Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറാട് കമ്മിഷന്റെ വഴിയേ സോളർ റിപ്പോർട്ടും; ഇനി യുദ്ധം വിവരാവകാശ കമ്മിഷനിൽ

oommen-chandy-pinarayi-vijayan

തിരുവനന്തപുരം∙ മാറാട് കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിനെച്ചൊല്ലി വിവരാവകാശ കമ്മിഷനിലും കോടതിയിലും ഉണ്ടായ തർക്കങ്ങൾക്കു സമാനമായ നിലയിലേക്കു സോളർ കമ്മിഷൻ റിപ്പോർട്ടും നീങ്ങുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ഉമ്മൻ‍ ചാണ്ടിക്കു നൽകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവരാവകാശ കമ്മിഷനിലേക്കുള്ള വഴിയാണു തെളിയുന്നത്.

മാറാട് കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ എ.കെ.ആന്റണി സർക്കാർ കമ്മിഷനെ നിയോഗിച്ചുവെങ്കിലും വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണു റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ പകർപ്പിനുവേണ്ടി ആർടിഐ കേരള ഫെ‍‍ഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡി.ബി.ബിനു അപേക്ഷ നൽകി. രഹസ്യസ്വഭാവമുള്ള റിപ്പോർട്ട് ആയതിനാൽ നൽകാനാവില്ലെന്ന് ആഭ്യന്തരവകുപ്പ് അഡീഷനൽ സെക്രട്ടറികൂടിയായ ഇൻഫർമേഷൻ ഓഫിസർ കെ.കെ.രമണി അറിയിച്ചു.

കേസ് വിവരാവകാശ കമ്മിഷനിൽ എത്തിയപ്പോൾ മുഖ്യ വിവരാവകാശ കമ്മിഷണർ പാലാട്ട് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള ഫുൾ ബെഞ്ചാണു വാദം കേട്ടത്. റിപ്പോർട്ട് നിയമസഭയിൽ വച്ചിട്ടില്ലാത്തതിനാൽ പുറത്തുവിടാനാവില്ലെന്നു സർക്കാർ വാദിച്ചു. റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതിനു മുൻപു പുറത്തുകൊടുക്കുന്നതു സഭയുടെ അവകാശലംഘനമാണെന്ന സ്പീക്കറുടെ കത്തും ഹാജരാക്കി. മന്ത്രിസഭയാണു കമ്മിഷനെ നിയമിച്ചതെന്നും സ്പീക്കറുടെ കത്തു നിയമപരമായി നിലനിൽക്കില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.

റിപ്പോർട്ടിന്റെ പകർപ്പു 10 ദിവസത്തിനകം അപേക്ഷകനു നൽകണമെന്നും ഉത്തരവിട്ടു. സമയത്തു റിപ്പോർട്ട് നൽകാത്തതിനു രമണി ദിവസം 250 രൂപ നിരക്കിൽ പിഴ നൽകണമെന്നും അവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കമ്മിഷൻ ഉത്തരവു റദ്ദാക്കിയില്ല. തുടർന്നു സർക്കാർ റിപ്പോർട്ടിന്റെ പകർപ്പ് അപേക്ഷകനു നൽകേണ്ടിവന്നു. അതുവരെയുള്ള കണക്കനുസരിച്ചു 14,750 രൂപയാണു രമണി പിഴ നൽകേണ്ടത്. അവർ പിന്നീടു പിഴയുടെ പകുതി കെട്ടിവച്ചു. തനിക്കെതിരായ നടപടികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഇനിയും വിധി വന്നിട്ടില്ല.

റിപ്പോർ‍ട്ട് ആവശ്യപ്പെടാം, നൽകുകയും വേണം

സോളർ കമ്മിഷൻ ശുപാർശയുടെ ഭാഗമായി ക്രിമിനൽ, വിജിലൻസ് കേസുകൾ എടുത്തതിനാൽ അതിൽ ഉൾപ്പെട്ടവർക്കു വിവരാവകാശ നിയമപ്രകാരം റിപ്പോർ‍ട്ട് ആവശ്യപ്പെടാം. തന്നെ ബാധിക്കുന്ന വിഷയമായതിനാൽ റിപ്പോർട്ടിന്റെ പകർപ്പു നൽകണമെന്നു കാണിച്ച് അപേക്ഷ നൽകിയാൽ 48 മണിക്കൂറിനകം ലഭ്യമാക്കണമെന്നു വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ട്. നൽകിയില്ലെങ്കിൽ കമ്മിഷനെ സമീപിക്കാം. അല്ലെങ്കിൽ സാധാരണ നടപടിക്രമം അനുസരിച്ചു 30 ദിവസംവരെ കാത്തിരിക്കണം.

സംസ്ഥാനത്ത് ഇതുവരെ 134 ജുഡീഷ്യൽ അന്വേഷണ കമ്മിഷനുകൾ ഉണ്ടായിട്ടുണ്ട്. ഒൻപതെണ്ണം നിയമസഭയിൽ പ്രഖ്യാപിച്ചവയാണ്. ആദ്യ ഇഎംഎസ് സർക്കാരിന്റെ കാലത്തെ ആന്ധ്ര അരി കുംഭകോണത്തെക്കുറിച്ചു ജസ്റ്റിസ് പി.ടി.രാമൻ നായർ കമ്മിഷന്റെ നിയമനം നിയമസഭയിലാണു പ്രഖ്യാപിച്ചത്. ഈ കമ്മിഷന്റെ റിപ്പോർട്ട് സർക്കാർ തള്ളിക്കളഞ്ഞു. രജനി എസ്.ആനന്ദിന്റെ മരണത്തെക്കുറിച്ചുള്ള സി.ഖാലിദ് കമ്മിഷന്റെ പ്രഖ്യാപനമാണ് ഏറ്റവും ഒടുവിൽ നിയമസഭയിൽ ഉണ്ടായത്.