Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാന്റെ ‘മൂക്കിനുതാഴെ’ പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം; കൂട്ടിനു സൈന്യവും

Modi-with-Army-men-3 അതിർത്തിയിലെ സൈനികർക്ക് മധുരം നൽകി ദീപാവലി ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി ∙ ഇന്ത്യൻ സൈനികർ തനിക്കു സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണെന്ന പ്രഖ്യാപനത്തോടെ, പാക്കിസ്ഥാന്റെ ‘മൂക്കിനു താഴെ’ കശ്മീർ അതിര്‍ത്തിയിലെ സൈനികർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം. ജമ്മു കശ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഗുറെസ് താഴ്‌വരയിൽ ജോലി ചെയ്യുന്ന കരസേന, അതിർത്തി രക്ഷാ സേന എന്നിവയിലെ അംഗങ്ങൾക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. സൈനികർക്ക് മധുരം വിതരണം ചെയ്ത പ്രധാനമന്ത്രി, കുടുംബാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കണമെന്ന ആഗ്രഹമാണ് തന്നെ ഇവിടെ എത്തിച്ചതെന്നും വ്യക്തമാക്കി. സൈനിക വേഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.

തുടർച്ചയായ നാലാം വർഷമാണ് അതിർത്തി സംരക്ഷിക്കുന്ന സൈനികർക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. 2014ൽ സിയാച്ചിനിലെ സൈനികർക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. ഗുറെസ് താഴ്‌വരയിലെ സൈനികർക്കൊപ്പം രണ്ടു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് പ്രധാനമന്ത്രി ഡൽഹിക്കു മടങ്ങിയത്. ഇവിടെനിന്ന് ഏതാണ്ട് ഒരു വിളിപ്പാടകലെയാണ് പാക്ക് അധീന കശ്മീര്‍. കഴിഞ്ഞ 27 വർഷത്തിനിടെ ഒട്ടേറെത്തവണ നുഴഞ്ഞുകയറ്റ ശ്രമങ്ങളും വെടിനിർത്തൽ കരാർ ലംഘനങ്ങളും നടന്നിട്ടുള്ള സ്ഥലമാണ് ഇവിടം.

Modi-with-Army-men ദീപാവലി ആഘോഷത്തിനിടെ സൈനികരുമായി സംവദിക്കുന്ന പ്രധാനമന്ത്രി.

സൈനികർക്കൊപ്പം ചെലവഴിച്ച നിമിഷങ്ങൾ തന്നെ സംബന്ധിച്ചിടത്തോളം വളരെ ഊർജദായകമായിരുന്നുവെന്ന് അദ്ദേഹം പിന്നീടു ട്വിറ്ററിൽ കുറിച്ചു. പരസ്പരം മധുരം കൈമാറുകയും സൈനികരുമായി സംവദിക്കുകയും ചെയ്തതായി വ്യക്തമാക്കിയ അദ്ദേഹം, ഇതിന്റെ ചിത്രങ്ങളും തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ചു. സൈനികർ എല്ലാദിവസവും യോഗ ചെയ്യുന്നതായി അറിയാൻ കഴിഞ്ഞെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.

അതിർത്തിയിലെ പ്രതികൂല സാഹചര്യങ്ങളിൽ ശാന്തത കാത്തുസൂക്ഷിക്കാനും പ്രതിരോധ കഴിവുകൾ നിലനിർത്താനും യോഗ ദിനചര്യയുടെ ഭാഗമാക്കുന്നത് സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സൈനിക സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്നവർക്ക് അവിടെ യോഗാധ്യാപകരായി ശിഷ്ടകാലം ചെലവഴിക്കാമെന്ന ഉപദേശം നൽകാനും പ്രധാനമന്ത്രി മറന്നില്ല.

Modi-with-Army-men സൈനികർക്കൊപ്പം പ്രധാനമന്ത്രി ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന 2022നു മുന്നോടിയായി, ഓരോ പൗരനും പൂർത്തിയാക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വാചാലനായി. അനുദിന പ്രവർത്തികളും ജോലിയും കൂടുതൽ അനായാസമാക്കുന്നതിന് പുതിയ പരീക്ഷണങ്ങളിൽ ഏർപ്പെടാനും പ്രധാനമന്ത്രി സൈനികരെ ആഹ്വാനം െചയ്തു. കരസേന, നാവികസേന, വ്യോമസേനാ ദിനങ്ങളിൽ ഇത്തരം പരീക്ഷണങ്ങളിൽ വിജയം കാണുന്നവരെ പ്രത്യേക പുരസ്കാരങ്ങൾ നൽകി ആദരിക്കും. വർഷങ്ങളോളം ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ഒരേ റാങ്ക്, ഒരേ പെൻഷൻ പദ്ധതി നടപ്പാക്കിയ കാര്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിയുന്ന വിധത്തിലെല്ലാം സൈനികരുടെ ക്ഷേമം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ബദ്ധശ്രദ്ധരാണെന്നും പ്രഖ്യാപിച്ചു.

Modi-with-Army-men

രണ്ടു മണിക്കൂറോളം സൈനികർക്കൊപ്പം ചെലവഴിച്ച ശേഷം മടങ്ങുമ്പോൾ ക്യാംപിലെ സന്ദർശക ഡയറിയിൽ പ്രധാനമന്ത്രി ഇപ്രകാരം കുറിച്ചു: 

സ്വന്തക്കാരിൽനിന്ന് അകന്ന്, ജീവത്യാഗം ചെയ്തും മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി അതിർത്തിയിൽ ജോലി ചെയ്യുന്ന എല്ലാ സൈനികരും ധീരതയുടെയും സമർപ്പണത്തിന്റെയും പ്രതീകങ്ങളാണ്. ഇത്തവണ ദീപാവലി നിങ്ങൾക്കൊപ്പം ആഘോഷിക്കാൻ എനിക്ക് അവസരം ലഭിച്ചു. ഇത്തരം ആഘോഷാവസരങ്ങളിൽ അതിർത്തി സംരക്ഷിക്കുന്ന ധീരജവാൻമാരുടെ സാന്നിധ്യം രാജ്യത്തെ കോടിക്കണക്കിന് പൗരൻമാരിൽ കൂടുതൽ ഊർജവും പുതുപ്രതീക്ഷയും നിറയ്ക്കുന്നു. ‘പുതിയ ഇന്ത്യ’ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഒത്തൊരുമിച്ചു പ്രവർത്തിക്കാനുള്ള സുവർണാവസരമാണ് നമുക്കിത്. സൈന്യവും ഇതിന്റെ ഭാഗമാണ്. എല്ലാവർക്കും ദീപാവലി ആശംസകൾ.

related stories