Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനരക്ഷാ യാത്രയുടെ മറവില്‍ അക്രമം, സോളറിൽ വെപ്രാളപ്പെടേണ്ട: പിണറായി

Pinarayi Vijayan തെക്കൻ മേഖല ജനജാഗ്രതാ യാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം\ കാസർകോട് ∙ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക, വർഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുമായി ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്രകൾക്കു തുടക്കമായി. തിരുവനന്തപുരത്തുനിന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന തെക്കൻമേഖലാ ജാഥ മുഖ്യമന്ത്രി പിണറായി വിജയനും മഞ്ചേശ്വരത്തുനിന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാ ജാഥ സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയും ഉദ്ഘാടനം ചെയ്തു.

ജനരക്ഷാ യാത്രയുടെ മറവില്‍ ബിജെപി രാജ്യമെമ്പാടും സിപിഎമ്മിനെതിരെ അക്രമം അഴിച്ചുവിട്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കേരളത്തെ കീഴ്പ്പെടുത്തുമെന്ന വാശിയോടെയാണു ബിജെപി ജാഥ നടത്തിയത്. നാടിനെതിരാണു ജാഥയെന്നു ജനം തിരിച്ചറിഞ്ഞു. സോളർ കമ്മിഷൻ റിപ്പോർട്ടിന്മേൽ നിയമപരമായി എന്തെല്ലാം നടപടി സ്വീകരിക്കേണ്ടതുണ്ടോ അതെല്ലാം സർക്കാർ ചെയ്യും. അതിൽ ആരും വെപ്രാളപ്പെട്ടിട്ടു കാര്യമില്ല. മുൻ യുഡിഎഫ് സർക്കാരാണു അന്വേഷണത്തിനായി കമ്മിഷനെ നിയമിച്ചത്. കമ്മിഷൻ ഏറെ സമയമെടുത്തുതന്നെ അതെല്ലാം പൂർത്തിയാക്കി. ഇനി നിയമ നടപടികൾ പൂർത്തിയാക്കേണ്ടതു സർക്കാരിന്റെ ബാധ്യതയാണെന്നും പിണറായി പറഞ്ഞു.

ജനജാഗ്രതാ യാത്രയുടെ വടക്കൻ മേഖലാജാഥ കാസർകോട്ടെ ഉപ്പളയിലാണു തുടങ്ങിയത്. ഡി.രാജയും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള നേതാക്കളുടെയെല്ലാം പ്രസംഗം ഉന്നമിട്ടത് ബിജെപിയുടെ ജനരക്ഷായാത്രയെയാണ്. കേരളത്തെ വർഗീയവൽക്കരിക്കാനും ഇടതുപക്ഷത്തെ തകർക്കാനും ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നു കോടിയേരി പറഞ്ഞു. കണ്ണു ചൂഴ്ന്നെടുക്കാൻ വരുന്നവരെ പല്ലും നഖവുമുപയോഗിച്ചു നേരിടും. സംസ്ഥാനത്തു അക്രമത്തിനും കലാപത്തിനും വേണ്ടിയുള്ള ആഹ്വാനമാണു ബിജെപി നൽകുന്നത്. ഇടതുപക്ഷ പ്രവർത്തകർ ഇതിനു വഴിപ്പെടരുത്. സമാധാനമാണ് എൽഡിഎഫ് ശൈലി.

ആശയപരമായും വികസന കാര്യത്തിലുമായിരിക്കും എൽഡിഎഫിന്റെ മൽസരം. പരസ്യമായ വാദപ്രതിവാദത്തിനു ബിജെപിയെ വെല്ലുവിളിക്കുന്നു. ലക്ഷ്യം തന്നെ പരാജയപ്പെട്ട യാത്രയായിരുന്നു ബിജെപിയുടേത്. വേങ്ങര തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫിനുള്ളിലാണു പടയൊരുക്കം നടക്കുന്നത്. ഇതാണു രമേശ് ചെന്നിത്തല യാത്രയ്ക്കു നൽകിയ പേരിന്റെ അർഥം. സോളര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ സൂര്യാഘാതം ഏറ്റ അവസ്ഥയിലാണെന്നും കോടിയേരി പറഞ്ഞു.

കേരളം ഇങ്ങനെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ എൽഡിഎഫിനെതിരെയല്ല, സംഘപരിവാർ ശക്തികൾക്കെതിരെയാണു കോൺഗ്രസ് രാഷ്ട്രീയയാത്ര നടത്തേണ്ടതെന്നു ഡി.രാജ പറഞ്ഞു. എ.കെ.ആന്റണിയെ പോലെ യുക്തിയുള്ള നേതാക്കൾക്ക് അതു മനസ്സിലാവും. ബിജെപി കേരളത്തിലേക്കു കണ്ണുംനട്ടിരിക്കുകയാണ്. അവരുടെ ശ്രമങ്ങളും നീക്കങ്ങളും തെറ്റായ സ്ഥലത്തായിപ്പോയി. സംഘപരിവാറുകളുടെ ലക്ഷ്യങ്ങൾ കേരളം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജാഥയുടെ സ്വാഗതസംഘം ചെയർമാൻ ബി.വി.രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പി.കരുണാകരൻ എംപി, എംഎൽഎമാരായ എ.കെ.ശശീന്ദ്രൻ, കോവൂർ കുഞ്ഞുമോൻ, എൽഡിഎഫ് നേതാക്കളായ പ്രഫ.എ.വി.അബ്ദുൽ വഹാബ്, എം.കെ.കണ്ണൻ, എം.വി.ഗോവിന്ദൻ, എം.വി.ബാലകൃഷ്ണൻ, കെ.പി.സതീഷ് ചന്ദ്രൻ, വി.പി.പി.മുസ്തഫ, ജാഥാ അംഗങ്ങളായ സത്യൻ മൊകേരി, പി.എം.ജോയ്, പി.കെ.രാജൻ, ഇ.പി.ആർ.വേശാല, സ്കറിയ തോമസ് എന്നിവർ പ്രസംഗിച്ചു.

കാസർകോട്ടെ പര്യടനം പൂർത്തിയാക്കി ശനിയാഴ്ച വൈകിട്ട് ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. 23, 24 തീയതികളിൽ കണ്ണൂർ, 24,25 തീയതികളിൽ വയനാട്, 25,26 തീയതികളിൽ കോഴിക്കോട്, 27,28,29 തീയതികളിൽ മലപ്പുറം, 30,31, നവംബർ ഒന്ന് തീയതികളിൽ പാലക്കാട്, രണ്ട്, മൂന്ന് തീയതികളിൽ തൃശൂർ എന്നിങ്ങനെയാണു പര്യടനം. മൂന്നിന് വൈകിട്ടു തൃശൂരിലാണു വടക്കൻ മേഖലാ ജാഥയുടെ സമാപനം.

കാനം നയിക്കുന്ന ജാഥയിൽ എ.വിജയരാഘവൻ (സിപിഎം), ജോർജ് തോമസ് (ജനതാദൾ–എസ്), ഉഴമലയ്ക്കൽ വേണുഗോപാലൻ (കോൺഗ്രസ്–എസ്), ബാബു കാർത്തികേയൻ (എൻസിപി), പി.എം.മാത്യു (കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം) എന്നിവർ അംഗങ്ങളാണ്. ജാഥ എറണാകുളത്തു സമാപിക്കും.