Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീഷണി തുടർന്നാൽ ഏതുനിമിഷവും ആണവ യുദ്ധമുണ്ടാകും: ഉത്തര കൊറിയ

Kim Jong Un and Donald Trump

ലണ്ടൻ∙ ശത്രുതാനയം യുഎസ് അവസാനിപ്പിക്കുംവരെ ആണവായുധങ്ങൾ നശിപ്പിക്കുന്നതിൽ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് ഉത്തരകൊറിയ. കൊറിയൻ പെനിസുലയിലെ സംഘർഷം നിർണായക ഘട്ടത്തിലാണ്. ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും യുഎന്നിലെ ഡപ്യൂട്ടി അംബാസഡർ കിം ഇൻ റയോങ് പറഞ്ഞു.

ഉത്തര കൊറിയയ്ക്കെതിരായ സമീപനങ്ങളും ആണവഭീഷണികളും യുഎസ് അവസാനിപ്പിക്കണം. അങ്ങനെയല്ലാതെ ആണവായുധങ്ങളെക്കുറിച്ചും ബാലിസ്റ്റിക് മിസൈലുകളെക്കുറിച്ചും ചർച്ച നടത്താൻ ഏതു സാഹചര്യത്തിലും ഞങ്ങൾ തയാറല്ല – റയോങ് പറയുന്നു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള വാക്പോരു തുടരുന്നതിനിടെയാണു യുഎന്നിലെ നിലപാടു വ്യക്തമാക്കൽ എന്നത് ശ്രദ്ധേയമാണ്. ഭീഷണിപ്പെടുത്തിയാൽ കൊറിയയെ ഉന്മൂലനം ചെയ്യുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ട്രംപിന് യുദ്ധം ഒഴിവാക്കണമെന്നാണ് ആഗ്രഹമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് ടില്ലേഴ്സണ്‍ പറഞ്ഞിരുന്നു. ആദ്യ ബോംബ് പതിക്കുന്നതുവരെ ചർച്ചകൾ തുടരുമെന്നും ടില്ലേഴ്സൺ വ്യക്തമാക്കി.

ലോകം ദുഷ്ടശക്തികളിൽനിന്നു വലിയ ഭീഷണിയാണു നേരിടുന്നതെന്നും ഇവരെ അമർച്ച ചെയ്യാൻ മുൻകൈ എടുക്കണമെന്നും യുഎന്നിലെ പ്രസംഗത്തിൽ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ പൂർണമായും നശിപ്പിക്കും. ഉത്തര കൊറിയയുടെ ‘റോക്കറ്റ് മാൻ’ (കിം ജോങ് ഉൻ) ആത്മഹത്യാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.