Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോംഗാർഡ് മാധവേട്ടൻ പറയുന്നു... അവരെന്നെ അസഭ്യം പറഞ്ഞു, പണി മതിയാക്കുകയാണ്

Home Guard Madhavan ഹോംഗാർഡ് ടി.വി.മാധവൻ

കണ്ണൂർ∙ കണ്ണൂർ ജില്ലാ ആസ്ഥാനത്തിന്റെ അടയാളമായിരുന്ന ഹോംഗാർഡ് മാധവേട്ടൻ പണി മതിയാക്കുന്നു. ഒറ്റ പോയിന്റിൽ മൂന്നു പൊലീസുകാർ ഒരുമിച്ചു തീർത്താലും തീരാത്ത ട്രാഫിക് ബ്ലോക്ക് മിനിറ്റുകൾക്കുള്ളിൽ അഴിച്ചെടുക്കുന്ന മാധവേട്ടൻ. നഗരത്തിലെ ട്രാഫിക് സിഗ്നലുകളെല്ലാം പണി മുടക്കിയപ്പോഴും ഒരു ദിവസം പോലും ലീവ് എടുക്കാത്ത ട്രാഫിക് ഹോംഗാർഡ് മാധവേട്ടൻ. പരസ്യമായ അപമാനത്തിൽ മനംനൊന്ത് പണി മതിയാക്കുന്നുവെന്ന വാർത്ത ഞെട്ടലോടെയാണു കണ്ണൂർ ജില്ല കേട്ടത്. ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കൾ പരസ്യമായി അപമാനിച്ചതാണു മാധവേട്ടനെ വേദനിപ്പിച്ചത്. മാധവേട്ടന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കണ്ണൂർ ജില്ല ഒപ്പം നിൽക്കുമ്പോൾ തീരുമാനത്തെ കുറിച്ചു മാധവേട്ടൻ തന്നെ പറയുന്നു

ഹോംഗാർഡ് ടി.വി.മാധവൻ

‘‘ഒരാഴ്ച മുൻപ് മേലേ ചൊവ്വയിലാണു സംഭവം. ട്രാഫിക് കുരുക്കു മുറുകി വരുന്നു. ട്രാഫിക് നിയന്ത്രിച്ചു കൊണ്ടിരിക്കെ ഒരു കാർ തെറ്റായ ദിശയിലൂടെ ചീറിപ്പാഞ്ഞെത്തി. മറ്റു വാഹനങ്ങൾക്കു പോകാൻ ഒരു ഭാഗത്ത വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയായിരുന്നു അപ്പോൾ. പോകാനാകില്ലെന്നു പറഞ്ഞു കാർ തടഞ്ഞിട്ടു, അതോടെ കാറിലുണ്ടായിരുന്നവർ എന്നോടു ചൂടായി. ഞങ്ങൾ ആരാണെന്ന് അറിയുമോടാ, പൊലീസിന്റെ ആളുകളാ, കാണിച്ചു തരാം എന്നായിരുന്നു വെല്ലുവിളി. നാട്ടുകാരും യാത്രക്കാരും നോക്കി നിൽക്കെ അവരെന്നെ അസഭ്യവും വിളിച്ചു. നോക്കി നിൽക്കെ തന്നെ കാർ പാഞ്ഞു പോയി. ഇക്കാര്യം ചൂണ്ടിക്കാട്ടി പേര് ഉന്നയിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനു പരാതി നൽകിയെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. പിന്നെ എന്നെ അവിടെ ഡ്യൂട്ടിക്കും ഇട്ടിട്ടില്ല. കരാർ അടിസ്ഥാനത്തിലാണു ജോലി ചെയ്യുന്നത്. ഇനി പുതുക്കുന്നില്ല, മതിയായി. കരസേനയിൽ നിന്ന് ഓണററി ക്യാപ്റ്റൻ പദവിയിൽ നിന്നു വിരമിച്ച ആളാണു ഞാൻ. ജോലി എന്നതിനേക്കാൾ ഉപരി, ഒരു സേവനം എന്ന രീതിയിലാണ് ഗതാഗതം നിയന്ത്രിക്കുന്നതിനെ കണ്ടിരുന്നത്. കണ്ണൂർ ജില്ലാ ആസ്ഥാനത്തു സ്കൂൾ, ഓഫിസ് സമയങ്ങളിലുണ്ടാകുന്ന കുരുക്ക് അതിരൂക്ഷമാണ്. അതൊഴിവാക്കാൻ എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ ശ്രമിക്കുന്നു എന്നേയുള്ളൂ. ’’

ആരാണു ടി.വി.മാധവൻ എന്ന മാധവേട്ടൻ?

നഗരത്തിൽ ഏറ്റവും വലിയ വാഹന കുരുക്കുണ്ടാകുന്ന ഇടമാണു മേലെ ചൊവ്വ ജംങ്ഷൻ. ഇവിടെ മാധവനാണു ഡ്യൂട്ടിയിലെന്നറിഞ്ഞാൽ മിക്ക ഡ്രൈവർമാരും പറയും: നോ–പ്രോബ്ലം. അത്രയ്ക്കു വിശ്വാസമാണു മാധവേട്ടനെ. ഒരു മിനിട്ടു പോലും വിശ്രമമില്ലാതെ, പൊരിവെയിലത്തും മഴയത്തും തലങ്ങും വിലങ്ങും നടന്നു വാഹനങ്ങൾ നിയന്ത്രിക്കാനും കടത്തിവിടാനും മാധവൻ കാണിക്കുന്ന ആത്മാർഥത പ്രശസ്തമാണ്. എട്ടു വർഷം മുൻപാണു ഹോം ഗാർഡായി ജോലിയിൽ പ്രവേശിച്ചത്. കണ്ണൂർ നഗരത്തിന്റെ പ്രധാന ജംങ്ഷനുകളിലെല്ലാം ജോലി ചെയ്തിട്ടുണ്ട്. പ്രധാനമായും മാധവനെ മേലെ ചൊവ്വയിലാണു നിയോഗിക്കാറ്. കരസേനയിൽ 28 വർഷം സേവനമനുഷ്ഠിച്ചു. തളിപ്പറമ്പ് മുയ്യത്താണു താമസം.