെ പരിഹാരത്തിനാണ് യുഎസ് ശ്രമിക്കേണ്ടതെന്നും ഹിലറി പറഞ്ഞു. എന്നാൽ ഹിലറിയുടെ ആരോപണങ്ങൾക്ക് ട്രംപ് മറുപടി നൽകിയിട്ടില്ല.