Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടായാൽ ഒരു രാജ്യവും ജയിക്കില്ല: ദലൈലാമ

Dalai Lama

ഇംഫാൽ∙ ഭീകരരിൽ മുസ്‌ലിം, ക്രിസ്ത്യൻ എന്നീ വേർതിരിവില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ. ഭീകരർക്കു മതമില്ല. ഭീകരർ ആകുന്ന നിമിഷം മുതൽ അവർക്കു മുസ്‍ലിമെന്നോ ക്രിസ്ത്യനെന്നോ മറ്റേതെങ്കിലും മതമെന്നോ ഉള്ള വേർതിരിവു നഷ്ടമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയപ്പോഴാണ് ദലൈലാമയുടെ പ്രതികരണം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മത അസഹിഷ്ണുതയ്ക്കെതിരെ ആഞ്ഞടിച്ച ദലൈലാമ, മണിപ്പൂരിൽ മുസ്‍ലിംകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ ദൗർഭാഗ്യകരമാണെന്നും പറഞ്ഞു. ചരിത്രപരമായി ഒട്ടേറെ മതങ്ങളുടെ സങ്കരമാണ് ഇന്ത്യ. പലവിധത്തിലുള്ള ആളുകൾ, വിവിധ സമുദായങ്ങളിൽ നിന്നുള്ളവർ, വിവിധ വിശ്വാസങ്ങളുള്ളവർ, ഇവയെല്ലാം സംരക്ഷിക്കപ്പെടേണ്ടതാണ്. ഒരു മതത്തിനു ഇതിൽ കൈകടത്തുന്നതിനോ ഇവ തകർക്കുന്നതിനോ അവകാശമില്ല. അതു തെറ്റാണ് – ദലൈലാമ പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ദോക് ലാ സംഘർഷത്തെക്കുറിച്ചു ചോദിച്ചപ്പോൾ, അത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും എന്നാൽ അവർ യുദ്ധത്തിലേക്കു പോകുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും മികച്ച രാഷ്ട്രങ്ങളാണ്. അവരിൽ ഒരാൾക്കും മറ്റെയാളെ തോൽപിക്കാൻ സാധിക്കില്ല. ഇരുവരും ഒത്തൊരുമിച്ചു നടക്കേണ്ടതാണ്. അതിർത്തിയിൽ ചില പ്രശ്നങ്ങളുണ്ട്. എന്നാൽ അതിൽ എന്തെങ്കിലും കാര്യമുണ്ടെന്നു കരുതുന്നില്ലെന്നും ദലൈലാമ വ്യക്തമാക്കി.

ഇന്ത്യയും ചൈനയും ജപ്പാനുമടക്കമുള്ള രാജ്യങ്ങൾ അംഗങ്ങളായി ഒരു ഏഷ്യൻ യൂണിയൻ രൂപം കൊള്ളുകയെന്നതാണു തന്റെ സ്വപ്നം. മ്യാൻമറിലെ മതസംബന്ധമായ അസഹിഷ്ണുതയും മുസ്‍ലിം വിഭാഗങ്ങൾക്കുനേരെ തുടരുന്ന അതിക്രമങ്ങളും ദൗർഭാഗ്യകരമാണെന്നും ദലൈലാമ പറഞ്ഞു.