Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവായുധം: ഉത്തരകൊറിയയുടെ ‘ചെവിയ്ക്കു പിടിക്കാൻ’ യൂറോപ്യൻ യൂണിയൻ

North Korean missile launch

ബ്രസ്സല്‍സ് ∙ ആണവ– മിസൈൽ പരീക്ഷണങ്ങളുമായി മുന്നേറുന്ന ഉത്തര കൊറിയയെ അടക്കി നിർത്താൻ യൂറോപ്യന്‍ യൂണിയന്റെ ശ്രമം. ആണവ– ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ അവസാനിപ്പിക്കാൻ ഉത്തരകൊറിയയോടു നിർദേശിക്കാൻ യൂറോപ്യൻ യൂണിയൻ ഉച്ചകോടി തീരുമാനിച്ചു. കരടു തീരുമാനം വിവിധ നേതാക്കളുടെ യോഗത്തിൽ അംഗീകരിച്ചതിനു ശേഷം പ്രസ്താവനയായി പുറത്തുവിടും. ആയുധപരീക്ഷണങ്ങൾ പൂർണമായും നിർത്തണമെന്നും ആവർത്തിക്കരുതെന്നുമായിരിക്കും നിര്‍ദേശം നൽകുക. ഇക്കാര്യം രാജ്യാന്തര നേതൃത്വത്തിനു പരിശോധിച്ച് ബോധ്യപ്പെടാനുമാകണം. ഇക്കാര്യവും സമ്മതിച്ചില്ലെങ്കിൽ ഉത്തരകൊറിയയ്ക്കെതിരെ കൂടുതൽ നടപടികളെടുക്കേണ്ടി വരും. എന്നാൽ ഇതെന്താണെന്ന് യൂണിയൻ വ്യക്തമാക്കിയിട്ടില്ല.

ഐക്യരാഷ്ട്ര സംഘടനയ്ക്കു പിന്നാലെ ഉത്തരകൊറിയയ്ക്കു മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനും യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. ഉപരോധങ്ങൾ യൂണിയനു കീഴിലെ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ അംഗീകരിച്ചതാണ്. ഉത്തരകൊറിയയോടൊപ്പം വാണിജ്യബന്ധം തുടരുന്ന യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത രാജ്യങ്ങൾക്കു നേരെയും ഉപരോധം ഏർപ്പെടുത്തുമെന്നു സൂചനയുണ്ട്. 

എണ്ണയും അനുബന്ധ ഉൽപന്നങ്ങളും ഉത്തരകൊറിയയ്ക്കു വില്‍ക്കുന്നതിന് നിലവിൽ നിരോധനമുണ്ട്. ‘പ്രതീകാത്മകം’ എന്ന നിലയിലാണ് ഈ ഉപരോധമെങ്കിലും യൂറോപ്യൻ യൂണിയന്റെ മാതൃക പിന്തുടരണമെന്ന് മറ്റു രാജ്യങ്ങൾക്കുള്ള സൂചന കൂടിയാണിത്. അസംസ്കൃത എണ്ണ നൽകുന്നതിനു പൂർണനിരോധനം ഏർപ്പെടുത്തരുതെന്നാണ് ചൈനയും റഷ്യയും ആവശ്യപ്പെടുന്നത്. 

ഉത്തര കൊറിയയുടെ സാമ്പത്തിക സ്ഥിതിയെ അവതാളത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ സെപ്റ്റംബർ 11ന് കനത്ത ഉപരോധം യുഎൻ രക്ഷാസമിതി ഏർപ്പെടുത്തിയിരുന്നു. തുണിത്തര കയറ്റുമതിക്കും സംയുക്ത സംരംഭങ്ങൾക്കും സമ്പൂർണവിലക്ക് ഉൾപ്പെടെയുള്ള കടുത്ത നടപടികളായിരുന്നു അന്നുണ്ടായത്. 

ഓഗസ്റ്റ് മധ്യത്തോടെ ഉത്തര കൊറിയയിൽ നിന്നുള്ള ഉരുക്ക്, ഇരുമ്പയിര്, കടലുൽപന്ന ഇറക്കുമതി ചൈന നിർത്തിവച്ചിരുന്നു. നാല് ഉത്തര കൊറിയൻ ചരക്കു കപ്പലുകൾക്ക് ഒരു കാരണവശാലും തുറമുഖങ്ങളിൽ പ്രവേശനാനുമതി നൽകരുതെന്ന് അംഗരാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭ (യുഎൻ)യുടെ മുന്നറിയിപ്പ് അടുത്തിടെയാണു വന്നത്. ഉത്തര കൊറിയയിലേക്കും അവിടെ നിന്നും നിരോധിക്കപ്പെട്ട വസ്തുക്കളുമായി പുറപ്പെട്ട കപ്പലുകൾക്കാണ് വിലക്ക്. ചരിത്രത്തിലാദ്യമായാണ് ഉത്തര കൊറിയൻ കപ്പലുകൾക്ക് യുഎന്‍ രക്ഷാസമിതി വിലക്കേർപ്പെടുത്തുന്നത്.