Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വകുപ്പുകൾ തമ്മിൽ ആശയവിനിമയം ഇല്ലാത്തതു സർക്കാരിനു ക്ഷീണം: മോദി

Narendra Modi

ന്യൂഡൽഹി∙ ഉദ്യോഗസ്ഥതലത്തിലെ ‘സൈലോ’ മാനസികാവസ്ഥയാണു സർക്കാരിന്റെ പ്രവർത്തനപുരോഗതിക്കു തടസ്സം സൃഷ്ടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു മറികടക്കാൻ ഉദ്യോഗസ്ഥർ നൂതനമാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങളിലെ 380 ഡയറക്ടർമാരുമായും ഡപ്യൂട്ടി ഡയറക്ടർമാരുമായും ആശയവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

വിവിധവിഭാഗങ്ങൾക്കിടയിലെ ആശയവിനിമയവും വിവരങ്ങൾ പങ്കുവയ്ക്കലും പരസ്പര പൂരക പ്രവർത്തനവും അസാധ്യമാക്കുന്ന മനോഭാവമാണു ‘സൈലോ’. സർക്കാരിൽ വിവിധ വകുപ്പുകൾ തമ്മിൽ വിവരങ്ങൾ കൈമാറാനുള്ള വൈമുഖ്യം മൊത്തം പ്രവർത്തനഫലം കുറയ്ക്കും. വിവിധ മന്ത്രാലയങ്ങളുടെ യോജിച്ചുള്ള പ്രവർത്തനം സാധ്യമാക്കുന്ന തരത്തിൽ വിവരങ്ങൾ കൈമാറാൻ സംവിധാനമൊരുക്കണമെന്നാണു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

2022 ആകുമ്പോഴേക്കും ‘പുതു ഇന്ത്യ’ കെട്ടിപ്പടുക്കാൻ ഉദ്യോഗസ്ഥർ സമർപ്പണ മനോഭാവത്തോടെ ജോലി ചെയ്യണമെന്നു മോദി അഭ്യർഥിച്ചു. സൽ‌ഭരണം, അഴിമതി, സർക്കാർ ഇ–മാർക്കറ്റ്‌പ്ലേസ്, ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, കൃഷി, ഗതാഗതം, ദേശീയോദ്ഗ്രഥനം, ജലവിഭവം, സ്വച്ഛ ഭാരത്, സംസ്കാരം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

related stories