Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിച്ചിട്ടും യുഡിഎഫ് ക്യാംപിൽ ആശങ്ക; കുറഞ്ഞത് 14,747 നിർണായക വോട്ടുകൾ

Vengara Election

മലപ്പുറം ∙ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം നടക്കുന്ന ആദ്യ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പരീക്ഷയിൽ ജയിച്ചെങ്കിലും മാർക്ക് കുറഞ്ഞതിന്റെ ആശങ്കയിലാണ് യുഡിഎഫ് ക്യാംപ്. ഭരണപക്ഷം രാഷ്ട്രീയ ജയം അവകാശപ്പെടുമ്പോൾ ബിജെപിക്ക് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. എസ്ഡിപിഐ നേട്ടമുണ്ടാക്കി.

ഭൂരിപക്ഷം കുറയുമെന്ന ആശങ്ക തുടക്കം മുതൽ യുഡിഎഫ് ക്യാംപിനുണ്ടായിരുന്നു. എന്നാൽ, കുഞ്ഞാലിക്കുട്ടിയുടെ 38,057 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും 30,000 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ലീഗ് നേതൃത്വം. 14,747 വോട്ടുകളാണ് പാർട്ടിക്ക് കുറഞ്ഞത്. ഒരിക്കൽപോലും ലീഗിനെ നിരാശപ്പെടുത്താത്ത മണ്ഡലത്തിലുണ്ടായ തിരിച്ചടി ലീഗിൽ ചർച്ചയാകും. ഇതിന്റെ അലയൊലികൾ യുഡിഎഫിലുമുണ്ടാകും.

വേങ്ങര മണ്ഡലം രൂപീകരിച്ച ആറു വർഷത്തിനിടെ നടക്കുന്ന ആറാമത്തെ തിരഞ്ഞെടുപ്പാണിത്; രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇ. അഹമ്മദിനും കുഞ്ഞാലിക്കുട്ടിക്കും ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ നിയമസഭാ മണ്ഡലമാണ് വേങ്ങര. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് നൽകിയ മണ്ഡലവും വേങ്ങരയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതേക്കുറിച്ചു പറഞ്ഞതിങ്ങനെ- ‘ഞങ്ങൾ ഭൂരിപക്ഷത്തിൽ അവസാന സ്ഥാനത്തുനിന്ന് മുന്നിലെത്തി. അവർ അവസാനമായി’. വോട്ടുകൾ എങ്ങോട്ടുപോയി എന്നതാകും വരുംദിവസങ്ങളിൽ ലീഗിലും യുഡിഎഫിലും പ്രധാന ചർച്ച.

സ്ഥാനാർഥി നിർണയം മുതൽ പിഴച്ചു തുടങ്ങിയെന്ന് ലീഗുകാർ തന്നെ രഹസ്യമായി പറയും. കെ.പി.എ. മജീദിന്റെയും ലത്തീഫിന്റെയുമെല്ലാം പേരുകളാണ് സാധ്യതാപട്ടികയിലുണ്ടായിരുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു കെ.എൻ.എ. ഖാദറിന്റെ കടന്നുവരവ്. പതിവുപോലെ ഇടഞ്ഞ യൂത്ത് ലീഗുകാരെ പതിവുപോലെതന്നെ നേതൃത്വം സമാധാനിപ്പിച്ചു. എന്നാൽ, പ്രവർത്തകർക്കിടയിൽ കെ.എൻ.എ. ഖാദർ അത്ര സ്വീകാര്യനായിരുന്നില്ല. മുൻ സിപിഐ നേതാവ്, ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ വാക്കുകൾ മുഖവിലയ്ക്കെടുക്കുന്നില്ല, ജനകീയനല്ല തുടങ്ങിയ ആരോപണങ്ങൾ ലീഗ് പ്രവർത്തകരെ സ്വാധീനിച്ചു. കുഞ്ഞാലിക്കുട്ടിയെന്ന നേതാവിന്റെ വ്യക്തിപ്രഭാവത്തിനടുത്തെത്താൻ കഴിയാത്തതും തിരിച്ചടിയായി. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് എല്ലാ പഞ്ചായത്തുകളിലും ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞു. ലീഗ് വിമത സ്ഥാനാർഥി ഉണ്ടായിരുന്നെങ്കിലും കാര്യമായ വോട്ടു നേടാൻ കഴിഞ്ഞില്ലെന്നത് നേതൃത്വത്തിന് ആശ്വാസമായി.

