Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്മനത്തിന്റെ രക്ഷായാത്ര രക്ഷയായോ? ബിജെപിയിൽ ചര്‍ച്ചകള്‍ സജീവം

janaraksha-yatra

തിരുവനന്തപുരം ∙ കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര പുത്തരികണ്ടം മൈതാനിയില്‍ സമാപിക്കുമ്പോള്‍ യാത്രയുടെ ഗുണദോഷങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവം. യാത്ര വെറുതേയായില്ലെന്ന് ബിജെപി ഔദ്യോഗിക നേതൃത്വം അവകാശപ്പെടുമ്പോള്‍ യാത്രയ്ക്ക് ജനസ്വീകാര്യത ഉണ്ടായില്ലെന്ന അഭിപ്രായമുള്ളവര്‍ പാര്‍ട്ടിയില്‍തന്നെയുണ്ട്. പരസ്യ പ്രതികരണത്തിന് ധൈര്യപ്പെടുന്നില്ലെന്നുമാത്രം. യാത്ര കൊണ്ട് കേരള രാഷ്ട്രീയത്തില്‍ ചെറുചലനം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എല്‍ഡിഎഫും യുഡിഎഫും അവകാശപ്പെടുന്നു.

കേരളത്തിലെ സാഹചര്യങ്ങള്‍ മനസിലാക്കാന്‍ കഴിയാത്ത കേന്ദ്ര നേതൃത്വത്തിനെതിരായാണ് ആരോപണങ്ങളുയരുന്നത്. കേന്ദ്ര നേതാക്കളുടെ കൂട്ടത്തോടെയുള്ള വരവും കേരളത്തിനെതിരെയുള്ള പ്രതികരണങ്ങളും തിരിച്ചടിയായെന്ന് അഭിപ്രായമുള്ള നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. കേരളത്തിലെ സാഹചര്യങ്ങള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതാണ് ഈ സാഹചര്യമൊരുക്കിയതെന്നും അവര്‍ പറയുന്നു.

ഈ മാസം മൂന്നിനു കണ്ണൂരിലെ പയ്യന്നൂരില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലൂടെ യാത്ര കടന്നുപോകുമ്പോള്‍ അമിത്ഷാ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്‍മാറിയത് ക്ഷീണമായി. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കായാണ് അമിത് ഷാ ഡല്‍ഹിക്ക് മടങ്ങിയതെന്ന വിശദീകരണം വന്നെങ്കിലും രാഷ്ട്രീയ എതിരാളികളുടെ കൂട്ടായ ആക്രമണം പാര്‍ട്ടിക്ക് നേരിടേണ്ടിവന്നു. പിന്നാലെ അമിത് ഷായുടെ മകന്റെ കമ്പനിക്കെതിരെ അഴിമതി ആരോപണം പുറത്തുവന്നതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായി.

യുപിയിലെയും കേരളത്തിലെയും ആരോഗ്യ മേഖലയെ താരതമ്യം െചയ്തുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയാണ് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായത്. ആരോഗ്യരംഗത്ത് കേരളം യുപിയെ മാതൃകയാക്കണമെന്ന പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധമുണ്ടായതോടെ മറുപടിയില്ലാതെ പാര്‍ട്ടി നേതൃത്വം വലഞ്ഞു.

Janaraksha Yatra ജനരക്ഷാ യാത്രയുടെ സമാപന വേദിയിലെത്തി നിർമാണം വീക്ഷിക്കുന്ന കുമ്മനം രാജശേഖരൻ

പിന്നാലെ സോളര്‍ കേസും വേങ്ങര ഉപതിരഞ്ഞെടുപ്പുമെത്തി. സോളര്‍ കേസ് ചര്‍ച്ചയായതോടെ മാധ്യമശ്രദ്ധ ജാഥയില്‍നിന്ന് അകന്നതായി പാര്‍ട്ടിയില്‍ വിലയിരുത്തലുണ്ടായി. ജാഥ മലപ്പുറം ജില്ലയിലൂടെ കടന്നുപോയതിന്റെ പിറ്റേദിവസം നടന്ന വേങ്ങര ഉപതിരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കു കനത്ത തിരിച്ചടി നേരിടേണ്ടിവന്നു. വോട്ട് കുത്തനെ കുറഞ്ഞു. നേട്ടമുണ്ടാക്കിയത് എസ്ഡിപിഐയും. യോഗി വിഷയമാണ് എസ്ഡിപിഐ പ്രചാരണ ആയുധമാക്കിയത്. യാത്ര അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേ ‘സിപിഎം കണ്ണുരുട്ടിയാല്‍ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന’ ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ പ്രതികരണവും വിവാദമായി. 

ജാഥയുടെ വിജയത്തിനായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രി വി.കെ.സിങ്, സ്മൃതി ഇറാനി, നിതിൻ ഗഡ്കരി തുടങ്ങി വലിയൊരു നേതൃനിര കേരളത്തിലെത്തി. പക്ഷേ, ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഇവര്‍ക്കായില്ലെന്ന അഭിപ്രായമാണ് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിനുള്ളത്.

എന്നാല്‍, യാത്ര വിജയമാണെന്നും മികച്ച പ്രതികരണമാണ് യാത്രയ്ക്കുണ്ടായതെന്നും ബിജെപി ഔദ്യോഗിക നേതൃത്വം അവകാശപ്പെടുന്നു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം രാജ്യത്തൊട്ടാകെ ചർച്ചയായതു യാത്രയിലൂടെയാണെന്നും അവര്‍ പറയുന്നു.

യാത്രയെക്കുറിച്ചും വേങ്ങരയിലെ തിരിച്ചടിയുടെ കാരണങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടു നല്‍‌കാന്‍ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ തുടര്‍ചര്‍ച്ചകള്‍ വരുംദിവസങ്ങളിലുണ്ടാകും. കേരളത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കേന്ദ്രത്തിനു മതിപ്പില്ലാതിരിക്കേ, വേങ്ങരയില്‍ കനത്ത തിരിച്ചടിയുണ്ടായത് സംസ്ഥാന നേതൃത്വത്തിനു തലവേദനയാണ്. ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന അമിത് ഷായുടെ താക്കീതിനും പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റമുണ്ടാക്കാനായിട്ടില്ല. ഘടക കക്ഷികളും അമര്‍ഷത്തിലാണ്. പാര്‍ട്ടിയില്‍ വലിയൊരു അഴിച്ചുപണിക്കുകൂടി യാത്ര നിമിത്തമാകുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

related stories