Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗ്യരായ പാക്ക് പൗരൻമാർക്ക് ദീപാവലി സമ്മാനമായി മെഡിക്കൽ വീസ; കയ്യടി നേടി സുഷമ

Sushma Swaraj

ന്യൂഡൽഹി ∙ ദീപാവലിയോട് അനുബന്ധിച്ച് പാക്ക് പൗരൻമാർക്ക് പ്രത്യേക സമ്മാനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യയിൽ ചികിത്സ തേടുന്നതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള പാക്ക് പൗരൻമാരിൽ യോഗ്യരായവർക്കെല്ലാം എത്രയും വേഗം  മെഡിക്കൽ വീസ അനുവദിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഇത്തരം അപേക്ഷകൾ തീർപ്പാക്കുന്ന പതിവു വേദിയായ ട്വിറ്ററിലൂടെയാണ് പുതിയ സന്തോഷവാർത്തയും വിദേശകാര്യ മന്ത്രി പുറത്തുവിട്ടത്.

ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്ന പാക്കിസ്ഥാൻ സ്വദേശിയുടെ മകൾക്ക് പിതാവിനെ സന്ദർശിക്കുന്നതിനും വീസ അനുവദിക്കുമെന്ന് മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഡൽഹിയിൽ ചികിത്സയിൽ കഴിയുന്ന പാക്ക് പൗരന്റെ മകളായ അമ്ന ഷമീനാണ് ട്വിറ്ററിലൂടെ മന്ത്രി ഇക്കാര്യം ഉറപ്പു നൽകിയത്. ഇതിനായി പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തെ സമീപിക്കാനും മന്ത്രി നിർദ്ദേശിച്ചു.

ഇന്ത്യയിൽ ചികിത്സ തേടിയ പാക്കിസ്ഥാൻ സ്വദേശിയായ അബ്ദുല്ല എന്ന കുഞ്ഞിന് മെഡിക്കൽ വീസ അനുവദിക്കാൻ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് ബുധനാഴ്ച മന്ത്രി നിർദ്ദേശം നൽകിയിരുന്നു. കുഞ്ഞിന്റെ പിതാവ് കാഷിഫ് ട്വിറ്ററിലൂടെ നടത്തിയ അഭ്യര്‍ഥന മാനിച്ചായിരുന്നു ഇത്. കുഞ്ഞിന്റെ മരുന്ന് തീരാറായെന്നും എത്രയും വേഗം തുടർ ചികിത്സയ്ക്കായി ഇന്ത്യയിൽ വരാൻ അനുവദിക്കണമെന്നുമായിരുന്നു കാഷിഫിന്റെ അപേക്ഷ. മരുന്നിന്റെ ലഭ്യതക്കുറവു മൂലം കുഞ്ഞിന്റെ ചികിത്സ തടസ്സപ്പെടില്ലെന്ന് മന്ത്രി ഇതിനു മറുപടി നല്‍കി.

കരള്‍ സംബന്ധമായ ചികിത്സയ്ക്കായി ഇന്ത്യയിൽ പ്രവേശിക്കാൻ അനുമതി തേടിയ റഫീഖ് മേമൻ എന്ന കുട്ടിയുടെ കുടുംബത്തിനും സുഷമ സ്വരാജ് ഇടപെട്ട് വീസ ലഭ്യമാക്കിയിരുന്നു. ഇവയുൾപ്പെടെ ഒരുപിടി അപേക്ഷകൾ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ പരിഗണനയ്ക്കു സമർപ്പിച്ചശേഷമാണ് യോഗ്യമായ അപേക്ഷകളെല്ലാം ഉടൻ തീർപ്പാക്കുമെന്നും മന്ത്രി ഉറപ്പു നൽകിയത്.