Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരി ലങ്കേഷ്, കാഞ്ച ഇളയ്യ: ആശങ്ക ചർച്ച ചെയ്ത് യുഎസ് പ്രതിനിധി സഭ

gauri-lankesh-kancha-ilaiah ഗൗരി ലങ്കേഷ്, കാഞ്ച ഇളയ്യ

വാഷിങ്ടൻ∙ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവും ദലിത് എഴുത്തുകാരൻ കാഞ്ച ഇളയ്യയ്ക്കെതിരായ വധഭീഷണിയും യുഎസ് പ്രതിനിധി സഭയിലും ചർച്ചയായി. അരിസോണയിലെ എട്ടാമത് കോൺഗ്രഷനൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കൻ ഹാരോൾഡ് ട്രെൻഡ് ഫ്രാങ്ക്സ് ആണ് സഭയിൽ വിഷയം ഉയർത്തിയത്. ആവിഷ്കാര സ്വാതന്ത്ര്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസാരിക്കാനുള്ള ഒരാളുടെ സ്വാതന്ത്ര്യം ലോകമെങ്ങും നിരന്തരം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആരെയെങ്കിലും വിമർശിക്കാനോ മറ്റൊരാളുടെ കാഴ്ചപ്പാട് ഇന്റർനെറ്റിൽ പങ്കുവയ്ക്കാനോ കഴിയുന്നില്ല. അങ്ങനെ ചെയ്യുന്നതിന്റെ ഫലം ചിലപ്പോൾ മരണം വരെയാകാം. കഴിഞ്ഞ മാസം സ്വന്തം വീടിനു പുറത്തു മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കാര്യം ഫ്രാങ്ക്സ് പരാമർശിച്ചു. ജനാധിപത്യത്തിനെതിരായ ഘടകങ്ങളെ വിമർശിച്ചതിന്റെ ഫലമാണ് അവരനുഭവിച്ചത്. യുക്തിവാദികളായ ഗോവിന്ദ് പൻസാരെ, എം.എം.കൽബുറഗി, നരേന്ദ്ര ധബോൽക്കർ എന്നിവരുടെ കൊലപാതകങ്ങളുമായി സാമ്യമുള്ളതാണു ഗൗരിയുടെ വധം. നാലുമിനിറ്റോളം നീണ്ടുനിന്ന ഒക്ടോബർ 12ലെ പ്രസംഗത്തിലാണ് ഇരു വിഷയങ്ങളും ഫ്രാങ്ക്സ് പരാമർശിച്ചത്.

ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരൻ പ്രഫ. കാഞ്ച ഇളയ്യയ്ക്കുനേരെയും ആഴ്ചകൾക്കുമുൻപു വധഭീഷണിയുണ്ടായിരുന്നു. പാർലമെന്റിലെ ഹിന്ദു അംഗമാണ് ഭീഷണിയുയർത്തിയത്. നിലവിൽ ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാരിന്റെ സഖ്യകക്ഷിയുടെ എംപിയായ അയാൾ ഇളയ്യയെ പരസ്യമായി തൂക്കിലേറ്റണമെന്നാണ് ആവശ്യപ്പെട്ടത്. തെലുങ്കുദേശം പാർട്ടി എംപി ടി.ജി.വെങ്കടേഷിന്റെ പ്രസ്താവന ഉദ്ധരിച്ചായിരുന്നു ഫ്രാങ്ക്സിന്റെ പരാമർശം.

പ്രമുഖ ദലിത് ചിന്തകനും ദലിത് അവകാശ പ്രവർത്തകനും ഗ്രന്ഥകാരനുമാണ് ഇളയ്യ. വാഹനത്തിൽ യാത്ര ചെയ്യവെ ഒരുകൂട്ടമാളുകൾ ഇളയ്യയെ ആക്രമിക്കുകയും ചെയ്തു. സുരക്ഷയുടെ ഭാഗമായുള്ള വീട്ടുതടങ്കലിലാണ് ഇളയ്യ ഇപ്പോൾ. ഇളയ്യയ്ക്കു നേരെയുണ്ടായ ഭീഷണിയിൽ രാജ്യാന്തര സമൂഹവും യുഎസും ആശങ്കപ്പെടണം. നമ്മുടെ സുഹൃത്തും സഖ്യകക്ഷിയുമായ ഇന്ത്യ ഇക്കാര്യത്തിനു പ്രഥമ പരിഗണന നൽകണം. ഇളയ്യയുടെ സംസാരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഒരിക്കലും തടസ്സപ്പെടരുതെന്നും ഫ്രാങ്ക്സ് കൂട്ടിച്ചേർത്തു.