Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയൽരാജ്യങ്ങളുമായുള്ള തർക്കം പറഞ്ഞുതീർക്കാൻ തയാറെന്ന് ഷി ചിൻപിങ്

Xi Jinping

ബെയ്ജിങ്∙ അയല്‍ രാജ്യങ്ങളുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചകളിലൂടെ അവ പരിഹരിക്കാമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. ഭീകരവാദമുൾപ്പെടെയുള്ള വിവിധ ഭീഷണികൾക്കെതിരെ ഒരുമിച്ചുള്ള നീക്കങ്ങൾക്കു തയാറാണെന്നും ചിൻപിങ് പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ 19–ാം പാർട്ടി കോൺഗ്രസിൽ സംസാരിക്കുമ്പോഴായിരുന്നു ചിൻപിങ് ഇക്കാര്യം വ്യക്തമാക്കിയത്.

ദോക്‌ലായിൽ ഇന്ത്യയുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് പ്രസിഡന്റിന്റെ നിലപാടെന്നാണ് വിലയിരുത്തൽ. ഇതിനു പുറമെ വിവിധ രാഷ്ട്രങ്ങളുമായി സമുദ്രാതിർത്തിയുടെ കാര്യത്തിലും ചൈനയ്ക്ക് തർക്കങ്ങളുണ്ട്.

തന്റെ നേതൃത്വത്തിൽ ചൈന മികച്ച വ‌ളർച്ചയാണ് േനടിയിട്ടുള്ളത്. എന്നിരുന്നാലും രാജ്യം ഇനിയും മുന്നോട്ടു പോകും. പാര്‍ട്ടിയിലും ജനങ്ങളിലും സൈന്യത്തിലും മുമ്പത്തേതിനെക്കാളും നല്ല മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചൈന മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടില്ലെന്നും പ്രസിഡന്റ് ഷി ചിന്‍പിങ് വ്യക്തമാക്കി. കമ്യൂണിസ്റ്റ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ ഭീഷണി അഴിമതിയാണെന്ന് ചിൻപിങ് വ്യക്തമാക്കി. അഴിമതിക്കെതിരായ പോരാട്ടം എപ്പോഴുമുണ്ടാകും. അഴിമതിയോടു പാര്‍ട്ടിയിലും ഭരണതലത്തിലും സഹിഷ്ണുത ഉണ്ടാകില്ല. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും ചിൻപിങ് നേരത്തെ പറഞ്ഞിരുന്നു.

ചൈന പ്രഖ്യാപിച്ചിരിക്കുന്ന ‘മിതമായ തോതില്‍ സമൃദ്ധമായ രാജ്യം’ എന്ന ലക്ഷ്യത്തിലേക്കു മൂന്നുവര്‍ഷം കൂടിയാണുളളത്. ഇതിലേക്കുളള വഴികളും പാര്‍ട്ടിയെ നയിക്കാനുളള വ്യക്തികളെയും 24വരെ നീളുന്ന സമ്മേളനം തീരുമാനിക്കും. ഷി ചിന്‍പിങ് ഒരു ടേം കൂടി തുടരുമെന്നാണു സൂചന.

related stories