Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഘാനയെ തോൽപ്പിച്ച് മാലി സെമിയിൽ; ജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്

Ghana Mali Match മാലി–ഘാന മത്സരത്തിൽ നിന്ന്

ഗുവാഹത്തി∙ അണ്ടര്‍ 17 ലോകകപ്പിൽ ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപിച്ച് മാലി സെമിയിൽ. ഹജി ഡ്രെയിം(15), ജെമോസ ട്രവോർ(61) എന്നിവരുടെ ഗോളുകളാണ് മാലിയെ വിജയത്തിലെത്തിച്ചത്. ഘാനയ്ക്കായി പെനൽറ്റിയിലൂടെ കുട്സ് മുഹമ്മദ് ആശ്വാസ ഗോൾ നേടി. സ്പെയിൻ, ഇറാൻ ടീമുകളിൽ ആരെങ്കിലുമാകും സെമി ഫൈനലിൽ മാലിയുടെ എതിരാളികള്‍.

ആഫ്രിക്കൻ ടീമുകളുടെ പതിവു രീതിയായ ആക്രമണ ഫുട്ബോളാണ് ഇരുടീമുകളും തുടക്കം മുതൽ പുറത്തെടുത്തത്. ഘാനയെക്കാൾ മാലിയാണ് ആദ്യ മിനിറ്റു മുതൽ മുന്നിട്ടു നിന്നതും. ഘാനയുടെ പ്രതിരോധ നിരയെ കബളിപ്പിച്ചു നടത്തിയ മിന്നലാക്രമണത്തിലാണ് മാലി ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ 15–ാം മിനിറ്റിൽ ഹജി ഡ്രെയിം മാലിക്കു വേണ്ടി ആദ്യ ലീഡെടുത്തു. മാലിയുടെ ഫൗളുകളിൽ തുടർച്ചയായി ഘാനയ്ക്ക് ഫ്രീകിക്കുകള്‍ ലഭിച്ചിരുന്നു. എന്നാൽ അതു ഫലപ്രദമായി മുതലാക്കാൻ അവർക്കു സാധിച്ചില്ല. 41–ാം മിനിറ്റിൽ മനോഹരമായ ക്രോസിലൂടെ ഘാന ഗോൾവല കുലുക്കിയെങ്കിലും മാലി താരത്തെ തള്ളിയിട്ടതിന് ഘാനയുടെ ഇബ്രാഹിം സല്ലിക്കെതിരെ റഫറി ഫൗൾ വിധിച്ചു. ആദ്യ പകുതിയിൽ മാലി ഒരു ഗോളിനു മുന്നില്‍.

Mali Ghana Match പന്തിനു വേണ്ടിയുള്ള മാലി–ഘാന ടീമുകളുടെ പോരാട്ടം

രണ്ടാം പകുതിയിൽ മാലി വീണ്ടും ലീഡുയർത്തി. 61–ാം മിനിറ്റിൽ ജെമോസ ട്രവോറിന്റെ വലംകാൽ ഷോട്ടാണ് രണ്ടാം ഗോൾ മാലിക്കു സമ്മാനിച്ചത്. മാലി ഗോൾ‌ പോസ്റ്റിനു മുന്നിൽ പന്തെത്തി നിൽക്കെ ഫോഡ് കൊനാറ്റെയുടെ ഫൗളാണ് ഘാനയുടെ ആദ്യ ഗോളിന് വഴിമരുന്നിട്ടത്. കിക്കെടുത്ത കുട്സ് മുഹമ്മദ് പന്ത് ഭംഗിയായി മാലി വലയിലെത്തിച്ചു.

മഴ നിറഞ്ഞ മത്സരത്തിൽ ചെളിക്കുളമായ അവസ്ഥയിലായിരുന്നു കളി അവസാനിക്കുമ്പോൾ ഗുവാഹത്തി സ്റ്റേഡിയം.

ഈ വർഷം മേയിൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റിൽ ഇരു ടീമുകളും നേർക്കു നേർ വന്നിരുന്നു. അന്നും ഘാനയെ ഒരു ഗോളിന് തോൽപ്പിച്ച് മാലിക്കായിരുന്നു ജയം. അന്നത്തെ തോൽവിക്കു പകരം വീട്ടാനുള്ള സുവർണാവസരം കൂടിയാണ് ഘാന ഇന്നു പാഴാക്കിയത്.