Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടികളെ ജോലിക്കു വിടുന്നില്ലേ? വീട്ടിൽ ‘ദോക് ലാ തന്ത്രം’ പ്രയോഗിക്കൂ: സുഷമ

Sushma Swaraj

അഹമ്മദാബാദ്∙ പെണ്‍കുട്ടികൾ ജോലിക്കു പോകാൻ വീട്ടുകാർ അനുവദിക്കുന്നില്ലേ? ദോക് ലായിൽ ഇന്ത്യ ചൈനയോട് എടുത്ത സമീപനം പോലെ വീട്ടിലും സ്വീകരിക്കൂയെന്ന ഉപദേശവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്തിൽ വനിതകളുമായി ബിജെപി നടത്തിയ ‘മഹിള ടൗൺ ഹാൾ’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജോലിക്കു വിടാൻ വീട്ടുകാർ തയാറല്ലെങ്കിൽ വാക്സാമർഥ്യത്തിലൂടെയും പ്രേരണയിലൂടെയും അവരെ പറഞ്ഞു മനസ്സിലാക്കി തീരുമാനം മാറ്റിക്കണമെന്നാണ് മന്ത്രി നിർദേശിച്ചത്.

സ്ത്രീകൾ ജോലിക്കു പോകുമ്പോഴുള്ള നേട്ടങ്ങൾ കുടുംബാംഗങ്ങൾക്ക് ആദ്യം മനസ്സിലാക്കിക്കൊടുക്കുക. എന്നിട്ടും അവർ വഴങ്ങിയില്ലെങ്കിൽ ‘ദോക് ലാ തന്ത്രം’ പ്രയോഗിക്കുക, അവർ കൂട്ടിച്ചേർത്തു. ദോക് ലായിൽ ഇന്ത്യയും ചൈനയും 70 ദിവസത്തിലകം മുഖാമുഖം നിന്ന സംഭവം രമ്യമായി പരിഹരിച്ചിരുന്നു. ഈ രീതിയിൽ കുടുംബങ്ങളെക്കൊണ്ട് തീരുമാനം മാറ്റിക്കണമെന്നാണ് സുഷമ ആവശ്യപ്പെട്ടത്.

സ്ത്രീകളുടെ പ്രശ്നങ്ങൾ മൂന്നു ഗണത്തിൽപ്പെടുത്താം – സുരക്ഷ, സ്വാതന്ത്ര്യം, ശാക്തീകരണം. ആദ്യത്തേതു പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയാണ്. സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന ഒരു രാജ്യത്ത് ഇപ്പോഴും പെൺകുഞ്ഞുങ്ങൾ ഗർഭപാത്രത്തിൽ വച്ചുതന്നെ കൊല്ലപ്പെടുന്നുവെന്നതിന്റെ കാരണമെന്താണെന്നു തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. പെൺഭ്രൂണഹത്യ നിരോധിക്കുന്നതിന് ഇന്ത്യയിൽ നിയമമുണ്ട്. എന്നാൽ നിയമം കൊണ്ടുമാത്രം ഈ ദുരാചാരം ഇല്ലാതാകില്ലെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്. അതിനാണ് ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന പ്രചാരണവുമായി കേന്ദ്രമെത്തിയത്.

വനിതകളുടെ സുരക്ഷയ്ക്കുവേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരവധി നടപടികളെടുത്തിട്ടുണ്ട്. സ്ത്രീകൾക്കു സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്നതിന്റെ ഭാഗമായി എൻഡിഎ സർക്കാർ പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്. പ്രത്യേക ജാമ്യങ്ങളൊന്നും ചോദിക്കാതെ ലോൺ അനുവദിക്കുന്ന മുദ്ര സ്കീമൊക്കെ അതിന്റെ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു.

ആർഎസ്എസിൽ വനിതകളില്ലെന്ന കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപകീർത്തികരമാണെന്നും പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സുഷമ കൂട്ടിച്ചേർത്തു.