യുഡിഎഫ് നേരിടേണ്ടിവന്ന മറ്റൊരു വെല്ലുവിളിയായിരുന്നു സോളർ കമ്മിഷൻ റിപ്പോർട്ട്. വേങ്ങര തിരഞ്ഞെടുപ്പിൽ വോട്ടിങ് പുരോഗമിക്കവേ നാടകീയമായി സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിലെ പരാമർശങ്ങൾ യുഡിഎഫ് നേതൃത്വത്തിനു സമ്മാനിച്ചത് ആശങ്കയുടെ മണിക്കൂറുകളാണ്. പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ ലീഗ് പ്രവർത്തകർ വീടുകൾ കയറിയിറങ്ങി. പോളിങ് ശതമാനം ഉയർന്നെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. സോളർ വേങ്ങരയെ ബാധിക്കുന്ന വിഷയമല്ലെന്ന് ലീഗ് നേതൃത്വം പറയും, സോളർ ബാധിച്ചെന്ന് ഭരണപക്ഷവും. തുടർ ചർച്ചകൾ ചൂടുപിടിക്കുന്നത് യുഡിഎഫ് യോഗങ്ങളിലാകും. പ്രത്യേകിച്ച് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ സോളർ കേസിൽ ആരോപണം നേരിടുന്ന സാഹചര്യത്തിൽ.

Vengara Election

എൽഡിഎഫിന് രാഷ്ട്രീയമായി ആത്മവിശ്വാസം പകരുന്നതാണ് തിരഞ്ഞെടുപ്പ്. സർക്കാരിന്റെ ജനസമ്മതിയുടെ നേട്ടമായി അവർ തിരഞ്ഞെടുപ്പിനെ വ്യാഖ്യാനിക്കും. കോടിയേരിയുടെ വാക്കുകൾ നൽകുന്ന സൂചനയും അതുതന്നെ. പ്രവാസികൾ കൂടുതലുള്ള വേങ്ങരയിൽ എൽഡിഎഫ് സർക്കാർ പ്രവാസികൾക്കായി കൊണ്ടുവന്ന പദ്ധതികളും നേട്ടമുണ്ടാക്കിയെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. നിഷ്പക്ഷ വോട്ടുകൾ കൂടുതലായി സമാഹരിക്കാൻ കഴിഞ്ഞെന്നും പാർട്ടി വിലയിരുത്തുന്നു.

ഏറ്റവും വലിയ തിരിച്ചടി ബിജെപിക്കാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1,327 വോട്ടുകളാണ് കുറഞ്ഞത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ യാത്ര മലപ്പുറം ജില്ലയിലൂടെ കടന്നു പോയത് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ്. കേന്ദ്ര നേതാക്കളടക്കം മലപ്പുറം ജില്ലയിൽ പ്രചാരണത്തിനെത്തി. എന്നാൽ, ജാഥയിലെ ആളിളക്കം വോട്ടായി മാറ്റാൻ പാർട്ടിക്കു കഴിഞ്ഞില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കു ലഭിച്ചത് 7,055 വോട്ടുകളാണ്. ഇത്തവണ അത് 5,728 ആയി കുറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കാതെയുള്ള കേന്ദ്ര നേതാക്കളുടെ പ്രസ്താവനകളാണ് തിരിച്ചടിയായതെന്ന് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു. സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങളും തിരിച്ചടിയായി.

നേട്ടമുണ്ടാക്കിയത് എസ്ഡിപിഐയാണ്. 3,049 എന്ന കഴിഞ്ഞ തവണത്തെ വോട്ടിൽനിന്ന് 8648 ലേക്ക് ഉയർത്താൻ അവർക്ക് കഴിഞ്ഞു. അതിലേക്ക് വലിയ സംഭാവന നൽകിയതാകട്ടെ ബിജെപിയുടെ പ്രചാരണവും.