Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണിയിൽ ഇന്ന് ദീപാവലി മുഹൂർത്ത വ്യാപാരം; വരവേൽപ് പ്രതീക്ഷകളോടെ

Diwali

കൊച്ചി ∙ ആശങ്കകൾക്ക് അവധി നൽകാതെയും പ്രതീക്ഷകൾക്കു വില നിർണയിച്ചും ഓഹരി വിപണിയിൽ ഇന്നു ദീപാവലി മുഹൂർത്ത വ്യാപാരം. ഹൈന്ദവ കലണ്ടർ വർഷമായ സംവത് 2073 സമ്മാനിച്ചതു നേട്ടങ്ങളായിരുന്നതിനാൽ പുതുവർഷത്തെ വരവേൽക്കുന്നതും ആശങ്കകളെക്കാളേറെ പ്രതീക്ഷകളോടെ.

ഓഹരിവില സൂചികകളായ സെൻസെക്സും നിഫ്റ്റിയും സംവത് 2073ൽ സർവകാല ഔന്നത്യം കൈവരിക്കുകയുണ്ടായി. വിപണിയിലെ മുന്നേറ്റത്തിന് എക്കാലത്തും നേതൃത്വം നൽകിയിരുന്നതു വിദേശ ധനസ്ഥാപനങ്ങ (എഫ്ഐഐ) ളായിരുന്നെങ്കിൽ സംവത് 2073ൽ രാജ്യത്തെ തന്നെ ധനസ്ഥാപനങ്ങ (ഡിഐഐ) ളും ചില്ലറ നിക്ഷേപകരുമാണു മുൻനിരയിലുണ്ടായിരുന്നത്. സംവത് 2074ലെ വ്യാപാരത്തിനു തുടക്കം കുറിക്കുമ്പോൾ വിപണിക്ക് ആത്മവിശ്വാസം പകരുന്നതും ഇതുതന്നെയെന്നു നിരീക്ഷകർ വിലയിരുത്തുന്നു.

മുഹൂർത്ത വ്യാപാരം ഒരു മണിക്കൂർ - വൈകിട്ട് 06.30 മുതൽ 07.30 വരെ

ബോംബെ സ്റ്റോക് എക്സ്ചേഞ്ചും നാഷനൽ സ്റ്റോക് എക്സ്ചേഞ്ചും മുഹൂർത്ത വ്യാപാരത്തിനു വേദിയൊരുക്കുന്നുണ്ട്.

സംവത് 2074 വിപണിക്കു നൽകുന്ന പ്രതീക്ഷകൾ ഇവയാണ്:

1. മ്യൂച്വൽ ഫണ്ടുകളുടെ ഓഹരി നിക്ഷേപ പദ്ധതികളിൽ വൻ കുതിപ്പ്.

2. നേരിട്ടുള്ള നിക്ഷേപത്തിൽ ചില്ലറ നിക്ഷേപകരിൽ നിന്നു വർധിച്ച പിന്തുണ.

3. ആഭ്യന്തര ധനസ്ഥാപനങ്ങളിൽ നിന്നുള്ള കൂടുതൽ നിക്ഷേപം.

4. നാണ്യപ്പെരുപ്പ നിരക്കിൽ ഇടിവ്.

5. കയറ്റുമതി വരുമാനത്തിൽ വർധന.

6. വായ്പ നിരക്കുകളിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ചേക്കാവുന്ന ഇളവുകൾ.

7. രാജ്യാന്തര റേറ്റിങ് ഏജൻസികളുടെയും രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) പോലുള്ള സ്ഥാപനങ്ങളുടെയും അനുമാനങ്ങൾ.

8. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ നേടിയേക്കാവുന്ന കൂടുതൽ കരുത്ത്.

ആശങ്കകളുടെ പട്ടികയിൽ പ്രാമുഖ്യം ഇവയ്ക്ക്:

1. യുഎസ് – ഉത്തര കൊറിയ സംഘർഷം. വാക്പയറ്റ് സംഘട്ടനത്തിലേക്കു നീങ്ങിയാൽ ഇന്ത്യയിലെ മാത്രമല്ല, ലോകമെങ്ങുമുള്ള ഓഹരി വിപണികളിലുണ്ടാകുന്ന തകർച്ച അതിഭീമമായിരിക്കും.

2. ഇന്ത്യ – ചൈന അതിർത്തിയിലെ അസുഖകരമായ സ്ഥിതി.

3. നോട്ട് നിരോധനവും ചരക്ക്, സേവന നികുതി (ജിഎസ്ടി) യും മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽനിന്നു മോചനം നേടുന്നതിലെ കാലതാമസം.

4. വ്യവസായോൽപാദനത്തിലും തൊഴിലവസരങ്ങളുടെ ലഭ്യതയിലുമുള്ള മടുപ്പ്.

5. ഗുജറാത്ത് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ്. ബിജെപി ദുർബലമാകുന്നുവെന്നാണു ഫലം സൂചിപ്പിക്കുന്നതെങ്കിൽ ആദ്യം കാലിടറുന്നതു വിപണിക്കായിരിക്കും.

വിപണിയുടെ സ്പന്ദനങ്ങൾ തൊട്ടറിയുന്നവർ സംവത് 2074 സംബന്ധിച്ചു പറയുന്നത്:

∙ 'വിപണിയിലെ മുന്നേറ്റം തുടരാനുള്ള കാരണങ്ങൾ സജീവം തന്നെ.' - വിപണിയിലെ ‘ബിഗ് ബുൾ’ എന്നറിയപ്പെടുന്ന രാകേഷ് ജുൻജുൻവാല

∙ 'പ്രതീക്ഷ നൽകുന്ന വർഷം.' - ജിയോജിത് ഫിനാൻഷ്യൽ സർവീസസ് മാനേജിങ് ഡയറക്ടർ സി.ജെ. ജോർജ്

∙ 'സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാശേഷിയെപ്പറ്റി സംശയമേയില്ല.' - ഏഞ്ചൽ ബ്രോക്കിങ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ദിനേശ് തക്കർ

∙ 'അവസരങ്ങളുടെ കാര്യത്തിൽ ആവർത്തനം പ്രതീക്ഷിക്കാം.' - ഇക്വിറ്റി ഇന്റലിജൻസ് മാനേജിങ് ഡയറക്ടർ പൊറിഞ്ചു വെളിയത്ത്.