Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഡിഎഫ് ഹർത്താലിൽ പലയിടത്തും സംഘർഷം; പൊലീസ് ലാത്തിവീശി

Hartal | Kannur കണ്ണൂർ റയിൽവേസ്റ്റേഷനു മുൻപിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് തടയുന്ന സമരാനുകൂലികൾ. ചിത്രം: എം.ടി. വിധുരാജ്.

തിരുവനന്തപുരം∙ ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഉൾപ്പെടെ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ യുഡിഎഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ തുടരുന്നു. കെഎസ്ആര്‍ടിസി ഭാഗികമായി സര്‍വീസ് നടത്തുന്നുണ്ട്. പൊലീസ് സുരക്ഷ ഒരുക്കിയാണു സർവീസുകള്‍ നടക്കുന്നത്.

തൃശൂർ – കോഴിക്കോട് പാതയിലെ പ്രധാന ജംക്‌ഷനുകളിലൊന്നായ എടപ്പാളിൽ വാഹനം തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ലാത്തിയടിയിൽ പത്തോളംപേർക്കു പരുക്ക്. സാരമായി പരുക്കേറ്റ ആറ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കെഎസ്‌ആർടിസി ബസ് തടയുകയും തർക്കത്തെ തുടർന്ന് അതേ ബസിന്റെ ചില്ലുതകർക്കുകയും ചെയ്‌തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജംക്‌ഷൻ വഴി പോകുന്ന എല്ലാ വാഹനങ്ങളും തടഞ്ഞിട്ടു. പൊലീസും പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായതോടെ കൂടുതൽ നേതാക്കളും പ്രവർത്തകരും സ്‌ഥലത്തെത്തി. നാലു സ്‌റ്റേഷനുകളിൽനിന്നു പൊലീസും എത്തി. തുടർന്നുണ്ടായ ഉന്തുംതള്ളുമാണ് ലാത്തിയടിയിൽ കലാശിച്ചത്. എംഎസ്‌പിയിൽനിന്നു കൂടുതൽ പൊലീസുകാരെ സ്ഥലത്തു നിയോഗിച്ചു.

Harthal | Kannur കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപം കെഎസ്ആർടിസി ബസിൽ യാത്രചെയ്തവരെ ഇറക്കിവിട്ട ഹർത്താലനുകൂലികളുടെ നടപടിയിൽ പ്രതിഷേധിക്കുന്നവർ. ചിത്രം: എം.ടി. വിധുരാജ്.

മലപ്പുറം കൊണ്ടോട്ടിയില്‍ വാഹനങ്ങള്‍ തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. ഹര്‍ത്താലനുകൂലികള്‍ നിര്‍ബന്ധപൂര്‍വം പലയിടത്തും കടകള്‍ അടപ്പിച്ചു. ജീവനക്കാരോടു പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. കണ്ണൂരിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ കടകളും ബാങ്കും അടപ്പിച്ചു. ജി മാളിലെ കടകളും ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ കണ്ണൂർ ശാഖയുമാണ് അടപ്പിച്ചത്. തളിപ്പറമ്പ് താലൂക്ക് ഓഫിസിലേക്കും ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. യാത്രക്കാർക്ക് ആശ്വാസമായി കണ്ണൂർ ടൗണിൽ ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്.

കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപം കെഎസ്ആർടിസി ബസിൽ യാത്രചെയ്തവരെ ഇറക്കിവിട്ട ഹർത്താലനുകൂലികളുടെ നടപടിയിൽ പ്രതിഷേധം. ആശുപത്രിയിൽനിന്നു തിരിച്ചെത്തുന്ന കുടുംബം ഉൾപ്പെടെയുള്ളവർ ബസിലുണ്ടായിരുന്നു. ഇവർ നാട്ടുകാരുടെ കൂടി സഹായത്തോടെ പ്രതിഷേധിച്ചതിനെത്തുടർന്ന് യാത്രക്കാരെ അതേ ബസിൽ കയറ്റിയയച്ചു. പാലക്കാട് എലപ്പുള്ളിയില്‍ പ്രവര്‍ത്തകര്‍ കെഎസആര്‍ടിസി ബസ് തടഞ്ഞു.

