Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ തള്ളൊക്കെ യുപിയിലേ നടക്കൂ, ഇതു കേരളമാണ് അമിത് ഷാ: തോമസ് ഐസക്

thomas-issac

തിരുവനന്തപുരം ∙ മോദി സർക്കാർ അധികാരത്തിൽവന്നശേഷം കേരളത്തിന് 1,34,848 കോടി രൂപ ധനകാര്യ കമ്മിഷൻ വിഹിതമായി അനുവദിച്ചുവെന്ന അമിത് ഷായുടെ അവകാശവാദങ്ങൾ പൂർണമായും തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്. 2015 മുതൽ കേരളത്തിന് അനുവദിച്ച തുക അക്കമിട്ടു നിരത്തിയാണ് ധനമന്ത്രി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. ഈ തള്ളലൊക്കെ വല്ല യുപിയിലുമായിരുന്നെങ്കിൽ ആരെങ്കിലുമൊക്കെ വിശ്വസിച്ചേനെയെന്നും ഇതു കേരളമാണെന്ന് അമിത് ഷായെ ഓർമപ്പെടുത്തിയുമായാണ് തോമസ് ഐസക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മന്ത്രി തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്– പൂർണരൂപം

ബിജെപി നേതാക്കളുടെ തള്ളിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയാ പരിഹാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും സംഗതി ഇത്ര മാരകമായിരിക്കുമെന്ന് ഞാൻ കരുതിയില്ല. ആ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ തന്നെ ഇങ്ങനെ വീമ്പടിക്കുമ്പോൾ കേരളത്തിലെ നേതാക്കളുടെയും അണികളുടെയും അവസ്ഥ പറയാനില്ല.

അമിത് ഷായുടെ പ്രസംഗത്തിൽ സംസ്ഥാനങ്ങൾക്കുള്ള ധനകാര്യ കമ്മിഷൻ വിഹിതത്തെക്കുറിച്ചു പറയുന്നതു കേൾക്കൂ. മോദി വന്ന ശേഷം കേരളത്തിന് 1,34,848 കോടി തന്നുവത്രേ. 89,000 കോടിയുടെ വർധനയെന്നാണ് വെച്ചു കീച്ചിയത്.

2015-16 മുതലാണ് പതിനാലാം ധനകാര്യ കമ്മിഷൻ അവാർഡ്. 2015-16ൽ 12,690 കോടി, 2016-17ൽ 15,225 കോടി, 2017-18ൽ പ്രതീക്ഷിക്കുന്നത് 16,891 എന്നിങ്ങനെയാണ് കേരളത്തിന്റെ ഫിനാൻസ് കമ്മിഷൻ അവാർഡ്. ആകെ 44,806 കോടി രൂപ. അഞ്ചു വർഷം കൊണ്ട് പഞ്ചായത്തുകൾക്കുള്ള 7,681.96 കോടിയും റവന്യൂ കമ്മി ഗ്രാന്റ് 9,519 കോടിയും ഡിആർഎഫ് 766.5 ഉം ചേർത്താൽ 62,773.46 കോടി രൂപയാകും. അമിത് ഷാ തട്ടിവിട്ട 1,34,848 കോടിയിലെത്തണമെങ്കിൽ അടുത്ത രണ്ടുവർഷം കൊണ്ട് നികുതി വിഹിതം ഉൾപ്പെടെ 72,074.54 കോടി ലഭിക്കണം. ഇതുവരെ ആകെ കിട്ടിയതിനെക്കാൾ തുക ഇനി രണ്ടുവർഷം കൊണ്ടു കിട്ടും പോലും. അന്യായ തള്ളലെന്നാതെ വേറൊന്നും പറയാനില്ല.

ഇനി മറ്റൊരു കാര്യം. ധനകാര്യ കമ്മിഷൻ വിഹിതം ആരുടെയും ഔദാര്യമല്ല. സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശമാണ്. പതിനാലാം ധനകാര്യ കമ്മിഷൻ മോദി സർക്കാരല്ല നിശ്ചയിച്ചത്. കമ്മിഷനെ നിയോഗിച്ചത് യുപിഎ സർക്കാരാണ്. തീരുമാനവും ആ സർക്കാരിന്റെ കാലത്തു തന്നെ എടുക്കുകയും ചെയ്തിരുന്നു. അതിന്മേൽ മോദിയെന്താണ് ചെയ്തത്? പദ്ധതി ധനസഹായം ഇല്ലാതാക്കി. കേന്ദ്രാവിഷ്കൃത പദ്ധതികൾ വെട്ടിക്കുറച്ചു. പദ്ധതികളിലൊക്കെ സംസ്ഥാനവിഹിതം വർധിപ്പിച്ചു. 

ഉദാഹരണത്തിന് സർവശിക്ഷാ അഭിയാനിൽ നേരത്തെ 30 ശതമാനമായിരുന്നു സംസ്ഥാനവിഹിതം. മോദിയത് 50 ശതമാനമാക്കി. എൻആർഎച്ച്എമ്മിൽ 10 ശതമാനമായിരുന്ന സംസ്ഥാനവിഹിതം 40 ശതമാനമാക്കി. ആക്സിലറേറ്റഡ് ഡ്രിങ്കിംഗ് വാട്ടർ സ്കീമിൽ 10 ശതമാനം വിഹിതം 50 ശതമാനമാക്കി. ഇത്തരത്തിൽ കേന്ദ്രപദ്ധതികളിൽ സംസ്ഥാനങ്ങളുടെ ഭാരം വർധിപ്പിക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ പരിശോധിച്ചാൽ കേന്ദ്രവരുമാനത്തിന്റെ ശതമാനത്തിൽ കണക്കാക്കിയാൽ സംസ്ഥാന വിഹിതത്തിൽ വലിയ വർധനയൊന്നുമില്ലെന്നു കാണാൻ കഴിയും.

ഈ തള്ളലൊക്കെ വല്ല യുപിയിലുമായിരുന്നെങ്കിൽ ആരെങ്കിലുമൊക്കെ വിശ്വസിച്ചേനെ. ഇതു കേരളമാണ് അമിത് ഷാ... താങ്കളുടെ തള്ളലുകളൊന്നും ഇവിടെ ചെലവാകില്ല.