Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ മാറാവ്യാധിയായി മലിനീകരണം; 2015ൽ പൊലിഞ്ഞത് 25 ലക്ഷം ജീവൻ

pollution-delhi

ന്യൂഡൽഹി∙ മലിനീകരണം ഇന്ത്യയിലെ ഏറ്റവും വലിയ മാറാരോഗമാകുന്നുവെന്ന് റിപ്പോർട്ട്. ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ മലിനീകരണ മരണങ്ങൾ നടക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് പുതിയ റിപ്പോർട്ട്. അടിസ്ഥാന, മധ്യവർഗങ്ങളിൽപ്പെട്ട ആളുകളാണ് ഇങ്ങനെ മരിക്കുന്നവരിൽ ഏറെയും.

2015ൽ വായു, വെള്ളം തുടങ്ങിയ മേഖലകളിൽ ഏറ്റവുമധികം മലിനീകരണമുണ്ടായ രാജ്യം ഇന്ത്യയാണ്. 25 ലക്ഷത്തിലധികം പേർ മലിനീകരണത്താൽ ആ വർഷം രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ടെന്നും ലാൻസെറ്റ് ജേർണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ന്യൂഡൽഹി ഐഐടി, യുഎസിലെ ഐകാൻ സ്കൂൾ ഓഫ് മെഡിസിൻ എന്നിവർ ചേർന്നായിരുന്നു പഠനം.

ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, ശ്വാസകോശ കാൻസർ, ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് (സിഒപിഡി) തുടങ്ങിയവയാണ് മിക്കവരെയും മരണത്തിലേക്കു നയിച്ചത്. 2015ൽ ലോകത്താകെ 65 ലക്ഷം മരണങ്ങൾക്കു വായു മലിനീകരണം കാരണമായപ്പോൾ, ജല മലിനീകരണം 18 ലക്ഷം പേരുടെയും ജോലിസ്ഥലത്തെ മലിനീകരണം എട്ടു ലക്ഷം പേരുടെയും ജീവനെടുത്തു. 92 ശതമാനം ഇത്തരം മരണങ്ങളും നടക്കുന്നത് വികസനവും വരുമാനവും കുറഞ്ഞ രാജ്യങ്ങളിലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ദ്രുതഗതിയിൽ വ്യവസായിക നഗരങ്ങളായി മാറുന്ന ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, ബംഗ്ലദേശ്, മഡഗാസ്കർ, കെനിയ എന്നിവിടങ്ങളിൽ നാലിലൊന്നു മരണത്തിനു പിന്നിലും മലിനീകരണമാണ് വില്ലൻ. 2015ൽ ഇന്ത്യയിൽ 25 ലക്ഷവും ചൈനയിൽ 18 ലക്ഷവും ആളുകളാണ് ഇങ്ങനെ മരിച്ചത്. ഇത്തരം മരണം മൂലമുള്ള സാമ്പത്തിക നഷ്ടം പ്രതിവർഷം 4.6 ട്രില്യൺ ഡോളർ (4.6 ലക്ഷം കോടി) വരും. ആഗോള സമ്പദ് വ്യവസ്ഥയുടെ 6.2 ശതമാനം വരുമിത്.

ലോകത്താകമാനം ഓരോ വർഷവും 90 ലക്ഷം പേരുടെ മരണത്തിനു മലിനീകരണമാണ് കാരണമാകുന്നത്. ആകെ മരണ തോതിന്റെ 16 ശതമാനം (ആറിലൊന്ന്) വരും ഈ അളവ്. വായു, വെള്ളം, മണ്ണ് മലിനീകരണത്തിനു പുറമേ, രാസവിഷങ്ങളുമാണ് ശിശു മരണങ്ങൾക്ക് വഴിയൊരുക്കുന്നത്. 15 വർഷത്തിനിടെ, കാര്യമായി വികസിച്ച രാജ്യങ്ങളിലാണു മലിനീകരണം കൂടിയത്. പാവങ്ങളെയാണു മലിനീകരണത്തിന്റെ കെടുതികൾ കൂടുതലും ബാധിക്കുന്നതെന്നും പഠനം പറയുന്നു.