Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദായനികുതിയുമായി ബന്ധപ്പെട്ട് സംശയമുണ്ടോ? ഉത്തരം ഒരൊറ്റ ചാറ്റിൽ റെഡി

Income Tax

ന്യൂഡൽഹി∙ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് ഇനി ഒരൊറ്റ ചാറ്റിൽ പരിഹാരം. ആദായനികുതി വകുപ്പാണ് പൊതുജനങ്ങൾക്കായി ഓൺലൈൻ ചാറ്റ് സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്. നികുതിയുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന സംശയങ്ങൾക്കായിരിക്കും ഇതുവഴി മറുപടി നൽകുക.

ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ താഴെ വലതുവശത്തായാണ് ഇതുമായി ബന്ധപ്പെട്ട ഐക്കൺ. Live Chat Online- ask your query എന്ന് എഴുതിയിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്താൽ ഇമെയിൽ വിലാസം നൽകി ‘ഗസ്റ്റ്’ ആയി സംശയങ്ങൾ ടൈപ് ചെയ്യാം.

ആദായനികുതി വകുപ്പിൽ നിന്നു ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഇതുമായി ബന്ധപ്പെട്ട വിദഗ്ധരുമായിരിക്കും മറുപടി നൽകുക. ഇതാദ്യമായാണ് വകുപ്പ് ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്. ചാറ്റിലൂടെ ലഭിച്ച വിവരങ്ങൾ ഭാവിയിലേക്ക് സൂക്ഷിച്ചു വയ്ക്കാനുമാകും. മുഴുവൻ ചാറ്റും ഇ–മെയിലായി അയയ്ക്കാനുള്ള സംവിധാനമാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

പുതിയ സംവിധാനവുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പ്രതികരണങ്ങൾ പരിശോധിച്ചതിനു ശേഷം കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തും. ഏതെങ്കിലും വിഷയത്തിലുള്ള ആദായനികുതി വകുപ്പിന്റെ വിശദീകരണമായി ചാറ്റിനെ കാണരുതെന്നും മുന്നറിയിപ്പുണ്ട്.

നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിദഗ്ധരുടെ അഭിപ്രായം മാത്രമാണ് ചാറ്റിലൂടെ കൈമാറുന്നത്. നികുതിദായകരുടെ പ്രശ്നങ്ങൾ നിരീക്ഷിക്കാനും പരിഹാരം കാണുന്നതിനുമായി ആദായനികുതി വകുപ്പിനു കീഴിൽ ഒരു പ്രത്യേക വിഭാഗത്തിനു കഴിഞ്ഞ വർഷം രൂപം നൽകിയിരുന്നു.

ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സംശയങ്ങൾക്കു പരിഹാരം നൽകാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അടുത്തിടെ ചാറ്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എസ്ബിഐ ഇന്റലിജന്റ്സ് അസിസ്റ്റന്റ് (സിയ) എന്ന സംവിധാനമാണ് 24 മണിക്കൂറും ഉപയോക്താക്കളുടെ സംശയങ്ങൾക്ക് മെസേജായി മറുപടി നല്‍കുക. എഐ ബാങ്കിങ് പ്ലാറ്റ്ഫോമായ ‘പേജോ’ ആണ് എസ്ബിഐക്കു വേണ്ടി ‘സിയ’ അവതരിപ്പിച്ചത്.

ഒരു സെക്കൻഡിൽ വ്യത്യസ്തങ്ങളായ 10,000 ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സിയയ്ക്കു കഴിയും. ഒരു ദിവസം ഇടപാടുകാരുടെ ആറു കോടി ചോദ്യങ്ങൾ സിയ നിഷ്പ്രയാസം കൈകാര്യം ചെയ്യും. ഇപ്പോൾ ബാങ്ക് നൽകുന്ന സേവനങ്ങളെയും ഉൽപന്നങ്ങളെയും കുറിച്ചുള്ള സംശയങ്ങൾക്കായിരിക്കും ഉത്തരം നൽകുകയെങ്കിലും ഭാവിയിൽ ബാങ്കുമായി ബന്ധപ്പെട്ട എന്തു ചോദ്യവും സിയയോടു ചോദിക്കാം. എന്നാൽ എഐ ഒഴിവാക്കി വ്യക്തികൾ തന്നെ ഉത്തരം നൽകുന്നുവെന്നതാണ് ആദായനികുതി വകുപ്പിന്റെ ചാറ്റിന്റെ ഗുണം.

related stories