Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി നേതാക്കൾക്കെതിരായ കോഴയന്വേഷണം വിജിലൻസ് അവസാനിപ്പിച്ചു

vv-rajesh-sreesan-nasser

തിരുവനന്തപുരം ∙ സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചു. കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഈ മാസം അവസാനത്തോടെ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. റിപ്പോർട്ട് തയ്യാറാക്കുന്ന നടപടികൾക്ക് തുടക്കമായി.

മൂന്നു മാസത്തോളം അന്വേഷണം നടത്തിയിട്ടും, ബിജെപി നേതാക്കളടക്കം നിരവധിപേരുടെ  മൊഴികൾ രേഖപ്പെടുത്തിയിട്ടും കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടും. ബിജെപി നേതാക്കളും, കോഴ നൽകിയതായി ബിജെപി നേതൃത്വത്തിന് പരാതി നൽകിയ എസ്.ആർ. എഡ്യൂക്കേഷൻ‌ ട്രസ്റ്റ് ഭാരവാഹികളും അടിക്കടി മൊഴി മാറ്റുന്നത് അന്വേഷണത്തെ ബാധിച്ചു. ബിജെപി നേതൃത്വവും അന്വേഷണത്തോട് സഹകരിക്കുന്നില്ല. പ്രചരിക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോർട്ട് തങ്ങളുടേതല്ല എന്നാണ് ബിജെപി കമ്മിഷൻ അംഗങ്ങളായ കെ.പി.ശ്രീശനും എ.കെ. നസീറും പറയുന്നത്.

കമ്മിഷൻ റിപ്പോർട്ട് എന്നൊന്നില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മൊഴി നൽകിയത്. കൺസൾട്ടൻസി ഫീസായി 25 ലക്ഷം രൂപ നൽകിയതായി എസ്.ആർ. എഡ്യൂക്കേഷൻ ട്രസ്റ്റ് സ്ഥാപനമുടമയുടെ മൊഴിയുണ്ടായിരുന്നെങ്കിലും രേഖകൾ കണ്ടെത്താനായിട്ടില്ല. പരാതിക്കാരില്ലാത്തതും അന്വേഷണത്തിന് തടസമായി. സാമ്പത്തിക അഴിമതി സംബന്ധിച്ച തെളിവുകൾ കണ്ടെടുക്കാൻ കഴിയാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടും.

‘അഴിമതി സംബന്ധിച്ച തെളിവുകൾ ലഭിക്കാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണ്. ഈ മാസം അന്തിമ റിപ്പോർട്ട് സമർപ്പിക്കും’–വിജിലൻസ് ഉദ്യോഗസ്ഥർ മനോരമ ഓൺലൈനിനോട് പറഞ്ഞു.

മെഡിക്കൽ കോഴയുടെ നാൾ വഴികൾ:

∙ മെഡിക്കൽ കോളജിന് അംഗീകാരം നേടികൊടുക്കാമെന്നു വാദ്ഗാനം നൽകി ബിജെപി നേതാക്കൾ 5.60 കോടി രൂപ വാങ്ങിയതായി മെയ് 19ന് എസ്.ആർ എഡ്യൂക്കേഷൻ ട്രസ്റ്റ് ബിജെപി നേതൃത്വത്തിന് പരാതി നൽകി

∙ ബിജെപി നേതാക്കളായ ശ്രീശൻ, എം.കെ.നാസർ എന്നിവർ കോഴയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

∙ റിപ്പോർട്ടിലെ വിവരങ്ങൾ ജൂലൈ 21നു മാധ്യമങ്ങളിലൂടെ പുറത്തുവരുന്നു. ബിജെപി സഹകരണ സെൽ കൺവീനർ ആർ.എസ്. വിനോദ് 5.60 കോടിരൂപ കൈപ്പറ്റി ഡൽഹിയിലെ ഇടനിലക്കാരനായ സതീഷ് നായർക്കു നൽകിയെന്നു റിപ്പോർട്ടിൽ പരാമർശം. ബിജെപി നേതാവ് എം.ടി. രമേശിനെതിരെയും മൊഴി.

∙ ആരോപണത്തെത്തുടർന്ന് ആർ.എസ്. വിനോദിനെ ബിജെപി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

∙ സിപിഎം നേതാവ് സുകാര്‍നോയുടെ പരാതിയിൽ ജൂലൈ 20നു വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു.

∙ ഓഗസ്റ്റ് 8. റിപ്പോർട്ട് ചോർന്നതിനെത്തുടർന്ന് ബിജെപി നേതാവ് വി.വി. രാജേഷിനെ സംഘടനാ ചുമതലകളിൽനിന്ന് മാറ്റി.

∙ ബിജെപി നേതൃത്വവും, ആരോപണ വിധേയരും മൊഴികൾ മാറ്റുന്നു. വിജിലൻസ് അന്വേഷണം ദുർബലമാകുന്നു.

related stories