Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ അധിക്ഷേപങ്ങൾ കിമ്മിനെ ‘ത്രില്ല’ടിപ്പിക്കുന്നു: ഹിലറി ക്ലിന്റൻ

Hillary Clinton

സോൾ∙ ഉത്തര കൊറിയൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ. അപകടകരവും ദീർഘവീക്ഷണവുമില്ലാത്ത ട്രംപിന്റെ ട്വിറ്റർ അധിക്ഷേപങ്ങൾ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനാണ് ഗുണമാകുന്നതെന്ന് ഹിലറി പറഞ്ഞു. ഇത്തരം നീക്കങ്ങൾ അമേരിക്കയുടെ വിശ്വാസ്യതയെയും ബാധിക്കുന്നുണ്ട്.

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം ആണവയുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെയാണ് ഹിലറിയുടെ പ്രതികരണം. കിമ്മിനെ ‘റോക്കറ്റ് മാൻ’ എന്നു വിളിച്ച് ട്രംപ് ആക്ഷേപിച്ചപ്പോൾ ‘പ്രായാധിക്യം കാരണം ബുദ്ധിമാന്ദ്യം സംഭവിച്ചവൻ’ എന്നായിരുന്നു കിമ്മിന്റെ മറുപടി.

ആറാമത്തെ ആണവ പരീക്ഷണവും യുഎസ് വരെ എത്താൻ തക്ക ശേഷിയുള്ള മിസൈലുകളുടെ വിക്ഷേപണവും ഇതിനോടകം ഉത്തരകൊറിയ നടത്തിക്കഴിഞ്ഞു. അമേരിക്കയുടെ വിശ്വാസ്യത സംബന്ധിച്ച് പല സഖ്യരാജ്യങ്ങളും ഉത്കണ്ഠാകുലരാണിന്ന്. സംഘർഘ സാധ്യതയ്ക്കുള്ള നീക്കങ്ങൾ ട്രംപിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതിൽ തനിക്ക് ആശങ്കയുണ്ടെന്നും ഹിലറി പറഞ്ഞു.

ഒരേയൊരു കാര്യം മാത്രമേ ഉത്തരകൊറിയയ്ക്കെതിരെ ഫലപ്രദമാകുകയുള്ളൂവെന്നും ട്രംപ് പറഞ്ഞിരുന്നു. യുദ്ധത്തെപ്പറ്റിയുള്ള ആ പരോക്ഷ പരാമർശവും ആശങ്കകളേറ്റുന്നതായിരുന്നു. അത്തരം ‘യുദ്ധ’ ഭീഷണികൾ അപകടകരവും ദീർഘവീക്ഷണമില്ലാത്തതുമാണെന്നും ഹിലറി പറഞ്ഞു.

യുഎസിന്റെ തലവനിൽ നിന്ന് ഇത്തരമൊരു ‘വ്യക്തിപരമായ പ്രത്യേകശ്രദ്ധ’ ലഭിക്കുന്നത് കിമ്മിനെയും ‘ത്രില്ലടിപ്പി’ക്കുന്നുണ്ടാകും. ഉത്തര കൊറിയൻ വിഷയത്തിനു നയതന്ത്രതലത്തിൽ പരിഹാരം കാണേണ്ട വിദഗ്ധരുടെ സർക്കാർ യുഎസിനു നഷ്ടപ്പെട്ടിരിക്കുകയാണ്. ഏഷ്യന്‍ വിഷയങ്ങളിൽ മികച്ച ഇടപെടൽ നടത്താനാകുന്ന മുതിര്‍ന്ന അംഗങ്ങൾ കുറവാണെന്നും ഹിലറി പറഞ്ഞു.