Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനിലെ ക്വറ്റയിൽ പൊലീസ് ട്രക്ക് സ്ഫോടനത്തിൽ തകർന്നു: ഏഴു മരണം

Quetta Blast ക്വറ്റയിൽ പൊലീസ് ട്രക്കിനു നേരെയുണ്ടായ ബോംബാക്രമണം.

കറാച്ചി∙ പാക്കിസ്ഥാനിലെ ക്വറ്റയില്‍ പൊലീസ് ട്രക്കിനു നേരെ ബോംബാക്രമണം. ഏഴു പൊലീസുകാർ കൊല്ലപ്പെട്ടു, 22 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. 35 പേരാണ് ട്രക്കിലുണ്ടായിരുന്നത്. ട്രക്ക് കടന്നുപോകുന്നതിനിടെ റോഡരികിലുണ്ടായിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെ ബലൂചിസ്ഥാൻ ആഭ്യന്തര മന്ത്രി സർഫറാസ് ബുഗ്തി അപലപിച്ചു.

എത്ര പ്രകോപനമുണ്ടായാലും മേഖലയിൽ ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാൻ സാധ്യമായതെന്തും ചെയ്യുമെന്നും ഒരു ഭീകരനെ പോലും ബാക്കിവയ്ക്കാതെ ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങൾ കൊണ്ട് തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയുള്ള ആക്രമണങ്ങൾ അടുത്തിടെ ബലൂചിസ്ഥാനിൽ ശക്തമായിരുന്നു. ചാവേറാക്രമണങ്ങളും റോഡരികിലെ ബോംബുകൾ പൊട്ടിയുള്ള അപകടങ്ങളുമാണു പ്രധാനമായും സംഭവിക്കുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ക്വറ്റയിൽ ഒരു മിലിറ്ററി ട്രക്കിനു നേരെയും ചാവേറാക്രമണമുണ്ടായിരുന്നു. അന്ന് എട്ടു സൈനികർ ഉൾപ്പെടെ 15 പേരാണു കൊല്ലപ്പെട്ടത്. ജൂണിലുണ്ടായ ബോംബാക്രമണത്തിൽ ഏഴു പൊലീസുകാരുൾപ്പെടെ 14 പേരാണു കൊല്ലപ്പെട്ടത്.