Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം അവരുടെ അക്രമങ്ങൾ കാരണം കേരളത്തിൽ ഇല്ലാതാകും: അമിത് ഷാ

BJP Janarakshayatra ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ നടന്ന ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തിൽ‌നിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ കമ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽനിന്ന് ഇല്ലാതാക്കാൻ പോകുന്നത് അവർ നടത്തുന്ന അക്രമങ്ങൾ തന്നെയായിരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ജനരക്ഷായാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയ്ക്കു നൽകിയ പിന്തുണയ്ക്കു കേരളത്തിലെ ജനങ്ങൾക്കു നന്ദി. എന്തുകൊണ്ട് ഈ യാത്ര സംഘടിപ്പിക്കേണ്ടി വന്നു എന്നതാണു പ്രധാനം? ബിജെപി പ്രവർത്തകർക്കു ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. അക്രമത്തിലൂടെ അടിച്ചമർത്താനാണു സിപിഎം ശ്രമിക്കുന്നതെങ്കിൽ അവർക്ക് അതിനു കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. മാർക്സിസ്റ്റ് ആക്രമണത്തിന്റെ ചിത്രങ്ങൾ ഉൾകൊള്ളിച്ച പ്രദർശനം അമിത് ഷാ ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയെ പേരെടുത്തു പറഞ്ഞും അമിതാ ഷാ ആരോപണം ഉന്നിച്ചു. പിണറായി വിജയൻ, താങ്കൾക്കു ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിന്റെ കാരണം വിശദീകരിക്കാൻ കഴിയില്ല. കാരണം കൊലപാതക കേസിലെ പ്രതിയെ നിങ്ങൾ പാർട്ടി ഭാരവാഹിയാക്കിയിരിക്കുകയാണ്. ഞാൻ മുഖ്യമന്ത്രിയോടു ചോദിക്കുകയാണ്, ബിജെപി പ്രവർത്തകരെ ഇല്ലായ്മ ചെയ്യാനാണോ ജനങ്ങൾ നിങ്ങൾക്കു പിന്തുണ നൽകിയത്. ഈ സർക്കാർ വന്നതിനുശേഷം 13 പ്രവർത്തകരാണു കൊല്ലപ്പെട്ടത്. ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാണോ? വികസനത്തിന്റെയും ആശയങ്ങളുടെയും പേരിൽ ഏറ്റുമുട്ടാനാണെങ്കിൽ ഞങ്ങൾ തയാറാണ്. എപ്പോഴൊക്കെ സിപിഎം ഭരണത്തിൽ വന്നിട്ടുണ്ടോ അപ്പോഴൊക്കെ അക്രമം ഉണ്ടായിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ജനരക്ഷായാത്ര ചരിത്ര സംഭവം: കുമ്മനം

ജനരക്ഷായാത്ര ചരിത്ര സംഭവമാണെന്നു സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കി. കോൺഗ്രസിനെയും കമ്യൂണിസ്റ്റിനെയും വച്ചുപൊറുപ്പിക്കില്ല എന്ന ജനവികാരമാണു യാത്രയിൽ കണ്ടത്. ഇരു പാർട്ടികൾക്കും ബിജെപിയെ എതിർക്കാൻ ആശയമില്ല. യാത്രയ്ക്കെതിരെ ഇല്ലാ കഥകൾ പ്രചരിപ്പിച്ചു. കോൺഗ്രസ് തകർന്നു തരിപ്പണമായി. നേതാക്കൾ തലയിൽ മുണ്ടിട്ടു നടക്കുന്ന അവസ്ഥ. എൽഡിഎഫിൽ തോമസ് ചാണ്ടിയെ ചുമക്കുന്ന പിണറായി എങ്ങനെ ഇനി ആദർശ രാഷ്ടിയത്തെക്കുറിച്ചു പറയും. സിപിഎം വിശ്വസിക്കുന്നത് അക്രമ രാഷ്ട്രീയത്തിലാണെന്നും കുമ്മനം വ്യക്തമാക്കി.

രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന യാത്രയാണു ജനരക്ഷാ യാത്രയെന്ന് സംസ്ഥാന ഘടകം മുൻ അധ്യക്ഷന്‍ വി.മുരളീധരൻ പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ എംപിമാരെ സൃഷ്ടിക്കുന്ന പാർട്ടിയായി ബിജെപി മാറുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

അമിത് ഷായ്ക്കൊപ്പം വേദിയിൽ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, വി. മുരളീധരൻ, കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, അൽഫോൻസ് കണ്ണന്താനം, അശ്വിനികുമാർ ചൗരേ, രാംലാൽ, സുരേഷ് ഗോപി, റിച്ചാർഡ് ഹേ, സി.കെ. ജാനു, തുഷാർ വെളളാപ്പള്ളി, പി.സി. തോമസ്, എ.എൻ. രാജൻ ബാബു, ഒ. രാജഗോപാൽ എംഎൽഎ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് എന്നിവരുമുണ്ടായിരുന്നു.