Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ റിപ്പോർട്ട് ലഭ്യമാക്കാൻ ചെലവ് 26 ലക്ഷം; സർക്കാർ നടപടി തിരിച്ചടി മുന്നിൽക്കണ്ട്

Oommen Chandy

തിരുവനന്തപുരം∙ സോളർ റിപ്പോർട്ടിന്റെ പകർപ്പ് സർക്കാരിനു പണം നൽകി വാങ്ങിക്കോളാമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി; വേണ്ടാ, ലക്ഷങ്ങൾ ചെലവഴിച്ച് അങ്ങോട്ടു തരാമെന്നു സർക്കാർ: റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കാൻ മാത്രമായി ഒരു ദിവസം നിയമസഭ സമ്മേളിക്കുന്നതിനെ ഇങ്ങനെയും വിലയിരുത്താം. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും സർക്കാർ നിലപാട് അനുകൂലമായിരുന്നില്ല.

തുടർന്ന് ഉമ്മൻചാണ്ടി വിവരാവകാശ പ്രകാരം അപേക്ഷ നൽകി. റിപ്പോർട്ടിന് 1073 പേജുണ്ട്. വിവരാവകാശപ്രകാരം ഇതു കിട്ടാൻ ഒരു പേജിനു രണ്ടു രൂപ നിരക്കിൽ 2146 രൂപ സർക്കാരിനു നൽകണം. തനിക്കെതിരെ കേസ് എടുത്തതിനാൽ റിപ്പോർട്ടിന്റെ പകർപ്പു ലഭിക്കാൻ അവകാശമുണ്ടെന്ന അദ്ദേഹത്തിന്റെ വാദത്തിന് അനുകൂലവിധി വിവരാവകാശ കമ്മിഷനിൽനിന്ന് ഉണ്ടാകാനുമിടയുണ്ട്.

ഇതു കണ്ടാണു സോളർ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി നവംബർ ഒൻപതിന് ഒരു മണിക്കൂർ സഭ ചേരും. റിപ്പോർട്ടും നടപടിരേഖയും സഭയുടെ മേശപ്പുറത്തു വയ്ക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മാത്രമേയുള്ളൂ. വേണമെങ്കിൽ മുഖ്യമന്ത്രിക്കു മാത്രം പ്രസംഗിക്കുകയും ചെയ്യാം.

ഒരു ദിവസം സഭ ചേരുന്നതിന് 26 ലക്ഷം രൂപ ചെലവാകുമെന്നാണു കണക്ക്. മന്ത്രിമാർക്കു സിറ്റിങ് ഫീസും യാത്രാബത്തയും ഇല്ല. ബാക്കി 121 എംഎൽഎമാർക്ക് 750 രൂപ വീതം സിറ്റിങ് ഫീസ്. ഇതിന് 90,750 രൂപ. ഇവർക്കു കിലോമീറ്ററിന് ആറു രൂപ നിരക്കിൽ യാത്രാബത്തയ്ക്ക് രണ്ടു ലക്ഷത്തിലേറെ രൂപ. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ജീവനക്കാർക്ക് ഓവർടൈം ശമ്പളം നൽകണം. ഒപ്പം, ഡ്യൂട്ടി ഡോക്ടർ, ഫാർമസിസ്റ്റ് ഉൾപ്പെടെ നിയസഭയിലെ എല്ലാ ജീവനക്കാർക്കും ഓവർടൈം ശമ്പളമുണ്ട്.

കമ്മിഷൻ റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കാൻ പ്രത്യേക സഭ ചേരുന്നത് ഇതാദ്യമാണ്. റിപ്പോർട്ട് പുറത്തുവിടുന്നതിനു മുൻപു സഭയിൽ അവതരിപ്പിക്കണമെന്നു നിയമമില്ല. സഭയിൽ വയ്ക്കുമ്പോൾ അതിന്മേൽ സ്വീകരിച്ച നടപടിയാണു പ്രധാനം. സോളറിന്റെ കാര്യത്തിൽ നടപടികൾ മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു. ശേഷിക്കുന്നതു സഭയിൽ വയ്ക്കുന്ന ചടങ്ങു മാത്രം.

related stories