Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നു; സമയലാഭം രണ്ടു മണിക്കൂർ

Train

ന്യൂഡൽഹി ∙ ദീർഘദൂര യാത്രാ തീവണ്ടികളുടെ വേഗത വർധിപ്പിച്ച് യാത്രാസമയം കുറയ്ക്കാൻ റെയിൽവേ. 500 കിലോമീറ്ററിലധികം ദൂരം സർവീസ് നടത്തുന്ന ട്രെയിനുകളുടെ യാത്രാസമയം വെട്ടിക്കുറയ്ക്കാനാണു തീരുമാനിച്ചതെന്നാണു റിപ്പോർട്ട്. പുതിയ സമയക്രമം നവംബറിൽ നിലവിൽ വന്നേക്കും. ഇതോടെ, ട്രെയിനിൽ ദീർഘദൂര യാത്ര പോകുന്നവർക്ക് 15 മിനിറ്റു മുതൽ രണ്ടു മണിക്കൂർ വരെ സമയം ലാഭിക്കാം.

അടുത്തിടെ നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ റെയിൽവേ മന്ത്രിയായി ചുമതലയേറ്റ പിയൂഷ് ഗോയലിന്റെ നിർദ്ദേശപ്രകാരമാണ് പുതിയ പരീക്ഷണവുമായി റെയിൽവേ രംഗത്തെത്തിയിരിക്കുന്നത്. ട്രെയിനുകളുടെ സമയക്രമത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ വരുത്തണമെന്നു മന്ത്രി നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ട്രെയിനുകളുടെ വേഗത വർധിപ്പിച്ചു യാത്രാസമയം കുറയ്ക്കാനുള്ള നീക്കം.

പുതിയ സമയക്രമം പ്രാബല്യത്തിലാകുന്നതോടെ ഓരോ റെയിൽവേ ഡിവിഷനും അറ്റകുറ്റപണികൾക്കായി രണ്ടു മുതൽ നാലു മണിക്കൂർ വരെ കൂടുതൽ ലഭിക്കും. ആദ്യഘട്ടത്തിൽ രാജ്യത്താകെ അൻപതോളം ട്രെയിനുകളിലെ യാത്രക്കാർക്കു പുതിയ നടപടിയുടെ ഗുണം ലഭിക്കും. പിന്നീട് അഞ്ഞൂറോളം ട്രെയിനുകളുടെ വേഗത വർധിപ്പിച്ചു യാത്രാസമയം കുറയ്ക്കാനാണു ശ്രമം.

ഇതിനുപുറമെ, അൻപതോളം മെയിൽ, എക്സ്പ്രസ് ട്രെയിനുകളെ സൂപ്പർ ഫാസ്റ്റ് വിഭാഗത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളും നടന്നുവരികയാണെന്നാണു റിപ്പോർട്ട്. നിലവിലുള്ള ട്രെയിനുകളുടെ വേഗത വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിത്.