Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര സമ്മര്‍ദത്തിനു മുന്നിൽ മുട്ടുമടക്കി പാക്കിസ്ഥാന്‍; താലിബാനുമായി ചർച്ചയ്ക്ക് ശ്രമം

AFP_CZ3U7

ഇസ്‌ലാമാബാദ്∙ ഭീകരസംഘടനകൾ സൃഷ്ടിക്കുന്ന തലവേദനയ്ക്ക് പരിഹാരം തേടി ഒടുവിൽ പാക്കിസ്ഥാനും മുന്നിട്ടിറങ്ങുന്നു . ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദം തുടരുന്നതിനിടെയാണ് അഫ്ഗാൻ താലിബാനുമായി ചർച്ചയ്ക്ക് പാക്കിസ്ഥാൻ ശ്രമം ആരംഭിച്ചത്. സമാധാന ചർച്ചയ്ക്കായി ഒരു പ്രത്യേക സംഘത്തിന് രൂപം നൽകണമെന്ന് താലിബോനോടു പാക്കിസ്ഥാൻ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് പാകിസ്ഥാൻ ഔദ്യോഗികമായിത്തന്നെ താലിബാൻ നേതൃത്വത്തിന് സന്ദേശം കൈമാറിയതായി താലിബാന്റെ ഒരു മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ‘ദ് ഡെയ്‌ലി ടൈംസ്’ പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ താലിബാന്‍ നേതൃത്വം ഇതു സംബന്ധിച്ച് യാതൊരു മറുപടിയും ഇതുവരെ നൽകിയിട്ടില്ല.

ഇക്കഴിഞ്ഞ മാർച്ചിലും താലിബാൻ നേതാക്കളുമൊത്ത് പാക്കിസ്ഥാന്റെ ഉന്നതതല നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ ചർച്ചകളിൽ പങ്കാളികളാകാനുള്ള പാക്കിസ്ഥാന്റെ ക്ഷണത്തെ അന്ന് താലിബാൻ തള്ളുകയായിരുന്നു. തൊട്ടടുത്ത മാസം തന്നെ തങ്ങളുടെ പുതിയ ആക്രമണ രീതിയെപ്പറ്റിയുള്ള വിവരങ്ങള്‍ താലിബാൻ പുറത്തുവിടുകയും ചെയ്തു.

2016ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മുല്ല അക്‌തർ മൻസൂറിന്റെ പേരിൽ ‘ഒമറി ഓപറേഷൻസ്’ എന്ന ആക്രമണരീതി പ്രകാരം വിദേശി സൈനികരെയായിരുന്നു അന്ന് ലക്ഷ്യമിട്ടത്. പരമ്പരാഗത ആക്രമണ തന്ത്രങ്ങൾക്കൊപ്പം ഇനി മുതൽ ഗറില്ല യുദ്ധമുറകളും കൂടുതൽ ചാവേർ ആക്രമണങ്ങളും ഉൾപ്പെടെ നടത്തുമെന്നായിരുന്നു വ്യക്തമാക്കിയത്.

അതേസമയം ഇത്തവണയും ചർച്ചകൾക്കു തയാറായില്ലെങ്കിൽ പാക്കിസ്ഥാനു കനത്ത നടപടികളിലേക്കു കടക്കേണ്ടി വരുമെന്നാണു സൂചന. ചില താലിബാൻ നേതാക്കൾ അറസ്റ്റു ചെയ്യപ്പെടാനും അഫ്ഗാനിസ്ഥാനു കൈമാറാനും ഉൾപ്പെടെ സാധ്യതയുണ്ടെന്ന് മുതിർന്ന നേതാക്കൾ പറയുന്നു.

താലിബാന്റെ പട്ടാളത്തലവൻ ഈബ്രാഹിം സാദ്‌ർ ഉൾപ്പെടെയുള്ള കമാൻഡര്‍മാരെല്ലാം അഫ്ഗാന്റെ തെക്കൻ മേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നും റിപ്പോർട്ടിലുണ്ട്. മിക്ക താലിബാൻ നേതാക്കളും യുഎസ് ഡ്രോൺ ആക്രമണം ശക്തമായതിനെത്തുടർന്ന് അഫ്ഗാനിലേക്കു കടന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലുള്ള സ്വാധീനം ശക്തമായതോടെ അവിടെ സ്വതന്ത്രവിഹാരമാണ് താലിബാൻ നടത്തുന്നതെന്നും റിപ്പോർട്ടിലുണ്ട്.

അഫ്ഗാനിലെ പ്രശ്നങ്ങൾക്ക് നയതന്ത്രതലത്തിൽ പരിഹാരത്തിനു ശ്രമം നടക്കുമ്പോഴാണ് സമാധാനത്തിനു വേണ്ടി ഇടപെടാൻ പാക്കിസ്ഥാനു മേൽ സമ്മർദം ശക്തമായത്. അഫ്ഗാനിസ്ഥാന്‍, ചൈന, പാകിസ്ഥാന്‍, അമേരിക്ക എന്നീ രാജ്യങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ കൂട്ടായ്മ(ക്യുസിജി)യുടെ യോഗം തിങ്കളാഴ്ച മസ്കറ്റിൽ നടന്നു. ഇക്കഴിഞ്ഞ മേയിൽ ഇസ്‌ലാമാബാദിലായിരുന്നു ഇതിനു മുൻപത്തെ കൂടിക്കാഴ്ച.

എന്നാൽ മുല്ല അക്‌തർ മൻസൂറിന്റെ മരണത്തെത്തുടർന്ന് പാക്കിസ്ഥാൻ കൂട്ടായ്മയിൽ പ്രതിഷേധം അറിയിച്ചിരുന്നു. സമാധാന ശ്രമങ്ങൾക്കുള്ള തിരിച്ചടിയെന്നാണു പാക്കിസ്ഥാൻ സംഭവത്തെപ്പറ്റി പറഞ്ഞത്.  ഇപ്പോൾ അമേരിക്ക തന്നെയാണ് താലിബാനുമൊത്തുള്ള ചർച്ചയ്ക്കു മുൻകയ്യെടുത്തത്. പാക്ക് വിദേശകാര്യ സെക്രട്ടറി തെഹ്മിന ജൻജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മസ്കറ്റിലെത്തിയിരിക്കുന്നത്.

താലിബാന്റെ ചർച്ചയ്ക്ക് ക്ഷണിക്കാനുള്ള ഉത്തരവാദിത്തം തങ്ങൾക്കു മാത്രമല്ലെന്നും എല്ലാ ക്യുസിജി രാജ്യങ്ങളും അതിനു ശ്രമിക്കണമെന്നും പാക്കിസ്ഥാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റഷ്യയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രശ്നത്തിൽ ഉൾപ്പെട്ട സാഹചര്യത്തിൽ താലിബാൻ വിഷയം കൂടുതൽ സങ്കീർണമായ അവസ്ഥയാണ്. തുടർന്നാണ് പാക്കിസ്ഥാന്റെ ഇപ്പോഴത്തെ ഇടപെടൽ.