Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുങ്ങിയ കപ്പലിലെ ജീവനക്കാരെ തിരയാൻ ഇന്ത്യൻ നാവികസേനയുടെ വിമാനവും

indian-navy-rescue-flight തിരച്ചിൽ – രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേനയുടെ വിമാനം ആരക്കോണത്തുനിന്ന് പുറപ്പെടുന്നതിനു മുൻപ്.

കൊച്ചി∙ ഫിലിപ്പീൻസ് മേഖലയിൽ മുങ്ങിയ എംവി എമറാൾഡ് സ്റ്റാർ എന്ന കപ്പലിലെ ജീവനക്കാർക്കുവേണ്ടി തിരച്ചിൽ – രക്ഷാദൗത്യവുമായി ഇന്ത്യൻ നാവികസേനയുടെ വിമാനം മനിലയിൽ ഇന്നു രാവിലെ ഇന്ത്യൻ സമയം ആറിന് എത്തി. അൽപസമയത്തിനുശേഷം തിരച്ചിലിനായി പറന്നു. കാറ്റു നിറച്ച് സഞ്ചരിക്കാവുന്ന റബർ വള്ളവും ദുരന്തത്തിന് ഇരയായവരെ കണ്ടെത്തിയാൽ നൽകാൻ വെള്ളവും ഭക്ഷണവും മരുന്നും വിമാനത്തിൽ കരുതിയിട്ടുണ്ട്. റബർ വള്ളത്തിൽ 10 പേർക്കു സഞ്ചരിക്കാം.

ബോയിങ് പി–8ഐ എൽആർഎംആർ വിമാനം പറത്തുന്നതു കമാൻഡർ എം. രവികാന്താണ്. ഫിലിപ്പീൻസിലെ വിലമോർ എയർബേസിൽനിന്നാണു തിരച്ചിൽ ദൗത്യത്തിനു തുടക്കമിട്ടത്. തമിഴ്നാട്ടിലെ ആരക്കോണം നേവൽ എയർബേസിൽനിന്ന് അർധരാത്രിക്കുശേഷം പുറപ്പെട്ടതാണു വിമാനം. കപ്പലിന്റെ ക്യാപ്റ്റൻ രാജേഷ് നായർ മലയാളിയാണ്. 16 പേരെ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ 10 പേർക്കുവേണ്ടിയാണു തിരച്ചിൽ. അവരിൽ മലയാളികളുണ്ടെന്നാണു വിവരം.

ഇന്തൊനീഷ്യയിൽനിന്നു നിക്കൽ അയിരുമായി ചൈനയിലേക്കുള്ള യാത്രയ്ക്കിടെ വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ ഏഴിനായിരുന്നു അപകടമെന്നാണു രാജേഷിന്റെ വീട്ടുകാർക്കു ലഭിച്ച വിവരം. കൊടുങ്ങല്ലൂർ പുല്ലൂറ്റ് ചാക്കനാട്ട് ഓലിയിൽ രാജേഷ് നായർ മുംബൈക്കു സമീപം വസായ് വിരാറിലെ വിരാട് നഗറിലാണു താമസം. ഭാര്യ രശ്മി പശ്ചിമ റെയിൽവേ ഉദ്യോഗസ്ഥയാണ്.

സ്റ്റെല്ലർ ഓഷൻ ട്രാൻസ്പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ഹോങ്കോങ് റജിസ്ട്രേഷൻ കപ്പലാണ് എംവി എമറാൾഡ് സ്റ്റാർ. ഈമാസം എട്ടിനാണ് ഇന്തൊനീഷ്യയിൽ നിന്നു പുറപ്പെട്ടത്. നിക്കൽ അയിരിലെ ഈർപ്പം അനുവദനീയ പരിധിയിലും കൂടിയതിനെ തുടർന്നുള്ള ഇളക്കത്തിൽ കപ്പൽ ചെരിഞ്ഞതാണ് അപകട കാരണമെന്നാണു സൂചന. അപകടമേഖലയ്ക്കു സമീപമുണ്ടായിരുന്ന എംവി ഡെൻസ കോബ്ര, എസ്എം സാമരിൻഡ എന്നീ കപ്പലുകളാണു 16 പേരെ രക്ഷിച്ചത്.