Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം അക്രമം അവസാനിപ്പിക്കൂ, സംവാദം അതിനുശേഷം: മുഖ്യമന്ത്രിയോടു കുമ്മനം

kummanam-pinarayi

തിരുവനന്തപുരം ∙ വികസനത്തിനും വികസന സംവാദത്തിനും അനുകൂലമായ സാഹചര്യം ഉരുത്തിരിയണമെങ്കിൽ ആദ്യം അക്രമത്തിന്റെയും സംഘർഷത്തിന്റെയും അന്തരീക്ഷം ഇല്ലാതാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വികസനത്തിന്റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണു ബിജെപി പ്രസിഡന്റ് അമിത് ഷാ ആഗ്രഹിക്കുന്നതെങ്കിൽ ആ വെല്ലുവിളി സന്തോഷപൂർവം ഏറ്റെടുക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് അക്രമവും സംഘർഷം അവസാനിപ്പിക്കുകയാണ് സംവാദത്തിന്റെയും വികസനത്തിന്റെയും ആദ്യപടിയെന്ന് കുമ്മനം മുഖ്യമന്ത്രിയെ ഓർമിപ്പിച്ചത്.

നിര്‍ഭാഗ്യവശാല്‍ വിവാദങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഇന്നത്തെ അന്തരീക്ഷത്തില്‍, ആത്മാര്‍ത്ഥവും ആരോഗ്യകരവുമായ സംവാദത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുന്നതെങ്കില്‍, സ്വാഗതാര്‍ഹമാണ് ആ നിലപാട്. വികസനത്തെക്കുറിച്ച് വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനുമുള്ളതാവണം നിര്‍ദ്ദിഷ്ട സംവാദം. കേരളത്തില്‍ മാത്രമല്ല, രാഷ്ട്രമൊട്ടാകെ തന്നെ ഒരു വികസന സംവാദത്തിന് സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ബിജെപി കരുതുന്നതെന്നും കുമ്മനം പറ‍ഞ്ഞു.

കേന്ദ്ര ഭരണ കക്ഷിയായ ബിജെപിയുടെയും കേരളത്തിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും വികസന കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെങ്കിലും ആരോഗ്യകരമായ ആശയവിനിമയം തെറ്റല്ല. അക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ കക്ഷിയില്‍ നിന്നും എത്രമാത്രം സഹകരണം ഉണ്ടാകും എന്നതാണ് കാതലായ ചോദ്യം. ആ ദിശയിലുള്ള ക്രിയാത്മകമായ നീക്കങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഇതു വെറും വാചാടോപമായി മാത്രം അധ:പതിക്കും. അത് കേരളീയ ജനതയുടെ ക്ഷമ പരീക്ഷിക്കുന്ന നീക്കമാകുമെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

കേരളം വികസന പ്രതിസന്ധി നേരിടുന്നു എന്നുള്ള വസ്തുത കഴിഞ്ഞ ഏതാനും ദശകങ്ങളായി സംസ്ഥാനം ഭരിക്കുന്ന യുഡിഎഫും എല്‍ഡിഎഫും പ്രത്യക്ഷമായും പരോക്ഷമായും പല അവസരങ്ങളില്‍ പലവട്ടം സമ്മതിച്ചതാണ്. വര്‍ഷാവര്‍ഷം അവതരിപ്പിക്കപ്പെടുന്ന ബജറ്റ് പ്രസംഗങ്ങള്‍ തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക വിഷമവൃത്തത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. പ്രതിസന്ധിക്ക് പരിഹാരമായി പലപ്പോഴും സംസ്ഥാനം ഉറ്റുനോക്കുന്നത് കേന്ദ്ര സർക്കാരിനെയാണ്.

സാമ്പത്തിക കെടുകാര്യസ്ഥതയും, കര്‍ശന തീരുമാനങ്ങള്‍ കൈക്കൊള്ളുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്ലായ്മയും മൂലം കേരളത്തിന്റെ സാമ്പത്തിക ദുരവസ്ഥ അഭംഗുരം തുടരുകയും 1.6 ലക്ഷം കോടി രൂപയുടെ കടക്കെണിയില്‍ വീഴുകയും വികസന സ്തംഭനം ഉണ്ടാവുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുമുള്ള സത്വര നടപടികളാണ് അടിയന്തിരമായി ഉണ്ടാവേണ്ടതെന്നും കുമ്മനം അഭിപ്രായപ്പെട്ടു.