Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആംബുലൻസിന്റെ വഴിതടഞ്ഞത് സംഭവിക്കരുതാത്തത്: മനുഷ്യാവകാശ കമ്മിഷൻ

Private car create trouble for ambulance

തിരുവനന്തപുരം ∙ പെരുമ്പാവൂരിൽ ആംബുലൻസിന്റെ വഴി തടഞ്ഞ സംഭവം നടക്കാൻ പാടില്ലാത്തതായിരുന്നുവെന്നു മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ പി.മോഹനദാസ്. പൊലീസ് കേസ് എടുത്തതിനാല്‍ മനുഷ്യാവകാശ കമ്മിഷൻ നടപടിയിലേക്കു നീങ്ങുന്നില്ല. അല്ലെങ്കില്‍ കേസെടുക്കുമായിരുന്നുവെന്നും കമ്മിഷന്‍ അറിയിച്ചു.

ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായ നവജാത ശിശുവുമായി കളമശ്ശേരിയിലെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോയ ആംബുലൻസിന്റെ മുന്നിലാണ് കാർ മാർഗതടസ്സം സൃഷ്ടിച്ചത്. വഴിമുടക്കിയ കാർ അലക്ഷ്യമായാണ് ഒാടിച്ചതെന്നു മാതാപിതാക്കൾ പറഞ്ഞു. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ അഞ്ചുമിനിറ്റ് വൈകിയെങ്കില്‍ ജീവൻ നഷ്ടപ്പെട്ടേനെ. പ്രസവിച്ച് 15 മിനിറ്റുമാത്രം പിന്നിട്ട കുഞ്ഞിനെയാണ് ആംബുലൻസിൽ കൊണ്ടുപോയത്. കുഞ്ഞ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികില്‍സയിലാണെന്നും മാതാപിതാക്കൾ പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് അഞ്ചിനാണു കുട്ടിയുമായി ആംബുലൻസ് ഡ്രൈവർ പി.കെ.മധു താലൂക്ക് ആശുപത്രിയിലേക്കു പുറപ്പെട്ടത്. കുഞ്ഞുമായി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽനിന്നു പോയ ആംബുലൻസിനെ കെഎൽ 17 എൽ 202 എന്ന നമ്പരിലുള്ള കാർ മുന്നിലേക്കു കടത്തിവിട്ടില്ല. സാധാരണ 15 മിനിറ്റിനുള്ളിൽ കളമശ്ശേരിയിൽ എത്താറുള്ള ആംബുലൻസ് 35 മിനിറ്റ് കൊണ്ടാണ് എത്തിയത്.

ആംബുലൻസിനു വഴികൊടുക്കാതെ പായുന്ന കാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ കാറിന്റെ ഉടമ നിർമൽ ജോസിനെതിരെ മോട്ടോർവാഹന വകുപ്പ് നടപടിയെടുത്തിട്ടുണ്ട്. ഇയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു.

പെരുമ്പാവൂരിൽനിന്നു വരുന്നവഴി ആലുവ രാജഗിരി ആശുപത്രിക്കു സമീപത്താണ് വെള്ള കാർ ആംബുലൻ‌സിനു മുന്നിൽ കയറിയത്. അത്യാഹിത സൂചന നൽകുന്ന ലൈറ്റ് പ്രവർത്തിപ്പിച്ചെങ്കിലും കാർ വഴിമാറാതെ മുന്നിൽത്തന്നെ ഓടുകയായിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു. ആംബുലൻസിനു കടന്നുപോകാനുള്ള സൗകര്യം ഒരുക്കാനുള്ള സാഹചര്യം പലതവണ ലഭിച്ചെങ്കിലും കാർ ഡ്രൈവർ വഴിമാറിക്കൊടുത്തില്ലെന്നാണ് ആക്ഷേപം.