Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോഫോഴ്സ് കേസിൽ പുനരന്വേഷണത്തിന് സിബിഐ; സുപ്രീം കോടതിയെ സമീപിക്കും

Bofors-gun

ന്യൂഡൽഹി∙ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച ബോഫോഴ്സ് കേസിൽ പുനരന്വേഷണ സാധ്യത തേടി കേന്ദ്രസർക്കാരിനു സിബിഐയുടെ കത്ത്. യൂറോപ്പ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹിന്ദുജ ബ്രദേഴ്സ് കമ്പനിക്കെതിരായ നടപടികൾ റദ്ദാക്കിയ, 2005ലെ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് സിബിഐ നീക്കം. പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് കേസിലെ പുനരന്വേഷണ സാധ്യത സിബിഐ തേടുന്നത്.

എന്നാൽ, ഇത്രയും കാലത്തിനുശേഷം സുപ്രീംകോടതിയെ സമീപിക്കുമ്പോൾ കാലതാമസം വന്നതിനെക്കുറിച്ചു വിശദീകരണം നൽകേണ്ടി വരുമെന്നാണ് സിബിഐയുടെ വിലയിരുത്തൽ. 2005ൽ പുനരന്വേഷണം നടത്താൻ സിബിഐ താൽപര്യപ്പെട്ടിരുന്നെങ്കിലും യുപിഎ സർക്കാർ അനുമതി നൽകിയിരുന്നില്ല.

അതേസമയം, ബോഫോഴ്സ് കേസ് വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ടു ബിജെപി നേതാവ് അജയ്കുമാർ അഗർവാൾ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. കേസിനാസ്‌പദമായ യഥാർഥ സ്വിസ് രേഖകളോ, വിശ്വാസയോഗ്യമായ പകർപ്പോ ഹാജരാക്കാൻ സിബിഐക്കു കഴിഞ്ഞില്ലെന്നു വിലയിരുത്തിയാണ് ഹിന്ദുജ സഹോദരന്മാരെയും സ്വീഡനിലെ ആയുധ നിർമാതാക്കളായ എ.ബി. ബോഫോഴ്‌സ് കമ്പനിയെയും ഡൽഹി ഹൈക്കോടതി പൂർണമായും കുറ്റവിമുക്‌തരാക്കിയത്.

രാജീവ് സർക്കാരിന്റെ പതനം കുറിച്ച ബോഫോഴ്സ്

1989 ൽ അന്നത്തെ രാജീവ് ഗാന്ധി സർക്കാരിന്റെ പതനത്തിലേക്കു നയിച്ചതു ബോഫോഴ്സ് ആയുധ ഇടപാടിലെ കോഴ വിവാദമായിരുന്നു. 1986ൽ സ്വീഡനിലെ എ.ബി. ബോഫോഴ്സ് കമ്പനിയിൽ നിന്ന് ഇന്ത്യൻ കരസേനയ്ക്കു 155 എംഎം ന്റെ 410 പീരങ്കികൾ വാങ്ങുന്നതിന് 1437 കോടി രൂപയുടെ കരാർ ഒപ്പുവച്ചതിൽ 64 കോടി രൂപ കോഴ നൽകി എന്നായിരുന്നു കേസ്.

1999ൽ സിബിഐ ഫയൽചെയ്ത കേസിൽ ആയുധ ഇടപാടുകാരൻ വിൻ ഛദ്ദ, ഒട്ടാവിയോ ക്വത്തറോക്കി, പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്നഗർ, മാർട്ടിൻ അർബഡോ, ബോഫോഴ്സ് കമ്പനി, ഹിന്ദൂജാ സഹോദരന്മാർ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ് ചന്ദ് എന്നിവരെ പ്രതിചേർത്തിരുന്നു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഗൂഢാലോചനയിൽ പങ്കാളിയാണ് എന്നായിരുന്നു ആരോപണം.

രാജീവിനെ കുറ്റവിമുക്തനാക്കി; സിബിഐക്കു വിമർശനവും

2004 ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതിയുടെ വിധിയിൽ രാജീവ് ഗാന്ധിയെ കേസിൽനിന്നു പൂർണമായും ഒഴിവാക്കി. 2005 മേയിൽ വന്ന രണ്ടാമത്തെ വിധിയിൽ ഹിന്ദൂജാ സഹോദരന്മാർ അടക്കം മറ്റുള്ളവർക്കെതിരായ ആരോപണങ്ങളും തള്ളി. സർക്കാർ ഖജനാവിന് 250 കോടി രൂപ നഷ്ടം വരുത്തിയ സിബിഐ അന്വേഷണത്തെ കോടതി വിമർശിക്കുകയും ചെയ്തു. ഒട്ടാവിയോ ക്വത്തറോക്കി 1993ൽ ഇന്ത്യ വിട്ടുപോവുകയും 2013ൽ മരിക്കുകയും ചെയ്തു. കേസിലെ പ്രതികളായിരുന്ന ഭട്നഗർ, വിൻ ഛദ്ദ, മാർട്ടിൻ അർബഡോ എന്നിവരും മരിച്ചു.

related stories