Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്കു തുടരും; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

Sreesanth

കൊച്ചി∙ ഐപിഎൽ ഒത്തുകളി വിവാദത്തിൽ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിൾ ജഡ്ജിയുടെ ഉത്തരവു ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ബിസിസിഐ നൽകിയ അപ്പീൽ അനുവദിച്ചാണു ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ബിസിസിഐയുടെ അച്ചടക്ക നടപടിയിൽ ഇടപെടാൻ ഹൈക്കോടതിക്കു സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്കുനീക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കോടതി അംഗീകരിക്കുകയായിരുന്നു.

ബിസിസിഐയുടെ നടപടി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാൽ നടപടി തുടരാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഓഗസ്റ്റ് ഏഴിന് ശ്രീശാന്തിന്റെ വിലക്ക് നീക്കിയത്. ഇതിനെതിരെയാണ് ബിസിസിഐ ഹൈക്കോടതി ഡിവിഷൻ ബെ‍ഞ്ചിനെ സമീപിച്ചത്.

ബിസിസിഐയുടെ വാദങ്ങൾ:

ബിസിസിഐ എടുത്ത അച്ചടക്ക നടപടിയിന്മേൽ തീരുമാനം പുനഃപരിശോധിക്കാൻ സിംഗിൾ ബെഞ്ചിന് അധികാരമില്ല. ബിസിസിഐയുടെ തീരുമാനങ്ങൾ ജു‍ഡീഷ്യൽ പുനരവലോകനത്തിനു വിധേയമല്ല. ബിസിസിഐയുടെ അച്ചടക്ക നടപടികളുടെ ഭാഗമായി അന്വേഷണം നടത്തിയാണു വിലക്കു തീരുമാനമെടുത്തത്. ഇതിന്റെ ശരിതെറ്റുകൾ പരിശോധിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ല. ബിസിസിഐയുടെ അച്ചടക്ക നടപടികളും അതോടൊപ്പം വാതുവയ്പ്പു കേസിൽ ക്രിമിനൽ കോടതിയെടുത്ത നടപടികളും വ്യത്യസ്തമാണ്. ക്രിമിനൽ കോടതിയുടെ തെളിവുകളും ബിസിസിഐയുടെ അച്ചടക്ക നടപടിയുടെ തെളിവുകളും വ്യത്യസ്തമാണ്. സിംഗിൾ ബെഞ്ച് ഇക്കാര്യത്തിൽ തീരുമാനമെടുത്തത് ശരിയായില്ല. തീരുമാനത്തിന് ബിസിസിഐക്കു വിടുകയായിരുന്നു വേണ്ടത്.

ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നത്:

വാതുവയ്പ്പുമായി ബന്ധപ്പെട്ട ശ്രീശാന്തിന്റെ ഫോൺകോൾ വിശദാംശങ്ങൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതു തന്റെ ശബ്ദമല്ലെന്നു ശ്രീശാന്ത് ഒരുഘട്ടത്തിൽപ്പോലും പറഞ്ഞിട്ടില്ല. വാതുവയ്പ്പുമായി ബന്ധപ്പെട്ടു നടന്ന സംഭാഷണങ്ങളെക്കുറിച്ചു കൃത്യമായി വിശദീകരണം നൽകാൻ ശ്രീശാന്ത് തയാറായിട്ടില്ല. ശ്രീശാന്ത് കുറ്റക്കാരനല്ലെന്നു സിംഗിൾ ബെ‍ഞ്ചിന്റെ വിധിയിലൊരിടത്തും പറഞ്ഞിട്ടില്ല. മറിച്ച് ഇത്രയും കാലം ക്രിക്കറ്റ് രംഗത്തുനിന്ന് അദ്ദേഹത്തെ അകറ്റിനിർത്തി അതു ശിക്ഷയായി കരുതി തീരുമാനം പുനഃപരിശോധിച്ച് ആജീവനാന്ത വിലക്ക് റദ്ദാക്കുകയാണ് സിംഗിൾ ബെഞ്ച് ചെയ്തതെന്നാണ് ഡിവിഷൻ ബെഞ്ച് കണ്ടെത്തിയത്.

