Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി പ്രവർത്തകരുടെ വധക്കേസ്: പുനരന്വേഷണം തേടി സിപിഎമ്മും

Crime Scene | Representational Image Representational Image

പാലക്കാട് ∙ കഞ്ചിക്കോട്ട് ബന്ധുക്കളായ ബിജെപി പ്രവർത്തകർ തീവയ്പിൽ കൊല്ലപ്പെട്ട കേസിൽ സിപിഎമ്മും പുനരന്വേഷണം തേടുന്നു. നാലു സിപിഎം പ്രവർത്തകർ പ്രതികളായ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടു പാർട്ടി നേതൃത്വത്തിനും സംസ്ഥാന സർക്കാരിനും സിപിഎം പുതുശ്ശേരി ഏരിയ നേതൃത്വം കത്തയച്ചു.

കേസിൽ ഉന്നതതല അന്വേഷണം വേണമെന്നു ബിജെപി നേരത്തെതന്നെ ആവശ്യപ്പെട്ടിരിക്കെയാണു സിപിഎമ്മിന്റെയും രാഷ്ട്രീയനീക്കം. കേസിൽ യഥാർഥ പ്രതികളെയല്ല ഉൾപ്പെടുത്തിയതെന്നുകാണിച്ചു പ്രതികളായ മൂന്നു പേർ സിപിഎമ്മിനും സംസ്ഥാന സർക്കാരിനും അപേക്ഷ നൽകിയിരുന്നു. ഇതോടെ കേസിൽ സമഗ്ര അന്വേഷണം വേണമെന്നും സിപിഎം പ്രവർത്തകനും രക്തസാക്ഷിയുമായ ശിവന്റെ സഹോദരൻ മനോജിന്റെ കഞ്ചിക്കോട്ടെ വർക്‌ഷോപ്പിലെ ആറു വാഹനങ്ങൾ കത്തിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.

വാഹനങ്ങൾ കത്തിച്ച കേസിൽ ഇതു വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ മാസം 10നു മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ, കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ വീടു സന്ദർശിച്ചപ്പോൾ യഥാർഥ പ്രതികളെയല്ല അറസ്റ്റ് ചെയ്തതെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണു കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടു സിപിഎം ഏരിയ നേതൃത്വം കത്തെഴുതിയത്.

കേസിൽ ഒന്നാം പ്രതിയായ ജയകുമാറിനെ പുതുശ്ശേരി ലോക്കൽ കമ്മിറ്റിക്കു കീഴിലെ ചടയൻകാലായ് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത വിവാദം പുറത്തു വന്നതോടെ പുനരന്വേഷണം വേണമെന്ന ആവശ്യം മുന്നോട്ടുവച്ച കാര്യം ചൂണ്ടിക്കാട്ടിയാണു സിപിഎം ഇത്തരം ആരോപണങ്ങളെ നേരിടുന്നത്. എന്നാൽ, ആദ്യം പ്രത്യേക സംഘവും ഇപ്പോൾ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ പുതിയ തെളിവുകളോ പ്രതികളെയോ കണ്ടെത്താനാകാത്തതു സിപിഎം നേതൃത്വത്തിനും സംസ്ഥാന സർക്കാരിനും തിരിച്ചടിയാണ്.