Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പയ്യന്നൂരിൽ സിംഹമായി വന്ന അമിത് ഷാ എലിയായി മടങ്ങി: കോടിയേരി

Kodiyeri Balakrishnan

തിരുവനന്തപുരം∙ ജനരക്ഷാ യാത്രയിലുടനീളം ബിജെപി അക്രമം അഴിച്ചുവിടുകയായിരുന്നെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജാഥ തുടങ്ങി തീരുന്നതിനിടെ 56 സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ആക്രമണങ്ങൾക്കെല്ലാം മറുപടി പറയേണ്ടത് ആർഎസ്എസാണ്. വികസനത്തിന്‍റെ കാര്യത്തിൽ ബിജെപിയോട് ഏറ്റുമുട്ടാൻ സംസ്ഥാന സർക്കാർ തയാറാണെന്നും അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജെപിയുടെ ജനരക്ഷാ യാത്രയ്ക്കു കേരള ജനതയെ ആകർഷിക്കാനോ സ്വാധീനിക്കാനോ കഴിഞ്ഞില്ല. സിംഹമായി പയ്യന്നൂരിൽനിന്നു പുറപ്പെട്ട അമിത് ഷാ തിരുവനന്തപുരത്ത് എത്തിയപ്പോൾ എലിയായി. കൊലപാതകങ്ങളുടെ പേരില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന അമിത് ഷാ, കാട്ടുപുലി പൊന്മാന്‍ ആകാന്‍ ശ്രമിക്കുന്നതു പോലെയാണെന്നും കോടിയേരി കളിയാക്കി.

കൊലപാതക രാഷ്ട്രീയത്തിന്റെ ചേറില്‍ പൂണ്ടുകിടന്നിട്ട് സമാധാനത്തിന്റെ സുവിശേഷം പറയാനാണ് ഷായുടെ ശ്രമം. കേരളത്തെ അവഹേളിക്കാനാണു ജനരക്ഷായാത്ര നടത്തിയത്. പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അപമാനിച്ചു പല പ്രസ്താവനകളും നടത്തി. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രിയല്ല, ആർഎസ്എസും സംഘപരിവാര്‍ സംഘടനകളുമാണ്.

216 സിപിഎം പ്രവര്‍ത്തകരെയാണ് ഇതുവരെ ആര്‍എസ്എസ് കൊലപ്പെടുത്തിയത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മറ്റേ കൈയും വെട്ടുമെന്ന കൊലവിളി മുദ്രാവാക്യമാണു ജനരക്ഷായാത്രയില്‍ കേട്ടത്. ഇങ്ങനെയാണോ ബിജെപി കേരളത്തില്‍ സമാധാനം കൊണ്ടുവരുന്നത്?

ഇവിടെ തെമ്മാടികളാണു ഭരിക്കുന്നതെന്നാണു യാത്രയിൽ പങ്കെടുത്ത ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ പറഞ്ഞത്. ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന പ്രതികരണമാണോ അത്. അവരുടെ ദേശീയ നേതാവ് സരോജ് പാണ്ഡേ പറഞ്ഞതു കമ്യൂണിസ്റ്റുകാരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കണമെന്നാണ്. സംസ്ഥാനത്തിന്റേയും മുഖ്യമന്ത്രിയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം.

ബിജെപിയുമായി ഏറ്റുമുട്ടാന്‍ സിപിഎം ഇല്ല. ആര്‍എസ്എസിനെ തുറന്നുകാട്ടും. ബിജെപിയുടെ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ഈ മാസം 21 മുതല്‍ ഇടതുമുന്നണി ജനജാഗ്രതയാത്ര നടത്തുമെന്നും കോടിയേരി പറഞ്ഞു.