സിംഗിൾ ബെഞ്ചിന്റെ നിഗമനങ്ങൾ:

∙ ബിസിസിഐയുടെ അഴിമതിവിരുദ്ധ പെരുമാറ്റച്ചട്ടം ശ്രീശാന്ത് ലംഘിച്ചതിനു തെളിവില്ല. ആരോപിക്കപ്പെടുന്ന വാതുവയ്പ് ഇടപാടിന് അനുസൃതമായി ശ്രീശാന്ത് റൺ‍സ് വഴങ്ങിയിട്ടില്ല. ഡീൽ നടന്നില്ല എന്നറിയുമ്പോൾ തന്നെ തെളിവു പരിശോധിക്കുന്നതിൽ ജാഗ്രത വേണമായിരുന്നു. സാഹചര്യ തെളിവു മാത്രമുള്ളപ്പോൾ അതു സമഗ്രമായി വിലയിരുത്തണം.

∙ ബിസിസിഐ ആശ്രയിച്ചത് പൊലീസ് ശേഖരിച്ച രണ്ടു സെറ്റ് തെളിവുകൾ – ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാർദനനും ചന്ദ്രേഷ് ചന്ദുഭായ് പട്ടേലും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും പൊലീസ് മുൻപാകെ ശ്രീശാന്ത് നൽകിയ കുറ്റസമ്മത മൊഴിയും. ജിജു ജനാർദനനും ചന്ദ്രേഷ് പട്ടേലും തമ്മിലുള്ള സംഭാഷണത്തിൽ, ശ്രീശാന്തിന് ഒത്തുകളിയിലോ വാതുവയ്പിലോ നേരിട്ടു പങ്കാളിത്തം തെളിയുന്നില്ല. സംഭാഷണം ശ്രീശാന്തിനെതിരെ ഉപയോഗിക്കുകയാണു ബിസിസിഐ ചെയ്തത്. അച്ചടക്ക സമിതി സ്വന്തം താൽപര്യത്തിനനുസരിച്ച് സംഭാഷണം ഉപയോഗിച്ചപ്പോൾ സത്യം പുറത്തുവരാതെ പോയി.

∙ കുറ്റസമ്മത മൊഴി കസ്റ്റഡിയിൽ വച്ച് ഉപദ്രവിച്ച് പറയിച്ചതാണെന്നു ശ്രീശാന്ത് പറയുന്നു. പൊലീസിൽ നൽകുന്ന കുറ്റസമ്മത മൊഴി നീതിന്യായ കോടതികൾ സ്വീകരിക്കാറില്ല. കുറ്റം സമ്മതിച്ചതു സ്വമേധയാ ആണെന്നു തെളിയിക്കാൻ ബിസിസിഐയ്ക്കു കഴിയാത്ത നിലയ്ക്ക് അച്ചടക്ക സമിതിയുടെ നടപടികളിലും അത് അംഗീകരിക്കാനാവില്ല.

∙ അച്ചടക്ക നടപടിക്കു മുൻപ് റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ ആർ.എൻ. സവാനിയുടെ അന്വേഷണ റിപ്പോർട്ട് സമിതിക്കു നൽകിയിരുന്നു. കുറ്റം തെളിയിക്കാൻ മതിയായ തെളിവുണ്ടെന്നാണു റിപ്പോർട്ടിൽ. എന്നാൽ കസ്റ്റഡിയിലായിരുന്ന ശ്രീശാന്തിനെ എൻക്വയറി ഓഫിസർക്കു കാണാൻ പോലുമായില്ലെന്ന് ആക്ഷേപമുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മേയിലാണ് ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ശ്രീശാന്തിനൊപ്പം അങ്കിത് ചവാൻ, അജിത് ചാന്ദില എന്നീ താരങ്ങളും അറസ്റ്റിലായി. തുടർന്ന്, മൂവരെയും ക്രിക്കറ്റിൽനിന്ന് സസ്പെൻഡ് ചെയ്ത ബിസിസിഐ, അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ആജീവാനന്ത വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട്, പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചതോടെയാണ് താരത്തിന് കളത്തിലേക്കുള്ള തിരിച്ചുവരവിന് അവസരമൊരുങ്ങിയത്.

എന്നാൽ, വിലക്കു നീക്കാനാവില്ലെന്ന ബിസിസിഐയുടെ കടുംപിടുത്തം തിരിച്ചുവരവിന് തടസ്സം സൃഷ്ടിച്ചതോടെയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ബിസിസിഐ വിലക്കു നിലനിൽക്കുന്നതിനാൽ ആഭ്യന്തര ക്രിക്കറ്റിൽ പോലും കളിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരം കോടതിയിലെത്തിയത്.

related stories