Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഞ്ചുകുഞ്ഞുമായി പോയ ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച് കാർ – വിഡിയോ

Car-Aluva ആലുവയ്ക്കു സമീപം ആംബുലൻസിനു മുന്നിൽ തടസ്സം സൃഷ്ടിച്ച് കുതിച്ചുപായുന്ന കാർ. (വിഡിയോ ദൃശ്യം)

കൊച്ചി ∙ പെരുമ്പാവൂരിൽനിന്ന് പിഞ്ചുകുഞ്ഞുമായി പോയ ആംബുലൻസിന്റെ വഴി തടഞ്ഞു കുതിച്ചുപാഞ്ഞ കാറിന്റെ ഉടമയ്ക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർവാഹന വകുപ്പ്. ശ്വാസ തടസ്സത്തെ തുടർന്ന് അപകടത്തിലായ നവജാതശിശുവുമായി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽനിന്ന് കളമശേരി മെഡിക്കൽ കോളജിലേക്കു പോയ ആംബുലന്‍സിന്റെ മുന്നിലാണ് വഴിമാറാതെ കാർ തടസ്സം സൃഷ്ടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നടന്ന സംഭവത്തെക്കുറിച്ച് ആംബുലൻസ് ഡ്രൈവർ മധു അധികൃതർക്ക് പരാതി നൽകിയിരുന്നു.

ആംബുലൻസിന്റെ യാത്ര തടഞ്ഞ് മുന്നിൽ പായുന്ന കാറിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ മാർഗതടസ്സം സൃഷ്ടിച്ചതുകൊണ്ടുമാത്രം പതിനഞ്ചു മിനിറ്റോളം വൈകിയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാനായതെന്ന് ആംബുലൻസ് ഡ്രൈവർ വ്യക്തമാക്കി. ‘കെഎൽ 17 എൽ 202’ എന്ന നമ്പറിലുള്ള വാഹനമാണ് തടസം സൃഷ്ടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. വിഡിയോ ഉൾപ്പെടെ പരാതി നൽകിയതിനെ തുടർന്ന് മോട്ടോർവാഹന വകുപ്പ് നടത്തിയ പരിശോധനയിൽ വാഹന ഉടമയെ തിരിച്ചറിഞ്ഞു. ഉടമയിൽനിന്ന് കനത്ത പിഴ ഈടാക്കാവുന്ന കുറ്റമാണിത്. ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും.

പെരുമ്പാവൂരിൽനിന്ന് വരുന്നവഴി ആലുവ രാജഗിരി ആശുപത്രിക്കു സമീപത്തുവച്ചാണ് ഒരു വെള്ള കാർ ആംബുലൻ‌സിനു മുന്നിൽ കയറിയത്. അത്യാഹിത സൂചന നൽകുന്ന ലൈറ്റ് മിന്നിച്ചെങ്കിലും കാർ വഴിമാറാതെ മുന്നിൽത്തന്നെ ഓടുകയായിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു. ആംബുലൻസിനു കടന്നുപോകാനുള്ള സൗകര്യം ഒരുക്കാനുള്ള സാഹചര്യം പലതവണ ലഭിച്ചെങ്കിലും കാർ ഡ്രൈവർ വഴിമാറിക്കൊടുത്തില്ലെന്നാണ് ആക്ഷേപം.