Hartal ഹർത്താലിനെ തുടർന്നു തിരക്കൊഴിഞ്ഞ കാസർകോട് പുതിയ ബസ് സ്റ്റാൻഡ്. ചിത്രം: രാഹുൽ ആർ. പട്ടം.

കൊല്ലത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനു കാരണമായി. പൊലീസ് നോക്കിനില്‍ക്കെയാണ് പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ ആക്രമിച്ചത്. കൊട്ടാരക്കരയിലും ചവറയിലും വാഹനം തടഞ്ഞു കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചു. കോഴിക്കോട് മുക്കത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ വാഹനങ്ങള്‍ തടഞ്ഞു. പ്രവര്‍ത്തകരെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആലപ്പുഴ പട്ടണക്കാട് പൊലീസ് സ്റ്റേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഉണ്ടായി. വാഹനങ്ങള്‍ തടഞ്ഞതിന് അറസ്റ്റുചെയ്ത പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണു പ്രതിഷേധം.

കൊച്ചി പാലാരിവട്ടത്തും പാലക്കാട് എലപ്പുള്ളിയിലും കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. ഹർത്താലിന്റെ ഭാഗമായി യുഡിഎഫ് പ്രവർത്തകർ ആലുവയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉപരോധിക്കുന്നു. അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിലാണ് ഉപരോധം. ഹർത്താൽ അനുകൂലികൾ ആലുവ നഗരത്തിലും ദേശത്തും വാഹനങ്ങൾ തടഞ്ഞു. തൃശൂര്‍ സ്വരാജ് ഗ്രൗണ്ടിനു സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവരെ അറസ്റ്റുചെയ്തു നീക്കിയതു നേരിയ സംഘര്‍ഷത്തിനു കാരണമായി. തിരുവനന്തപുരം പൂവച്ചല്‍, വെളളനാട്, വിതുര എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. കോന്നിയിലും കോഴഞ്ചേരിയിലും കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായതിനാല്‍ പത്തനംതിട്ട ഡിപ്പോയില്‍നിന്നുളള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൊല്ലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.

Hartal | Kasargod ഹർത്താൽ ദിനത്തിൽ കാസർകോട് റയിൽവേ സ്‌റ്റേഷനിലെ പൊലീസ് സഹായം. ചിത്രം: രാഹുൽ ആർ. പട്ടം.

അതേസമയം, മറ്റു ജില്ലകളിൽനിന്നു വ്യത്യസ്തമായി കാസർകോട് ജില്ലയിൽ കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങിയില്ല. സുരക്ഷാ കാരണങ്ങളാൽ പൊലീസ് തന്നെ ആവശ്യപ്പെട്ടതു പ്രകാരമാണ് കെഎസ്ആർടിസി സർവീസ് ഒഴിവാക്കിയത്. കല്ലേറുണ്ടായേക്കാമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് ഇടപെടൽ. ഹർത്താൽ ഇതുവരെ സമാധാനപരമാണ്. കടകൾ പൂർണമായി അടഞ്ഞുകിടക്കുന്നു. കാറുകൾ ഉൾപ്പെടെ വാഹനങ്ങൾ നിരത്തിലിറങ്ങി. സ്വകാര്യ ബസുകളും സർവീസ് ഒഴിവാക്കി.

Hartal | Thiruvananthapuram തിരുവനന്തപുരം പാളയത്തുനിന്നുള്ള കാഴ്ച. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയുള്ള ഹർത്താൽ സമാധാനപരമായിരിക്കുമെന്നു യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു. ഹർത്താലിന്റെ ഭാഗമായി കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നു ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. അക്രമവും പൊതുമുതൽ നശിപ്പിക്കലും ഉണ്ടായാൽ കർശനമായി നേരിടും. അക്രമസാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രത പാലിക്കാൻ പൊലീസിനു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നു നടത്താനിരുന്ന പരീക്ഷകളിൽ മാറ്റമില്ലെന്നു പിഎസ്‍സി അറിയിച്ചു. അതേസമയം, സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്.