Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനേൽക്കുന്നു; മറ്റുള്ളവരെ ബലിയാടാക്കരുത്: സർക്കാരിനെ വെട്ടിലാക്കി ഡിജിപി ഹേമചന്ദ്രൻ

A Hemachandran

തിരുവനന്തപുരം∙ സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പേരിൽ അന്നത്തെ പ്രത്യേക അന്വേഷണസംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തെ ശക്തമായി എതിർത്ത്, അന്വേഷണസംഘത്തലവനായിരുന്ന ഡിജിപി എ. ഹേമചന്ദ്രൻ രംഗത്ത്. അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്നും ഭവിഷ്യത്തു നേരിടാൻ തയാറാണെന്നും സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്കും നൽകിയ കത്തിൽ ഹേമചന്ദ്രൻ വ്യക്തമാക്കി. മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ അന്വേഷണപ്രഖ്യാപനം പൊലീസ് സേനയിലെ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയ സാഹചര്യത്തിലുള്ള കത്ത് സർക്കാരിനെ വെട്ടിലാക്കുന്നതായി. അന്വേഷണസംഘത്തിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ സ്വയം വിരമിക്കാനുള്ള ആലോചനയിലാണ്.  ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ ഓഫിസിൽ തിങ്കളാഴ്ച വൈകിട്ടാണു പ്രത്യേകദൂതൻ കത്ത് ഏൽപിച്ചത്. അതിൻമേൽ തുടർനടപടിക്ക് അദ്ദേഹം തയാറായില്ല. പൊലീസ് മേധാവിക്കുള്ള കത്ത് ലോക്നാഥ് ബെഹ്റയെ ഹേമചന്ദ്രൻ നേരിട്ടു കണ്ട് ഏൽപിച്ചു.

കമ്മിഷൻ റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ നിയമോപദേശം എന്ന പേരിൽ എഴുതിച്ചേർത്തു പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനാണു ശ്രമമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പൊലീസിലെ ചില ഉന്നതരും ഈ ഗൂഢാലോചനയിൽ പങ്കാളികളാണെന്ന് അന്വേഷണസംഘത്തിലെ പലരും സംശയിക്കുന്നു. സോളർ റിപ്പോർട്ടിന്റെ പകർപ്പ് ഒരു ഉന്നതനു സർക്കാർ കൈമാറിയിട്ടുണ്ട്.

അന്വേഷണസംഘത്തിലുണ്ടായിരുന്ന എസ്പിമാരായ വി.അജിത്, റെജി ജേക്കബ്, കെ.എസ്.സുദർശനൻ, ഡിവൈഎസ്പി ജെയ്സൺ കെ.ഏബ്രഹാം എന്നിവർക്കെതിരെ നടപടി പാടില്ലെന്നാണു കത്തിൽ ഹേമചന്ദ്രൻ പറയുന്നത്. എഡിജിപി കെ.പദ്മകുമാർ, ഡിവൈഎസ്പി കെ.ഹരികൃഷ്ണൻ എന്നിവരുടെ പേരുകൾ പരാമർശിച്ചിട്ടില്ല. തെളിവു നശിപ്പിച്ചതിനും കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിച്ചതിനും ഇരുവർക്കുമെതിരെ കേസെടുക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രത്യേക സംഘം രൂപീകരിക്കുന്നതിനു മുൻപു സരിതയെ അറസ്റ്റ് ചെയ്തതും തുടർനടപടി സ്വീകരിച്ചതും ഹരികൃഷ്ണനായിരുന്നു. 

ഹേമചന്ദ്രൻ നൽകിയ കത്തിലെ പ്രസക്തഭാഗങ്ങൾ 

‘അന്വേഷണ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നതു സംബന്ധിച്ച്’

സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ പേരിൽ സർക്കാർ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരിൽ എസ്പിമാരായ വി.അജിത്, റെജി ജേക്കബ്, കെ.എസ്.സുദർശനൻ, ഡിവൈഎസ്പി ജെയ്സൺ കെ.ഏബ്രഹാം എന്നിവരും ഉൾപ്പെടുന്നു. 2013 ജൂൺ 14ലെ ഉത്തരവു പ്രകാരം അന്നത്തെ സംസ്ഥാന പൊലീസ് മേധാവിയാണു പ്രത്യേക സംഘം രൂപീകരിച്ചത്. അതിന്റെ തലവനെന്ന നിലയിൽ ഞാനാണ് ഈ നാലു പേരെയും സംഘത്തിൽ ഉൾപ്പെടുത്തിയത്. സേവന മികവ്, സത്യസന്ധത എന്നിവയെല്ലാം പരിഗണിച്ചായിരുന്നു ഇത്.

സരിത നായരുടെ തട്ടിപ്പു കേസുകൾ എന്റെ മേൽനോട്ടത്തിലാണ് ഇവർ അന്വേഷിച്ചത്. പ്രത്യേക സംഘത്തിലെ അംഗങ്ങൾ എന്ന നിലയിൽ മാത്രമാണ് ഇവർ കേസുകൾ അന്വേഷിച്ചതും ആറു മാസത്തിനകം പൂർത്തിയാക്കിയതും. അതെല്ലാം വിചാരണഘട്ടത്തിലാണ്. കേസുകളുടെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടതു കോടതികൾ മാത്രമാണ്. ഈ നിയമ തത്വം നിലനിൽക്കെ, സോളർ കമ്മിഷൻ എങ്ങനെ ഉദ്യോഗസ്ഥരിൽ കുറ്റം കണ്ടെത്തിയെന്നു വ്യക്തമല്ല.

വീഴ്ച ഉണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഭവിഷ്യത്തുകൾ നേരിടാൻ തയാറാണ്. ഉദ്യോഗസ്ഥരെ നടപടിയിൽ നിന്ന് ഒഴിവാക്കണം. കേസിലെ ഒരു വാദിക്കു പോലും അന്വേഷണത്തെക്കുറിച്ചു പരാതിയില്ല. അതിനാൽ ഇക്കാര്യത്തിൽ അടിയന്തര നടപടി വേണം.